Thursday, July 31, 2008

ഈ സൗദി മലയാളിയുടെ ഒരു കാര്യം...!!!

ഈ മലയാളിയുടെ ഒരു കാര്യം. പ്രത്യേകിച്ച് സൗദി മലയാളിയുടെ. ഇവടെ എത്തി കുറച്ചങ്ങോട്ട് കഴിഞ്ഞാല്‍ പിന്നെ ഭാഷ കൊണ്ടു "മലയറബി" ആകും സത്യമായിട്ടും .....

ഈ തമിഴരെ കണ്ടിട്ടില്ലേ !!!
"നീ ടിഫിന്‍ സാപ്പിട്ടാച്ചോ ?
"നീങ്ക സൊന്നതു രയ്ട്ട് സര്‍ !! ബട്ട് കൊഞ്ചം ഡിഫികല്റ്റ് !!
മുക്കിനും മൂലക്കും ആങ്കലെയം കയറ്റും ആ തമ്പി മാര്.
ഈ കണക്കിനാണ് നമ്മള്‍ സൗദി മലയാളികളും .... "മലയറബി" ആവുന്നത് .
"ഡേ ... തല്ലാജ കാലി ആണ ല്ല് പോയി ചിക്കന്‍ വാങ്ങി വാടേ....!!
ഒരു കൊല്ലം കാരന്‍........
( തല്ലാജ എന്നാല്‍ ഫ്രിഡ്ജ്‌ )
"ഓന്‍ തോറക്കട്ടെ ഇപ്പ സല കയിഞ്ഞല്ലേ ഇള്ളൂ .... ഇന്ക് മക്സലേല്‍ പോവാണ്ട് ...അപ്പം മാങ്ങാം" .....
ദാണ്ടെ ...മലപ്പുറം കാരന്‍......
(ലോണ്ട്രി ആണ് മക്സല )
അങ്ങനെ..അങ്ങനെ ...എന്തരു ..തിരോന്ദ്രവും ... കൊല്ലം ഫാഷ ക്കാരും , നമ്മ കൊച്ചിയും പിന്നെ ഓന്റെ കൊയിക്കൊടും ..ഞാളെ ബടെര ... വടകരയും ഒക്കെ ചേര്‍ന്ന് "ജില്ല ഭേതമില്ലാതെ സോദരത്തോടെ" ഇവിടെ വാഴുന്നതിനിടക്ക് പുട്ടിനു തേങ്ങ ഇടുംപോലെ അറബി അറിയാതെ കേറി പോവുന്നതിനു അവരെ കുറ്റം പറയരുത് മാഷേ ... കാരണം ചുറ്റിനും കടല് പോലെ അറബി മാത്രമാണ് .
ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയുന്നവന്‍ ആറുമാസം സൗദി കഫീലിന്റെ കൂടെ പണിയെടുത്തു കഴിഞ്ഞാല്‍ പിന്നെ.....
ദാറ്റ് നോ ഗുഡ് ...
ഐ നോ ഫുലൂസ് ....
സൊ ഐ ഫുഡ് മുഷ്കില്‍
...
എന്നൊക്കെ കഫീലെട്ടനോട് കീര്‍ത്തനം അറിയാതെ കരഞ്ഞു ചൊല്ലി പഠിച്ചു പോയാല്‍ പിന്നെ നാട്ടില്‍ ചെന്നാലും നമ്മുടെ ബാലഷ്ണന്‍ വൈദ്യര് ഭാഷ ഒന്നു പരിഷ്കരിച്ചു കാലിനു മുറിവ് പറ്റി വന്നവനോട്‌ "ഡീപ് റൂം ആണോ ?#&% ???" എന്ന് ചോദിച്ചത് പോലെ പറഞ്ഞു പോവും. കുറ്റം പറയരുത് സഹോദരാ .....
ഈയുള്ളവന്‍ തന്നെ നാട്ടില്‍ പോയപ്പോള്‍ ഇച്ചിരി പച്ചമുളകും തക്കാളിയും വാങ്ങിയിട്ട് ...
"ലേശം വല്ല്യ കീസ് താ മോനേ സുകു ഇതു വണ്ടിയില്‍ തൂക്കി ഇടണ്ടേ ?" എന്ന് ചോദിച്ചപ്പോള്‍ !!!
"മോനേ... ങ്ങളെ... അറബി അബടെ കാച്ചിയാ.. മതി ... ഒരുത്തന്‍ (മ്മടെ കോവാലന്‍ ബൈജു - റിയാദിലെ സുല്‍ത്താന്‍ !!) ഇപ്പം കൂസ് ചോദിച്ചതെ ഉള്ളു !!!!! കവറ് വേണേ വലുത് തരാം "....
അല്ല കീസിനു പണ്ടു ഞാന്‍ "കീസ്" എന്ന് തന്നെയല്ലേ പറഞ്ഞിരുന്നത് ??!! അതോ കവറ് ആയിരുന്നോ ? എത്ര ആലോചിച്ചിട്ടും സങ്കതി അങ്ങോട്ട് ദഹിക്കുന്നില്ല ....
എന്റെ പൊന്നു സുകുവേ ... നിന്റെ ഈ കൂസ് പ്രയോഗം ഇച്ചിരി കടന്നു പോയി . നിന്‍റെ വണ്ടിയില്‍ നിന്നു വീണു പൊട്ടിയ പല്ലിന്റെ (അങ്ങനെ ആണ് പുള്ളി പറയുന്നതു. കാംബറത്തു കാവിലെ തറ സമയത്തു നടന്ന ഒരു അനിഷ്ടസംഭവത്തിന്റെ ബാക്കി ശേഷിപ്പ് എന്നും സംസാരം ഉണ്ട്) ബാക്കി കൂടി എടുത്തേനെ അങ്ങ് സൌദിയില്‍ വല്ല കാട്ടറബി യോട് ആണ് മൊഴിഞ്ഞതെങ്കില്‍.....

കഴിഞ്ഞ വര്‍ഷം എന്‍റെ ഭാര്യയുടെ നാട്ടുകാരനും സര്‍വോപരി അവളെ പഠിപ്പിച്ച ഒരു മാഷുടെ മകനുമായ (അങ്ങനെ ഒരു തെറ്റ് മാത്രമെ ആ അധ്യാപകന്‍ ചെയ്തിട്ടുള്ളൂ ) ഒരു കക്ഷി ദീര്‍ഘകാലത്തെ ബഹറിന്‍ ജീവിതത്തിനു ശേഷം സൌദിയില്‍ ജോലി കിട്ടി വന്നു. "ഈശ്വരാ .. ഇവനിത് എന്ത് പറ്റി .. നല്ല പയ്യനായിരുന്നല്ലോ ?" എന്നൊക്കെ ഞാനും ഓര്ത്തു പോയി ഭാര്യാസമേതം, കക്ഷിയെ വീട്ടിലേക്ക് വിളിക്കാന്‍ വേണ്ടി പുറപ്പെട്ടപ്പോള്‍. മാസം നല്ലൊരു തുക അധികം തടയും കീശയില്‍ എന്ന് പുള്ളി പറഞ്ഞപ്പോള്‍ ഞാനും ആ സഹാസത്തെ ശരിവച്ചു. എങ്കിലും മകനെ . മതിലുകളില്ലാത്ത ബഹറുകളുടെ നാട്ടില്‍നിന്നു വരുമ്പോള്‍ ...ബന്ധനം ...ബന്ധനം .... തന്നെ..... എന്നൊന്ന് ഓര്‍ത്തു പോയി ഞാന്‍. പണ്ടു നമ്മുടെ "ഹുണ്ടി " (എന്‍റെ രണ്ടാം സൃഷ്ടി വായിക്കുക ) പേടിപ്പിച്ച പോലെ അല്ലെങ്കിലും മൊത്തം കാലാവസ്ഥ ഒരല്പം ലൈറ്റ് ആയി ധരിപ്പിച്ചു ഞാന്‍ .
അപ്പോഴേ ഇഞ്ചി കടിച്ച മറ്റവന്റെ ഒരു ഭാവം ആ മുഖത്ത് കണ്ടോ ? അതോ കിട്ടുന്ന കാശിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പിന്നെ മറ്റൊന്നും ..... ആ പോട്ടെ ......
അതെന്തായാലും ആശാന്‍ ഒരാഴ്ച കഴിഞ്ഞു വെള്ളിയാഴ്ച ഉച്ചക്ക് ഞാന്‍ പറഞ്ഞു കൊടുത്ത കൈരളി ഹോട്ടല്‍ തിരഞ്ഞു ഇറങ്ങി. നല്ല ഭക്ഷണം അളവ് പരിമിതികള്‍ ഒന്നുമില്ലാതെ ആസ്വദിച്ചു കഴിക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം തന്നെ എന്ന് പുള്ളി വ്യക്തമാക്കിയപ്പോളാണ് തമ്മില്‍ ഭേതം തൊമ്മന്‍ കൈരളി ഞാന്‍ സൂചിപ്പിച്ചത് .
ആശാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ തന്നെ അധികം ആളെയും തുറന്ന കടകളും ഒന്നും കണ്ടില്ല ... ഓ വെള്ളിയല്ലേ ...എന്ന് സമാധാനിച്ചു .... കുറെ അലഞ്ഞിട്ടും "കൈരളി " കാണാതെ വന്നപ്പോള്‍ ...അതാ ഒരു മലയാളി വരുന്നു ...കാര്യം പറഞ്ഞു..
അങ്ങേരു തിരിഞ്ഞു നിന്നു കൈ ചൂണ്ടി....
"ദാ... സീധാ ... പോവ‌ാ.... ആദ്യം കാണുന്ന "കബിനയുടെ" അടുത്ത് നിന്നു യെമിന്‍ ...അപ്പോള്‍ ഒരു ഇഷാര കാണാം .. അബുടുന്നു വലത്തോട്ട് പോയാല്‍ ഒരു മലയാളി ബാക്കാല ഉണ്ട് ...അതിനോട് ചേര്‍ന്ന് ഒരു മക്സലയും . മക്സല കഴിഞ്ഞു ആദ്യത്തെ ഗല്ലി വഴി ഇടത്തോട്ടു ചെന്നാ ഒരു ഇഷാര കൂടി കാണും . ഇഷാര യില്‍ നിന്നു വലത്തോട്ട് തന്നെ പോയാല്‍ ഒരു മക്തബ് അക്കാരി കാണാം ..പിന്നെ ഒന്നും നോക്കണ്ട ... അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും !! എന്താ ഊണ് കഴിക്കാന്‍ പോകാനാണോ?? !!!#%&
അല്ല പൊറാട്ടക്കു മാവു കുഴക്ക്യാന്‍ എന്ന് നമ്മുടെ കൂട്ടുകാരന്‍ പറഞ്ഞില്ല ......വയറ്റില്‍ പന്തം കത്തുംബോഴാണ് .... (ഇതാണ് നമ്മുടെ മലയാളികളുടെ ഒരു ഗുണം . എണ്ണ തേച്ചു കുളിമുറിയിലേക്ക് പോവുമ്പോള്‍ ചോദിക്കും !! "കുളിക്കാന്‍ പോവ്‌ാണോ ?")എന്‍റെ കര്‍ത്താവെ ... ഈ പറഞ്ഞ സ്ഥലങ്ങളും ലാന്‍ഡ്‌ മാര്‍ക്കും എല്ലാം ഏതാണ്‌? അല്ലെങ്കില്‍ ഏത് ഭാഷ ? അതറിഞ്ഞിട്ടു വേണമല്ലോ രൈട്ട് ലെഫ്റ്റ് എല്ലാം തിരിയാന്‍ . എന്തായാലും കൂടുതല്‍ ചോദിച്ചു നമ്മുടെ "മലയ അറബിയെ " കൂട്ടുകാരന്‍ വിഷമിപ്പിച്ചില്ല . എങ്ങനെയോ കറങ്ങി തിരിഞ്ഞു കണ്ടു പഠിച്ചു ?

ഊണ് കഴിച്ചു ആശാന്‍ എന്നെ വിളിച്ചു മെമ്മറി യില്‍ ഫീഡ് ചെയ്തു വച്ച ചില മലയ അറബി സൂക്തങ്ങളെ കുറിച്ചറിയാന്‍ !!!!
******
അനിയാ .... നീ ഇതു കേള് .....
കബിന = ടെലിഫോണ്‍ ക്യാബിന്‍ .
യെമിന്‍ = വലത്തോട്ട് തിരിയു ....
ഇഷാര = ട്രാഫിക് സിഗ്നല്‍ ....
ബക്കാല = കോള്‍ഡ് സ്റ്റോര്‍ ....
മക്സല = ലോണ്ട്രി
മക്തബ് അക്കാരി = റിയല്‍ എസ്റ്റേറ്റ്‌ ഓഫീസ്
ഇനി കേള്‍ക്കുന്നത് അപ്പപ്പോള്‍ കൊറിച്ചു വെയ്!!! എന്നിട്ട് എന്നെ വിളി .....

**********
ഈയുള്ളവന്‍ അവിടെ നിന്നു പോന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു ബഹറിനില്‍ വന്നു എന്റെ സൗദി നിര്‍മിത ഇംഗ്ലീഷ് കാച്ചി മറ്റുള്ളവരെ അമ്പരപ്പിച്ചു കൊണ്ടും അവരുടെ സഹതാപം ഏറ്റു വാങ്ങിയും കഴിയ്മ്പോള്‍ കഴിഞ്ഞ ദിവസം സൌദിയില്‍ നിന്നു ഒരു ഫോണ്‍ ... നോക്കിയപ്പോള്‍ നമ്മുടെ ഭാര്യയുടെ നാട്ടുകാരന്‍ തന്നെ....
ഹല്ലോ ...... (ഞാന്‍ )
അസ്സലാം അലൈക്കും ......#$&* (ലവന്‍ മലയ അറബി ആയി )
അലൈക്കും ...!!?? അസ്സലാം ....?
ഇതെവിടുന്നാ ...വിളിക്കുന്നെ ... (ഞാന്‍ )
അടുത്തുള്ള ഒരു കബിന യില്‍ നിന്നാണ് .......$#%&**%
മതി അനിയാ .... സ്രാഷ്ടാങ്കം പ്രണമിചിരിക്കുന്നു........ സപോകന്‍ ഇംഗ്ലീഷ് ന്‍റെ ബുക്ക് ഇവിടെ എവിടെ കിട്ടും അനിയാ .... (ഞാന്‍ )
അവന്റെ ചിരി ഫോണിനു അപ്പുറം ഈ ബഹറിന്‍ മുഴുവന്‍ കേട്ടോ ??

7 comments:

കുഞ്ഞന്‍ said...

അക്കേട്ടാ..

ആദ്യം ഒരു സലാം..! ഇനി സലാം അറബി വാക്കാണെങ്കിലും എന്റെ നാട്ടിലെ സലാം ആണട്ടൊ ഇത്.

ഇത്രയും നാളായിട്ട് എനിക്ക് രണ്ടൊ മൂന്നൊ അറബി വാക്ക് മാത്രമെ പഠിക്കാന്‍ പറ്റിയൊള്ളു..പക്ഷെ കഴിഞ്ഞ ഒരു അഞ്ചു മിനിറ്റുകൊണ്ട് പത്ത് പന്ത്രണ്ട് അറബി വാക്കുകള്‍ പഠിക്കാന്‍ പറ്റി..!

ബൂലോകത്തേക്കു സ്വാഗതം കൂട്ടൂകാരാ

അപ്പോള്‍ മാസലാം..!

രസികന്‍ said...

നാട്ടിൽ പോയാൽ എത്ര റിയാലായി എന്നു ചോദിക്കുന്നതു പതിവാണ് അതുപോലെ തല്ലാജ് . ഇങ്ങനെ ഒരുപാട് വാക്കുകൾ അറിയാതെ പറഞ്ഞുപോവാറുണ്ട് . ഇവിടെ ആദ്യം വന്നിറങ്ങിയപ്പോൾ എത്ര രൂപയായി എന്നും ചോദിക്കാറുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം ..

അനുഭവങ്ങൾ ഇനിയും പങ്കിടൂ ...

സസ്നേഹം രസികൻ

മച്ചുനന്‍/കണ്ണന്‍ said...

സതീഖ്...
ജീവിതം കുബ്ബൂസ് നക്കിയ ഒരു മലയാളിയാണു ഞാന്‍
താങ്കളെ പോലെ ഗള്‍ഫ് ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ എഴുതാലോ എന്നു കരുതിയ ബ്ലോഗറായത്.പക്ഷേ ഞാനിപ്പം എന്റെ കുട്ടിക്കാലം മുതല്‍ എഴുതാന്‍ തീരുമാനിച്ചിരിക്കുന്നു.നിങ്നള്‍ക്കത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

അക്കേട്ടന്‍ പറഞ്ഞതില്‍ കൂടുതലൊന്നും എനിക്കും അറിയില്ല അറബി.
യമീനും എസാറും തിരിയാതെ സീഥാ പോകൂ..
കാര്യങ്ങള്‍ നന്നായി വരുന്നുണ്ട്.മബ്രൂക്ക്..
ദൂരം ബന്ധങ്ങള്‍ക്കൊരു തടസ്സമാകരുത്..
മാ സലാം..

Unknown said...

Feel good......

ബാജി ഓടംവേലി said...

Thudaruka...
Aasamsakal....
Baji Bahrain
39258308

ഷിജു said...

എന്തായാലും കുറെ അറബിവാക്കുകള്‍ ഞാനും പടിച്ചു, അബദ്ധത്തില്‍ എങ്ങാനും അറബി നാട്ടില്‍ എത്തിയാല്‍ പറഞ്ഞുനില്‍ക്കാമല്ലൊ? “ഗഫൂര്‍ക്കാ ദോസ്ത് ”... അല്ലെ??

പിന്നെ “മുല്ല പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൌരഭ്യം“ അല്ലേ ചേട്ടാ....

അക്കേട്ടന്‍ said...

കുഞ്ഞനും രസികനും മച്ചുനനും ബാജിക്കും സ്നേഹിതനും പിന്നെ വായിച്ച് പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും കമന്റുകള്‍ക്കും നന്ദി കൂട്ടുകാരെ ...