Thursday, July 31, 2008

ഈ സൗദി മലയാളിയുടെ ഒരു കാര്യം...!!!

ഈ മലയാളിയുടെ ഒരു കാര്യം. പ്രത്യേകിച്ച് സൗദി മലയാളിയുടെ. ഇവടെ എത്തി കുറച്ചങ്ങോട്ട് കഴിഞ്ഞാല്‍ പിന്നെ ഭാഷ കൊണ്ടു "മലയറബി" ആകും സത്യമായിട്ടും .....

ഈ തമിഴരെ കണ്ടിട്ടില്ലേ !!!
"നീ ടിഫിന്‍ സാപ്പിട്ടാച്ചോ ?
"നീങ്ക സൊന്നതു രയ്ട്ട് സര്‍ !! ബട്ട് കൊഞ്ചം ഡിഫികല്റ്റ് !!
മുക്കിനും മൂലക്കും ആങ്കലെയം കയറ്റും ആ തമ്പി മാര്.
ഈ കണക്കിനാണ് നമ്മള്‍ സൗദി മലയാളികളും .... "മലയറബി" ആവുന്നത് .
"ഡേ ... തല്ലാജ കാലി ആണ ല്ല് പോയി ചിക്കന്‍ വാങ്ങി വാടേ....!!
ഒരു കൊല്ലം കാരന്‍........
( തല്ലാജ എന്നാല്‍ ഫ്രിഡ്ജ്‌ )
"ഓന്‍ തോറക്കട്ടെ ഇപ്പ സല കയിഞ്ഞല്ലേ ഇള്ളൂ .... ഇന്ക് മക്സലേല്‍ പോവാണ്ട് ...അപ്പം മാങ്ങാം" .....
ദാണ്ടെ ...മലപ്പുറം കാരന്‍......
(ലോണ്ട്രി ആണ് മക്സല )
അങ്ങനെ..അങ്ങനെ ...എന്തരു ..തിരോന്ദ്രവും ... കൊല്ലം ഫാഷ ക്കാരും , നമ്മ കൊച്ചിയും പിന്നെ ഓന്റെ കൊയിക്കൊടും ..ഞാളെ ബടെര ... വടകരയും ഒക്കെ ചേര്‍ന്ന് "ജില്ല ഭേതമില്ലാതെ സോദരത്തോടെ" ഇവിടെ വാഴുന്നതിനിടക്ക് പുട്ടിനു തേങ്ങ ഇടുംപോലെ അറബി അറിയാതെ കേറി പോവുന്നതിനു അവരെ കുറ്റം പറയരുത് മാഷേ ... കാരണം ചുറ്റിനും കടല് പോലെ അറബി മാത്രമാണ് .
ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയുന്നവന്‍ ആറുമാസം സൗദി കഫീലിന്റെ കൂടെ പണിയെടുത്തു കഴിഞ്ഞാല്‍ പിന്നെ.....
ദാറ്റ് നോ ഗുഡ് ...
ഐ നോ ഫുലൂസ് ....
സൊ ഐ ഫുഡ് മുഷ്കില്‍
...
എന്നൊക്കെ കഫീലെട്ടനോട് കീര്‍ത്തനം അറിയാതെ കരഞ്ഞു ചൊല്ലി പഠിച്ചു പോയാല്‍ പിന്നെ നാട്ടില്‍ ചെന്നാലും നമ്മുടെ ബാലഷ്ണന്‍ വൈദ്യര് ഭാഷ ഒന്നു പരിഷ്കരിച്ചു കാലിനു മുറിവ് പറ്റി വന്നവനോട്‌ "ഡീപ് റൂം ആണോ ?#&% ???" എന്ന് ചോദിച്ചത് പോലെ പറഞ്ഞു പോവും. കുറ്റം പറയരുത് സഹോദരാ .....
ഈയുള്ളവന്‍ തന്നെ നാട്ടില്‍ പോയപ്പോള്‍ ഇച്ചിരി പച്ചമുളകും തക്കാളിയും വാങ്ങിയിട്ട് ...
"ലേശം വല്ല്യ കീസ് താ മോനേ സുകു ഇതു വണ്ടിയില്‍ തൂക്കി ഇടണ്ടേ ?" എന്ന് ചോദിച്ചപ്പോള്‍ !!!
"മോനേ... ങ്ങളെ... അറബി അബടെ കാച്ചിയാ.. മതി ... ഒരുത്തന്‍ (മ്മടെ കോവാലന്‍ ബൈജു - റിയാദിലെ സുല്‍ത്താന്‍ !!) ഇപ്പം കൂസ് ചോദിച്ചതെ ഉള്ളു !!!!! കവറ് വേണേ വലുത് തരാം "....
അല്ല കീസിനു പണ്ടു ഞാന്‍ "കീസ്" എന്ന് തന്നെയല്ലേ പറഞ്ഞിരുന്നത് ??!! അതോ കവറ് ആയിരുന്നോ ? എത്ര ആലോചിച്ചിട്ടും സങ്കതി അങ്ങോട്ട് ദഹിക്കുന്നില്ല ....
എന്റെ പൊന്നു സുകുവേ ... നിന്റെ ഈ കൂസ് പ്രയോഗം ഇച്ചിരി കടന്നു പോയി . നിന്‍റെ വണ്ടിയില്‍ നിന്നു വീണു പൊട്ടിയ പല്ലിന്റെ (അങ്ങനെ ആണ് പുള്ളി പറയുന്നതു. കാംബറത്തു കാവിലെ തറ സമയത്തു നടന്ന ഒരു അനിഷ്ടസംഭവത്തിന്റെ ബാക്കി ശേഷിപ്പ് എന്നും സംസാരം ഉണ്ട്) ബാക്കി കൂടി എടുത്തേനെ അങ്ങ് സൌദിയില്‍ വല്ല കാട്ടറബി യോട് ആണ് മൊഴിഞ്ഞതെങ്കില്‍.....

കഴിഞ്ഞ വര്‍ഷം എന്‍റെ ഭാര്യയുടെ നാട്ടുകാരനും സര്‍വോപരി അവളെ പഠിപ്പിച്ച ഒരു മാഷുടെ മകനുമായ (അങ്ങനെ ഒരു തെറ്റ് മാത്രമെ ആ അധ്യാപകന്‍ ചെയ്തിട്ടുള്ളൂ ) ഒരു കക്ഷി ദീര്‍ഘകാലത്തെ ബഹറിന്‍ ജീവിതത്തിനു ശേഷം സൌദിയില്‍ ജോലി കിട്ടി വന്നു. "ഈശ്വരാ .. ഇവനിത് എന്ത് പറ്റി .. നല്ല പയ്യനായിരുന്നല്ലോ ?" എന്നൊക്കെ ഞാനും ഓര്ത്തു പോയി ഭാര്യാസമേതം, കക്ഷിയെ വീട്ടിലേക്ക് വിളിക്കാന്‍ വേണ്ടി പുറപ്പെട്ടപ്പോള്‍. മാസം നല്ലൊരു തുക അധികം തടയും കീശയില്‍ എന്ന് പുള്ളി പറഞ്ഞപ്പോള്‍ ഞാനും ആ സഹാസത്തെ ശരിവച്ചു. എങ്കിലും മകനെ . മതിലുകളില്ലാത്ത ബഹറുകളുടെ നാട്ടില്‍നിന്നു വരുമ്പോള്‍ ...ബന്ധനം ...ബന്ധനം .... തന്നെ..... എന്നൊന്ന് ഓര്‍ത്തു പോയി ഞാന്‍. പണ്ടു നമ്മുടെ "ഹുണ്ടി " (എന്‍റെ രണ്ടാം സൃഷ്ടി വായിക്കുക ) പേടിപ്പിച്ച പോലെ അല്ലെങ്കിലും മൊത്തം കാലാവസ്ഥ ഒരല്പം ലൈറ്റ് ആയി ധരിപ്പിച്ചു ഞാന്‍ .
അപ്പോഴേ ഇഞ്ചി കടിച്ച മറ്റവന്റെ ഒരു ഭാവം ആ മുഖത്ത് കണ്ടോ ? അതോ കിട്ടുന്ന കാശിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പിന്നെ മറ്റൊന്നും ..... ആ പോട്ടെ ......
അതെന്തായാലും ആശാന്‍ ഒരാഴ്ച കഴിഞ്ഞു വെള്ളിയാഴ്ച ഉച്ചക്ക് ഞാന്‍ പറഞ്ഞു കൊടുത്ത കൈരളി ഹോട്ടല്‍ തിരഞ്ഞു ഇറങ്ങി. നല്ല ഭക്ഷണം അളവ് പരിമിതികള്‍ ഒന്നുമില്ലാതെ ആസ്വദിച്ചു കഴിക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം തന്നെ എന്ന് പുള്ളി വ്യക്തമാക്കിയപ്പോളാണ് തമ്മില്‍ ഭേതം തൊമ്മന്‍ കൈരളി ഞാന്‍ സൂചിപ്പിച്ചത് .
ആശാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ തന്നെ അധികം ആളെയും തുറന്ന കടകളും ഒന്നും കണ്ടില്ല ... ഓ വെള്ളിയല്ലേ ...എന്ന് സമാധാനിച്ചു .... കുറെ അലഞ്ഞിട്ടും "കൈരളി " കാണാതെ വന്നപ്പോള്‍ ...അതാ ഒരു മലയാളി വരുന്നു ...കാര്യം പറഞ്ഞു..
അങ്ങേരു തിരിഞ്ഞു നിന്നു കൈ ചൂണ്ടി....
"ദാ... സീധാ ... പോവ‌ാ.... ആദ്യം കാണുന്ന "കബിനയുടെ" അടുത്ത് നിന്നു യെമിന്‍ ...അപ്പോള്‍ ഒരു ഇഷാര കാണാം .. അബുടുന്നു വലത്തോട്ട് പോയാല്‍ ഒരു മലയാളി ബാക്കാല ഉണ്ട് ...അതിനോട് ചേര്‍ന്ന് ഒരു മക്സലയും . മക്സല കഴിഞ്ഞു ആദ്യത്തെ ഗല്ലി വഴി ഇടത്തോട്ടു ചെന്നാ ഒരു ഇഷാര കൂടി കാണും . ഇഷാര യില്‍ നിന്നു വലത്തോട്ട് തന്നെ പോയാല്‍ ഒരു മക്തബ് അക്കാരി കാണാം ..പിന്നെ ഒന്നും നോക്കണ്ട ... അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും !! എന്താ ഊണ് കഴിക്കാന്‍ പോകാനാണോ?? !!!#%&
അല്ല പൊറാട്ടക്കു മാവു കുഴക്ക്യാന്‍ എന്ന് നമ്മുടെ കൂട്ടുകാരന്‍ പറഞ്ഞില്ല ......വയറ്റില്‍ പന്തം കത്തുംബോഴാണ് .... (ഇതാണ് നമ്മുടെ മലയാളികളുടെ ഒരു ഗുണം . എണ്ണ തേച്ചു കുളിമുറിയിലേക്ക് പോവുമ്പോള്‍ ചോദിക്കും !! "കുളിക്കാന്‍ പോവ്‌ാണോ ?")എന്‍റെ കര്‍ത്താവെ ... ഈ പറഞ്ഞ സ്ഥലങ്ങളും ലാന്‍ഡ്‌ മാര്‍ക്കും എല്ലാം ഏതാണ്‌? അല്ലെങ്കില്‍ ഏത് ഭാഷ ? അതറിഞ്ഞിട്ടു വേണമല്ലോ രൈട്ട് ലെഫ്റ്റ് എല്ലാം തിരിയാന്‍ . എന്തായാലും കൂടുതല്‍ ചോദിച്ചു നമ്മുടെ "മലയ അറബിയെ " കൂട്ടുകാരന്‍ വിഷമിപ്പിച്ചില്ല . എങ്ങനെയോ കറങ്ങി തിരിഞ്ഞു കണ്ടു പഠിച്ചു ?

ഊണ് കഴിച്ചു ആശാന്‍ എന്നെ വിളിച്ചു മെമ്മറി യില്‍ ഫീഡ് ചെയ്തു വച്ച ചില മലയ അറബി സൂക്തങ്ങളെ കുറിച്ചറിയാന്‍ !!!!
******
അനിയാ .... നീ ഇതു കേള് .....
കബിന = ടെലിഫോണ്‍ ക്യാബിന്‍ .
യെമിന്‍ = വലത്തോട്ട് തിരിയു ....
ഇഷാര = ട്രാഫിക് സിഗ്നല്‍ ....
ബക്കാല = കോള്‍ഡ് സ്റ്റോര്‍ ....
മക്സല = ലോണ്ട്രി
മക്തബ് അക്കാരി = റിയല്‍ എസ്റ്റേറ്റ്‌ ഓഫീസ്
ഇനി കേള്‍ക്കുന്നത് അപ്പപ്പോള്‍ കൊറിച്ചു വെയ്!!! എന്നിട്ട് എന്നെ വിളി .....

**********
ഈയുള്ളവന്‍ അവിടെ നിന്നു പോന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു ബഹറിനില്‍ വന്നു എന്റെ സൗദി നിര്‍മിത ഇംഗ്ലീഷ് കാച്ചി മറ്റുള്ളവരെ അമ്പരപ്പിച്ചു കൊണ്ടും അവരുടെ സഹതാപം ഏറ്റു വാങ്ങിയും കഴിയ്മ്പോള്‍ കഴിഞ്ഞ ദിവസം സൌദിയില്‍ നിന്നു ഒരു ഫോണ്‍ ... നോക്കിയപ്പോള്‍ നമ്മുടെ ഭാര്യയുടെ നാട്ടുകാരന്‍ തന്നെ....
ഹല്ലോ ...... (ഞാന്‍ )
അസ്സലാം അലൈക്കും ......#$&* (ലവന്‍ മലയ അറബി ആയി )
അലൈക്കും ...!!?? അസ്സലാം ....?
ഇതെവിടുന്നാ ...വിളിക്കുന്നെ ... (ഞാന്‍ )
അടുത്തുള്ള ഒരു കബിന യില്‍ നിന്നാണ് .......$#%&**%
മതി അനിയാ .... സ്രാഷ്ടാങ്കം പ്രണമിചിരിക്കുന്നു........ സപോകന്‍ ഇംഗ്ലീഷ് ന്‍റെ ബുക്ക് ഇവിടെ എവിടെ കിട്ടും അനിയാ .... (ഞാന്‍ )
അവന്റെ ചിരി ഫോണിനു അപ്പുറം ഈ ബഹറിന്‍ മുഴുവന്‍ കേട്ടോ ??

Saturday, July 19, 2008

ഞാന്‍ അറിഞ്ഞ ഗള്‍ഫ് -3

വേലായുധേട്ടന്റെ വണ്ടിയില്‍ കച്ചറ കുറച്ചുണ്ടായിരുന്നെങ്കില്‍ ഇതു പൂര പറമ്പ്. !!!!???? ടിഷ്യു പേപ്പര്‍ ചുരുട്ടി കടലാസ് പന്താക്കി കൂടിയിട്ടത് ഒരു വക. പെപ്സി ടിന്നുകള്‍ ചിതറി ഇട്ടത്, കുറെ ചോക്കലേറ്റ് ബാക്കിയിരുപ്പുകള്‍ , കുമ്പളങ്ങയുടെ വിത്ത് പോലത്തെ എന്തോ സാധനം കൊറിച്ചു തിന്നത്, (കടല കിട്ടില്ലേ ഇവിടെ ?) അങ്ങനെ... അങ്ങനെ ഒരു ആക്രിക്കച്ചവടം ലൈന്‍ .... അവന്റെ സീറ്റ് ബാക്ക് സീറ്റിനോളം പിന്നോട്ടാക്കി വച്ചിട്ടുണ്ട് . ഇത്രയും എന്റെ ക്യാമറയുടെ ഫസ്റ്റ് ഷോട്ട് . കണ്ണാടിക്കു മേലെ ഒരു മുത്ത്‌ മാല നീണ്ട വാലോടെ തൂക്കി ഇട്ടിരിക്കുന്നു. ഒരു മുത്തു മാല കൈയിലിട്ടു രുദ്രാക്ഷം പോലെ തെരുപ്പിടിപ്പിക്കുന്നു .

ഇടത്തെ കാല് മടക്കിവച്ച് ബാക്കിയുള്ള ഒരു കാലും ഒരു കൈയ്യും കൊണ്ടു നമ്മുടെ " മരണക്കിണറില്‍ " വണ്ടിയോടിക്കുന്ന സെറ്റ് അപ്പില്‍ ആശാന്‍ കീറുകയാണ്‌.

നമ്മള് നാട്ടില്‍ കണ്ട എമണ്ടന്‍ സ്പീഡ് ഒരു തൊണ്ണൂറു വരെയൊക്കെ ആണ്. ഇതു സ്പീഡോമീറെര്‍ ശരിയാണെങ്കില്‍ നൂറ്റി നാല്പതില്‍ ആണ് കീച്ചുന്നത്. പട്ടര്പാലം വണ്ടി N T C (ഞാന്‍ ജനിക്കുന്നതിനും മുന്പ് ഉണ്ടായവന്‍) ടോപ്പ് ഗിയര്‍ ഇട്ടപോലെ മൊത്തം ഒരു തരിപ്പ് അനുഭവപ്പെട്ടു തുടങ്ങി. മൂട് സീറ്റില്‍ ഉറപ്പിക്കാതെ കയ്യില്‍ ബലം കൊടുത്തു രാമ....രാമ.... ജപിച്ചു ഞാനും ഇരുന്നു.

"യുവര്‍ ...ബാസ്പോട്ട്? !!! ## %%

എന്റെ ഫയലിലേക്ക് നോക്കി അവന്‍ മൊഴിഞ്ഞു ...
അത് വാങ്ങി അവന്‍ നെഞ്ചത്തെ കീശയില്‍ തിരുകി ...

"യുവര്‍...#$#%**% ....

സര്‍ട്ടിഫിക്കറ്റ് ആണ് അവന്‍ ചോദിച്ചതെന്ന് കഥകളി കണ്ടു ഞാന്‍ മനസ്സിലാക്കി !!! കൊടുത്ത പാടെ അതിന്റെ പിന്നാമ്പുറത്ത് സൌദിയുടെ രണ്ടു വാളും പനയും ഒട്ടിചിട്ടുണ്ടെന്നു കക്ഷി ഉറപ്പാക്കി .... പിന്നെ നാലാക്കി മടക്കി വെള്ള നൈറ്റിയുടെ കാലിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു ......

%$&...???!!!%%%.....&#%.... ????

എന്റെ പറശിനിക്കടവ് മുത്തപ്പാ ..... അത് പോയി...... എന്‍റെ സകല കണ്ട്രോളും പോയി .. മുടിയാനായിട്ട് ഇവന്റെ ഭാഷയും നമ്മള്‍ക്ക് വശമില്ലല്ലോ ??? അല്ല ഇനി വശമുണ്ടായിട്ടു തന്നെ എന്ത് രക്ഷ ...എന്നൊക്കെ ഓര്‍ത്ത് ഞാന്‍ ഇരിക്കെ ഇരുട്ടടി പോലെ ആ ഭീകര സത്യം അവന്‍ മൊഴിഞ്ഞു...

"മി യുവര്‍ സ്ബോന്സര്‍ ..... %#&***"

"യു കാള്‍ കഫീല്‍ ..." (അറബി നാമം)
ഈശ്വരാ .....ഇവനോ .....

"യു ബ്രിംഗ്..ഗുഡ് ബ്രൊജക്ട്.... ഡൂ...ഗുഡ് ....വര്‍ക്ക് ..ഐ ..ഹാപ്പി...%&#*!!"

(അത് ശരി ഇപ്പോള്‍ പണിയൊന്നും ഇല്ലേ ? അത് കണ്ടപ്പോളേ തോന്നി. ഈയുള്ളവന്‍ പണി പിടിച്ചു ഗുഡ് വര്‍ക്ക് ചെയ്തു കാശുണ്ടാക്കി തരണം. അതെന്തെടപടാണ് മാഷേ ??? നാട്ടിലാരും പണി താരത്തെ ശരിക്കും "പണി " കിട്ടി തുടങ്ങിയപ്പോളാണ് ഇങ്ങോട്ട് കെട്ടിയെടുത്തത്. മാസം പണിയെടുത്തു കിട്ടുന്നത് നന്ദി പൂര്‍വ്വം വാങ്ങി കഞ്ഞി കുടിക്കാലോ എന്ന് നിരീച്ചിട്ട്‌. നീ മിക്കവാറും ഹാപ്പി ആകും എന്റെ പൊന്നു "കഫീലെട്ടാ ..." എന്നൊക്കെ മനസ്സില്‍ പറഞ്ഞു ഞാന്‍ ഇരുന്നു . എന്ത് ചെയ്യാം നമ്മുടെ ആധാരവും ജാതകവും ആശാന്റെ രണ്ടു കീശയില്‍ വിശ്രമിക്കുകയല്ലേ ??!!!)
മടക്ക ടിക്കെറ്റ് ഇരന്നെങ്കിലും ഉണ്ടാക്കി കൊടുത്താല്‍ പാവം പൊയ്ക്കോട്ടേ എന്ന് കരുതി ജയില്‍ മോചിതനക്കുമോ ? അല്ലെങ്കില്‍ നാട്ടീന്ന് ഒരു കമ്പി വരുത്തി ഒരു പരോള്‍ ആയെങ്കിലും തടി തപ്പനോക്കുമോ ? എവടെ ? നല്ലൊരു എലിയെ കിട്ടിയ മാര്‍ജാരന്റെ പാല്പുഞ്ഞിരി തെളിഞ്ഞു നില്‍ക്കുന്നില്ലേ നമ്മുടെ ആശാന്റെ മുഖത്ത് ?

അസ്സലാം അലൈക്കും എന്റെ പൊന്നു കഫീലെട്ടാ .......

അടിയന്റെ ഭാവി ചേട്ടന്റെ രണ്ടു കീശകളിലാണ്‌ .......

Thursday, July 17, 2008

ഞാന്‍ അറിഞ്ഞ ഗള്‍ഫ്- 2

ഒരു തെരുവില്‍ അവന്റെ വണ്ടി നിര്‍ത്തി. കൂടെ ഉണ്ടായിരുന്നവരെല്ലാം ഇറങ്ങുന്നത് കണ്ടപ്പോള്‍ ഇതു തന്നെ ദമാം എന്ന് ഉറപ്പിച്ചു. നേരം ശരിക്കും വെളുത്തിരുന്നില്ല. തണുപ്പും മഞ്ഞിന്റെ നനവും ഉണ്ടായിരുന്നു എനിക്ക് പുതിയതായ ആ നഗരത്തിന്. S.T.D, I.S.D Local Call എന്നെഴുതിയ കണ്ണാടി ചില്ലിട്ട മുറികളൊന്നും കണ്ടില്ല എവിടെയും. ഞാന്‍ ജനിച്ച എന്റെ മണ്ണില്‍ നിന്നും ഒരു പാടു ദൂരെ ആദ്യമായി ഒറ്റയ്ക്ക് നില്‍കുമ്പോള്‍ എന്തോ ഒരു വല്ലായ്മ, ഒരു സങ്കടം, എന്തൊക്കെയോ എന്നെ വേട്ടയാടി. ഏതൊരു ശരാശരി നാട്ടിന്‍പുറത്ത്‌ കാരന്‍ മലയാളിയേയും പോലെ. ഏതാണ്ട് വിജനം എന്ന് തോന്നാവുന്ന കടകളെല്ലാം അടച്ചിട്ട തെരുവില്‍ ചുറ്റിത്തിരിഞ്ഞ എന്നെകണ്ടു ഒരാള്‍ അടുത്ത് വന്നു. സംസാരത്തില്‍ നിന്നു മലയാളി ആണെന്ന് മനസ്സിലായി.

"ഹുണ്ടി ചെയ്യണോ ?" കക്ഷി ചോദിച്ചു.

% * $ @ * ഞാനൊന്നു ഞെട്ടി!!!! ... ചുറ്റും ആരുമില്ല താനും. സത്യം!!??? എന്റെ മുഖത്തെ സ്പെല്ലിംഗ് മിസ്റെക്ക് കണ്ടു ഫോണ്‍ ചെയ്യണോ എന്നാണ് ചോദിച്ചത് എന്ന് ആ "മാന്യന്‍" വിശദമാക്കി. എന്റെ ശ്വാസം നേരെ വീണു. ഒപ്പം ആശ്വാസവും . ഞാന്‍ കാര്യമെല്ലാം പറഞ്ഞു . വേലായുധേട്ടന്റെയും എന്റെ അറബിയുടെതെന്നു പറഞ്ഞു ഇങ്ങോട്ട് പോരുന്ന അവസാന നിമിഷങ്ങളില്‍ എജന്റ്റ് തന്നുവിട്ട ഫോണ്‍ നമ്പറും കൊടുത്തു പിന്നാലെ നടന്നു. (ഏജന്റുമാര്‍ അവസാന നിമിഷം വരെ കമ്പനിയുടെ ഫോണ്‍ നമ്പര്‍ തരാത്തതിന്റെ കളി പിന്നീട് മനസ്സിലായി . വായിച്ചു പോകുമ്പോള്‍ താങ്ങള്‍ക്കും വഴിയേ മനസ്സിലാകും. ) ഒരു പഴയ രണ്ടു നില ബില്‍ഡിംഗ്‌ന്റെ മുകളിലെ ഒരു മുറിയിലെക്കാന് കൂട്ടി കൊണ്ടു പോയത്. അവിടെ വച്ചാണ് ഇതു നാട്ടിലേക്കു ഒരു നമ്പര്‍ ടു പരിപാടിയില്‍ കുറഞ്ഞ ചിലവില്‍ വിളിക്കാനുള്ള ഏര്‍പ്പാട് ആണെന്നും അതിന്റെ സൌദിയിലെ ശാസ്ത്രനാമം ആണ് ഹുണ്ടിഎന്നും മനസ്സിലായത്. മാത്രമല്ല "ഹുണ്ടി "ചെയ്താലേ അറബിയെ വിളിക്കാനും എന്റെ കാര്യം സംസാരിക്കാനും പുള്ളി തയ്യാറാവൂ എന്നും ഒരു ലൈനില്‍ ആയി സംസാരം. നമുക്കു അറബി അറിയില്ലല്ലോ ? ബോംബെയിലെ ഓപ്പറേറ്റര്‍ " നമ്പര്‍ ബോലോ " എന്ന് മൊഴിഞ്ഞു ... മിനിമം സമയം അര മണിക്കൂര്‍ .. ഇന്നു വന്ന ഞാന്‍ എന്ത് വിശേഷം പറയാന്‍? ഇവിടെ എത്തി... കുഴപ്പമില്ല... യാത്രാവിവരണം മുഴുവന്‍ പറഞ്ഞിട്ടും പത്തു മിനുട്ടിനപ്പുറം പോയില്ല ബാക്കി കാശു വെയിസ്റ്റ്. അത് കഴിഞ്ഞു ആശാന്‍ ഞാന്‍ പറഞ്ഞ നമ്പര്‍ എല്ലാം മാറി മാറി കുത്തി. ആരും എടുക്കുന്നില്ല. എന്റെ നെഞ്ഞിടിപ്പ്‌ കൂടി. ഒടുവില്‍ ലൈന്‍ കിട്ടി. നമ്മുടെ "ഹുണ്ടി" അറബിയില്‍ സംസാരിക്കുന്നത് കൌതുകത്തോടെയും ആകാംഷയോടെയും ഞാന്‍ നോക്കി നിന്നു.

"ഇയാളെപ്പറ്റി ഒന്നും അറബിക്ക് അറിയില്ല !!!" അങ്ങേര്‍ക്കു ഇപ്പോള്‍ ഒരു "ഇന്ജിനീര്" വരാനുമില്ല !!! .

ഹുണ്ടി ഇങ്ങനെ മൊഴിഞ്ഞപ്പോള്‍ എന്റെ ഉള്ള കാറ്റും പോയി. ഇനി വേലായുധേട്ടന്‍ തന്നെ ശരണം. എനിക്ക് ആകെ ഇവിടെ ഉള്ള ആള്. കോബാറില്‍ കടകളില്‍ പച്ചക്കറി സപ്ലൈ ചെയുന്ന ബിസിനസ്സ് ആണ്. ഞാനും ഞങ്ങളെല്ലാവരും തന്നെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആള്‍. ബുദ്ടിമുട്ടിക്കണ്ട എന്ന് കരുതി കമ്പനിയെ പറ്റി ആരായനോന്നും പറഞ്ഞിരുന്നില്ല പുള്ളിയോട്. അതെന്തായാലും അടിയായി. കടയില്‍ വിളിച്ചു കിട്ടിയില്ല. അടുത്ത നമ്പറില്‍ ഒരു ഗോപിയേട്ടന്‍ ഫോണ്‍ എടുത്തു. ( പിന്നീട് വളരെ കാലം എന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.) വന്നു നില്ക്കുന്ന സ്ഥലവും മറ്റും എനിക്കറിയാവുന്ന തരത്തില്‍ പറഞ്ഞു . ബാക്കി ഹുണ്ടി പറഞ്ഞു. എന്റെ കൈയിലുള്ള രണ്ടു റിയാല്‍ ഒഴിച്ച് ബാക്കിയും ഡോളറും എല്ലാം സേവന ഫീസ് ആയി ഹുണ്ടി നന്ദി പൂര്‍വ്വം കൈപ്പറ്റി. പിന്നെ ഈ നാടിനെ പറ്റിയും അറബികളെ പറ്റിയും ആശാന് കഴിയുന്ന രീതിയിലൊക്കെ പേടിപ്പിച്ചും തന്നു. കുറ്റം പറയരുതല്ലോ കൂട്ടി കൊണ്ടു വന്നിടത്ത് തന്നെ ഉപേക്ഷിച്ചു... അല്ല കൊണ്ടു ചെന്നാക്കി . ഞാന്‍ എന്റെ വേലായുധേട്ടനെയും കാത്തു പെട്ടിയും തൂക്കി നിന്നു.

റംസാന്‍ കാലമാണ് പുറത്തു വച്ചു ഉമിനീര് പോലും ഇറക്കരുത് എന്നും "ഹുണ്ടി ഭീഷണിയില്‍ ഉണ്ടായിരുന്നു . വിശന്നു കുടല് കരിയുന്ന മണം ഞാന്‍ അറിഞ്ഞു. വീട്ടിലിരുന്നു പുട്ടും കടലയും തിന്നുന്നത്‌ ഓര്‍ത്തപ്പോള്‍ പിന്നെയും കണ്ണ് നിറഞ്ഞോ? എന്തോ?
N B:

(എന്നെ ഈ അറബി നാട്ടില്‍ ആദ്യം പറ്റിച്ചത് നമ്മുടെ "ഹുണ്ടി "എന്ന മലയാളി ആണ് എന്ന് അധികം വൈകാതെ തന്നെ മനസ്സിലായി ഈയുള്ളവന്.)
ഒരു തിളങ്ങുന്ന നീല നിറത്തിലുള്ള ചെറിയ കാറിലാണ് വേലായുധേട്ടന്‍ വന്നത്. പുള്ളി എന്നെ ദൂരെ നിന്നെ കണ്ടിരുന്നു എന്നുതോന്നുന്നു. ഇറങ്ങി വന്നു കൈ പിടിച്ചപ്പോള്‍ ഒരു വല്ലാത്ത വികാരം. അന്യനാട്ടില്‍ ഇങ്ങനെ ഒരവസ്ഥയില്‍ വേണ്ടപെട്ടവരെ കാണുമ്പൊള്‍ തോന്നിയതെന്താണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. പെട്ടിയും പ്രമാണങ്ങളുമായി ഞാന്‍ കയറി ഇരുന്നു. നീല തിളക്കം ദൂരെ നിന്നു നോക്കുമ്പോള്‍ മാത്രമെ ഉള്ളൂ. സ്ടിയറിങ്ങില്‍ TOYOTA എന്ന് എഴുതിയിരിക്കുന്നു. കുറെ വയറെല്ലാംതൂങ്ങി കിടപ്പുണ്ട്. വണ്ടിയില്‍ കുറെ കച്ചട എല്ലാം ഉണ്ട് താനും. എങ്കിലും ആകെ മൊത്തം കുഴപ്പമില്ല. ഒരു കാര്യം ബോധ്യപ്പെട്ടു, നമ്മുടെ നാട്ടിലാണ് 1965 മോഡല്‍ ലാന്‍ഡ്‌ മാസ്റര്‍ ആണെങ്കിലും കുളിപ്പിച്ച് കുറി തൊടീച്ച് കൊണ്ടു നടക്കുന്ന പരിപാടി. പിന്നെ മലയാളികള്‍ക്ക് ഇവിടെ ആരെ കാണിക്കാനാണ് ഈ പവറും പത്രാസും, അതും സ്വന്തം കാര്‍ ആവുമ്പോള്‍. എന്റെ ചിന്തകള്‍ അങ്ങനെയൊക്കെ നമ്മുടെ നീലക്കാറിനെ ന്യായീകരിച്ചുകൊണ്ടിരുന്നു. പറഞ്ഞാല്‍ തീരാത്ത നാട്ടുവിശേഷങ്ങളും വീട്ടുകാര്യങ്ങളുമായി കോബാറിലെ പുള്ളിയുടെ റൂം എത്തിയത് അറിഞ്ഞില്ല.
നമ്മുടെ "ഹുണ്ടി" യുടെതിനെക്കള്‍ വൃത്തിയുള്ള ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലുള്ള ഒരു മുറി തുറന്നു അകത്തു കയറി. മൊത്തം ഇരുട്ട്. കണ്ണൊന്നു ചിമ്മി തുറന്നപ്പോള്‍ സാമാന്യം വലുതാണ് മുറി എന്ന് മനസ്സിലായി . എന്തിനാണാവോ ഈ ജനല്‍ കട്ടിയുള്ള പേപ്പര്‍ ഒട്ടിച്ചു മറച്ചത്? പുള്ളി ബെഡ് ലൈറ്റ് കത്തിച്ചപ്പോള്‍ കാഴ്ച വ്യക്തമായി. ആശുപത്രിയിലെ പോലെ നാല് കട്ടിലുകള്‍ അതിനോട് ചേര്‍ന്നു അനുബന്ധ സാമഗ്രികളും. ഞാനിരിക്കുന്നത് ഭാഗപത്രപ്ര്കാരം വേലായുധേട്ടന്റെ ഓഹരിയില്‍. ആവശ്യത്തിനു സമ്പത്ത് ഈ പ്രവാസം കൊണ്ടു ഉണ്ടാക്കിയിട്ടും ഇങ്ങനെ ഒതുങ്ങി ഇവടെ ജീവിക്കുന്ന പുള്ളിയോട് ആദരവ്‌ കൂടുകയാണ് എനിക്കുണ്ടായത്. എന്തോ ആ ഇരുമ്പ് കട്ടിലുകള് മാത്രം എനിക്കങ്ങു ദഹിച്ചില്ല. (ഒരു ആശുപതി മണം.!!!)

നല്ലൊരു ചായ ഇട്ടു തന്നു, തിന്നാന്‍ ബിസ്കെട്ടും. അപ്പോഴേക്കും പുള്ളിയുടെ റുമില്‍ എല്ലാവരും എഴുനേറ്റു. എനിക്കെന്തോ ആ കൂട്ടായ്മ ഇഷ്ടപ്പെട്ടു. ഒരു മൂന്നു മുറി ഫ്ലാറ്റ് ആണ് അത്. കോബാറില്‍ ഗ്രോസറി നടത്തുന്ന കോയാക്ക ആണ് അവരില്‍ എനിക്ക് കേട്ടറിവുള്ള ഒരാള്‍. നാട്ടില്‍ കുറെ കടകളും ബെക്കറിയും ഉണ്ട് അയാളുടെതായി. പക്ഷെ ഇവടെ ഈ കൂട്ടായ്മയില്‍ എന്ത് ലളിതമായാണ് ജീവിക്കുന്നത്? എനിക്ക് ഇടാനുള്ള ചെരിപ്പും പേസ്റ്റും ബ്രഷും സോപ്പുമെല്ലാം പുള്ളി തന്നെ എടുത്തു തന്നു കടയില്‍നിന്ന്.
എന്‍റെ അറബിയെ കോയാക്ക തന്നെ വിളിച്ചു (ഒരു പാടു നാളായി കട നടത്തുന്ന കക്ഷി പച്ചവെള്ളം പോലെ സംസാരിക്കും അറബിയടക്കം പല ഭാഷകളും) അത് കഴിഞ്ഞാണ്‌ എനിക്ക് ശ്വാസം ശരിക്ക് വീണത്‌. സത്യത്തില്‍ കഴിഞ്ഞ പത്തു ദിവസമായി എന്‍റെ വരവ് പ്രതീക്ഷിക്കുന്നെന്നും വിവരം അറിയിച്ചാല്‍ എയര്‍ പോര്‍ട്ടില്‍ വരാന്‍ ഡ്രൈവറെ ചുമതലപ്പെടുതിയിരുന്നെന്നും അയാള്‍ പറഞ്ഞത്രേ !!!! ഞാനൊന്നു ശരിക്ക് നിവര്‍ന്നു നിന്നത് അപ്പോള്‍ മാത്രമാണ്. (എന്നാലും എന്‍റെ "ഹുണ്ടി" എന്നോടിത് വേണ്ടായിരുന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു) മാത്രമല്ല എനിക്കിത്തിരി വെയിറ്റ് എല്ലാം ഉണ്ടെന്നുള്ള അഭിമാന ബോധതാല്‍ ഞാന്‍ നട്ടെല്ല് ഒന്നുകൂടി നിവര്‍ത്തി. (പക്ഷെ ഏതാനും മണിക്കൂറുകള്‍ മാത്രമെ ആ രണ്ടാമത്തെ നിവരല്‍ ഉണ്ടായിരുന്നു) എന്നെ പിക്ക് ചെയ്യാന്‍ ഉച്ചക്കത്തെ "സല" (നിസ്കാരം) കഴിഞ്ഞു വരും എന്ന് അറിയിച്ചതനുസരിച്ച് എന്നോട് കിടന്നോളാന്‍ പറഞ്ഞു വേലായുധേട്ടന്‍ ചോറും നാടന്‍ കറികളും ഉണ്ടാക്കാന്‍ പോയി. 24 മണിക്കൂറിനു ശേഷം ചോറ് കഴിക്കാന്‍ പോവുന്നത് ഓര്‍ത്ത് എനിക്കപ്പോഴേ വിശപ്പ്‌ ഇരട്ടിയായി . ഫ്ലൈറ്റില്‍ നിന്നു കിട്ടിയ നിവെദ്യചോര്‍ ആയിരുന്നു എന്‍റെ കഴിഞ്ഞ ഒരു ദിവസത്തെ ആകെ ആഹാരം.
പക്ഷെ എന്‍റെ ആശ അസ്ഥാനത്ത് ആക്കി കൊണ്ടു അറബി താഴെ വന്നിട്ടുണ്ടെന്ന് വിവരം കിട്ടി. പെട്ടിയില്‍നിന്നു പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും എടുത്തു ഒരു ഫയലില്‍ ആക്കി കയ്യില്‍ പിടിച്ചു ഞാനും എന്‍റെ ബാക്കിയുള്ള രണ്ടാമത്തെ പെട്ടിയും പിടിച്ചു വേലയുധേട്ടനും താഴോട്ട് ചെന്നു. അറവു കാരന്റെ അടുത്തേക്ക് പോവുന്ന കുഞ്ഞാടിന്റെ ഏതാണ്ടൊരു ഭാവത്തില്‍ ആയിരുന്നു അപ്പോള്‍ ഞാന്‍. "ദാ കിടക്കുന്നു ഒരു വേറൊരു ചപ്പടാച്ചി കാര്‍. അതില്‍ വെള്ള "നൈറ്റി" ഇട്ടു ഒരു എട്ടടി മനുഷ്യന്‍!!!! വേലായുധേട്ടന്റെ വണ്ടി ഇതിലും മെച്ചമയിരുന്നോ??? കാറിന്റെ എരിയലിനു പകരം ഒരു കമ്പി കുത്തിവച്ചതാണ് എന്‍റെ ശ്രദ്ധയില്‍ ആദ്യം പെട്ടത്.
ഇതവന്റെ മന്ദൂബ് (P R O) ആയിരിക്കും. വേലായുധേട്ടന്‍ പതുക്കെ പറഞ്ഞു.
ഞങ്ങളെ കണ്ടു ഒറ്റ ചാട്ടത്തിനു കാറിനു പുറത്തു കടന്നു അറബി . നേരെ വേലായുധേട്ടന്റെ കൈ പിടിച്ചു കുലുക്കി ....
അസ്ലാം അലൈക്കും .... (അറബി)
അലൈക്കും അസ്ലാം ..... (വേല..)
കൈഫ്‌. ........ @ % & * ...... (അറബി)
കോയിസ് ..... & % $ >>>>> (വേല..)
........>>>>>>. ......(അറബി)
.........<<<<<<< .........(വേല..) $ % # ...... ബാക്കി അവര് പറഞ്ഞതൊന്നും എനിക്കും മനസ്സിലായില്ല

അറബി തിരിഞ്ഞു എന്‍റെ കൈ പിടിച്ചു ഒരഞ്ചു മിനിട്ടു കുലുക്കി. ഒട്ടകത്തിന്റെ ഇറച്ചി തിന്നുന്ന ഇവന്മാരുട ശക്തി ഞാന്‍ കൊണ്ടറിഞ്ഞ്‌ ദയനീയമായി അയാളെ നോക്കി. എന്നോട് ചോദിച്ചതിനെല്ലാം വേലായുധേട്ടന്‍ മറുപടിയും പറഞ്ഞു.
ഹൌ ആര്‍ യു ഇന്ജിനീര്‍ ? അറബി എന്നോട് ?? !!!!
വണ്ടിയില്‍ എന്നെ ലോഡ് ചെയ്യുന്നതിന് മുമ്പ്‌ അവന്‍ അങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് ആശ്വാസമായി . ഇവന് ആങ്കലെയം അറിയാം!!!! പക്ഷെ അവന്റെ നിഖണ്ടു വിലെ ആകെയുള്ള വകുപ്പുകളില്‍ ഒന്നായിരുന്നു അത് എന്ന് നമ്മള്‍ പിന്നീടല്ലേ അറിഞ്ഞുള്ളു.

Monday, July 14, 2008

ഞാന്‍ അറിഞ്ഞ ഗള്‍ഫ്‌ - 1

1998 ഡിസംബര്‍ മാസത്തിലാണ്‌ ഈയുള്ളവന്‍ സൗദി അറേബ്യ യില്‍ കലുകുതുന്നത് . പുലര്‍ച്ചെ ഏതാണ്ട് ഒന്നര മണിക്ക് എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ അത് പുണ്ണ്യ മാസമായ റംസാന്‍ ഒന്നാണ് എന്നും ഈയുള്ളവന്‍ അറിഞ്ഞിരുന്നില്ല . എജന്റ്റ് പറഞ്ഞു തന്നപോലെ ആരെയും എന്‍റെ പേരെഴുതിയ ബോര്‍ഡ് പിടിച്ചു നില്‍കുന്നതും കണ്ടില്ല . ഒരു നാലു മണിക്കൂര്‍ കഴിഞ്ഞു കാണും , കൈയ്യിലുള്ള പത്തു റിയാലിന്റെയും അത്രയും ഡോളറിന്റെയും ബലത്തില്‍ ഒരു ചായക്ക്യ്‌ ശ്രമിച്ചു . ജീവിതത്തില്‍ ആദ്യമായി കണ്ട അറബികളില്‍ ഒരാളായ ആള്‍ പറഞ്ഞതു അന്ന് മനസ്സിലായില്ലെങ്കിലും ആംഗ്യ ഭാഷയില്‍ ഒരു കാര്യം പിടികിട്ടി . "ഓടെടാ !! മേലില്‍ ഇവിടെ കണ്ടു പോവരുത് !!@ % # . രണ്ടും കല്പിച്ചു കിട്ടിയ പെട്ടിയുമായി പുറത്തു ചാടി . അപ്പോഴാണ് ഒരു കാര്യം അനുഭവപ്പെട്ടത് . നല്ല മരം കോച്ചുന്ന തണുപ്പ് . ഗള്‍ഫിലൊക്കെ ചുട്ടു പൊള്ളുന്ന ചൂടാണ് എന്നാണല്ലോ നമ്മള്‍ കേട്ടത് . ഇതു നമ്മള്‍ ആകെ കണ്ട തണുപ്പുരാജ്യമായ വയനാടിനെക്കളും തണുപ്പ് . പുറത്തു വെള്ള നിറവും മഞ്ഞ നിറവും ഉള്ള ടാക്സികള്‍ കണ്ടു . അതില്‍ ഇരുന്നു ചില കിളവന്‍ സൌദികള്‍ നമ്മുടെ നാട്ടിലെ ബസ്സിന്റെ കിളി "കൊടകര ...കൊടകര.." എന്ന് വിളിച്ച് പറയുമ്പോലെ പല സ്ഥലങ്ങളുടെ പേരു വിളിച്ച് പറയുന്നതിന്‍റെ ഇടയില്‍ ഒരു പേരു തലയില്‍ ഉടക്കി ... "ദമാം ...ദമാം .." എനിക്കിനി അന്നം തരാനുള്ള കമ്പനി ദാമാമിലാണ് . പോയി അവിടെ എത്തി ഫോണ്‍ ചെയ്യാം . പിന്നെ എന്‍റെ ആകെ ഇവിടെ ഉള്ള അടുത്ത ബന്ധു വേലായുധേട്ടന്‍ കോബാറില്‍ ഉണ്ട് . ദമാമില്‍നിന്ന് വലിയ ദൂരത്തല്ല ആ സ്ഥലം . അങ്ങേരു അടുത്തുള്ള കടയിലെ നമ്പര്‍ തന്നിട്ടുണ്ട് ( അന്ന് മൊബൈല്‍ ഒന്നും ഇല്ല ).ഞാനൊരു കൊച്ച് സിവില്‍ "ഇന്ജിനീര് " ആണെന്നുള്ള അഹങ്കാരവും ചേര്‍ന്നപ്പോള്‍ കിഴവന്‍ തുറന്ന വാതിലിനുള്ളിലൂടെ ആ പത്തായ കാറിലേക്ക് ഊളയിട്ടു . പിന്നില്‍ അന്നേ ഒരു കൊച്ചു തടിയനായ ഞാനടക്കം നാലു പേര്‍ ഇരുന്നിട്ടും പന്ത് കളിക്കാനുള്ള സ്ഥലം . പഴയ ഒരു സിനിമയിലെ ഇമ്ബാല അടൂര്‍ ഭാസിയുടെ കാര്‍ പോലത്തെ നമ്മുടെ കെട്ടുവള്ളം പതുക്കെ നീങ്ങി . ഒപ്പം പുറത്തെ റോഡും പാലങ്ങളും കെട്ടിടങ്ങളും കണ്ടു അമ്പരന്നു ഞാനും ഇരുന്നു.

(തുടരും )

Thursday, July 10, 2008

ഞാന്‍ എന്നെ പറ്റി പറയുമ്പോള്‍

"ഞാന്‍ നല്ല സൌഹൃദങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു സാധാരണ മലയാളി". എന്നും ഒരു തനി മലയാളിയായി തന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. "

നേട്ടം?:

എന്‍റെ ഏറ്റവും വലിയ ധനവും ചിലപ്പോഴൊക്കെ ബലഹീനതയും സൌഹൃദങ്ങളാണ്. മനസ്സ് തൊട്ടറിഞ്ഞ ചില സുഹൃത്ബന്ധങ്ങള്‍, ബാല്യകാലം തൊട്ടുള്ള ചില അപൂര്‍വ സൌഹൃദങ്ങള്‍ .... അതെല്ലാം വിലമതിക്കാനാവാതതാണ്.

ആദര്‍ശം:

നിഷ്കാമ കര്‍മം" എന്നത് ഏറ്റവും മഹത്തരം ആണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയിട്ടില്ലെന്കിലും. ജീവിതത്തില്‍ ശരിയും തെറ്റും ആപേക്ഷികമാണ് ഓരോ വ്യക്തിക്കും എന്ന് വിശ്വസിക്കുന്നു.

നഷ്ടങ്ങള്‍:

ചില നഷ്ടങ്ങള്‍, എത്തിപ്പിടിക്കാന്‍ പറ്റാതെ പോയ ചിലതെല്ലാം, അവ മനസ്സിനെ വല്ലാതെ വേട്ടയാടാറുണ്ട് . ചില കഴിവുകള്‍ എവിടെയോ വച്ചു മറന്നു പോയി...... എങ്കിലും ആകെ മൊത്തം ഒരു പരാജയം ആയിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല...കാരണം ദൈവകൃപയാല്‍ ചെറുതെങ്കിലും ചിലതെല്ലാം നേടാനും ആര്‍ജിക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന വിശ്വാസം തന്നെ.

ആശ്രയം :

ദൈവം മാത്രം .. എന്‍റെയും എന്‍റെ കൊച്ചുകുടുംബത്തിന്റെയും എന്‍റെ അഭ്യുദയകാംഷികളുടെയും പ്രാര്‍ത്ഥന മാത്രമാണെന്റെ ആത്മവിശ്വാസം . എന്റേതെന്നു അവകാശപ്പെടാവുന്ന ചെറിയ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അതിലെന്‍റെ കഴിവല്ല ദൈവത്തിന്‍റെ കരവിരുതാണ് കൂടുതലും....

വഴിത്തിരിവുകള്‍ :

വേര്‍പാടുകള്‍ ശൂന്യത ചേര്‍ത്തപ്പോള്‍ വഴിത്തിരിവായത്‌ ജീവിതത്തിനു കൂട്ട് കിട്ടിയപ്പോഴായിരുന്നു എന്നത് സത്യം.

ബലഹീനത:

ആരോടും, എന്തിനോടും, ഒന്നിനോടും "ഇല്ല" എന്ന് തീര്‍ത്തു പറയാന്‍ പറ്റാത്തത്.

അഭിമാനവും സന്തോഷവും തോന്നിയത്:

ഈ ലോകത്ത് ഈയുള്ളവന്‍ ജീവിച്ചിരുന്നു എന്നതിന് തെളിവായി ഒരു മകള്‍ പിറന്നപ്പോള്‍ . ആദ്യമായി അവളുടെ മുഖം കണ്ടപ്പോള്‍ വിവരിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത... ആ അനുഭവം. പിന്നെ സ്വന്തം അധ്വാനം കൊണ്ട് ഒരു കൂര പണിതപ്പോള്‍ തോന്നിയ അഭിമാനം.

സങ്കടം:

കണ്‍മുന്‍പില്‍ ഇഷ്ടമുള്ളവരുടെ അല്ലെങ്കില്‍ ഉറ്റവരുടെ തകര്‍ച്ച കാണുമ്പോള്‍ ... മെഴുകുതിരി പോലെ ഉരുകിതീരുന്ന ജീവിതങ്ങള്‍ കാണുമ്പോള്‍ ... സ്വയം നിസ്സഹായത ബോധ്യപ്പെടുമ്പോള്‍.......തെറ്റിദ്ധാരണകളില്‍ ബന്ധങ്ങള്‍ അകന്നു പോവുമ്പോള്‍ , സൌഹൃദങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ....

ഇഷ്ടം:

മറ്റെന്ത്?? മനസ്സ് തുറന്നു ചിരിക്കാന്‍ . ആര്‍ത്തു ചിരിക്കാന്‍ , സുഹൃത്തുക്കളുടെ , ബന്ധങ്ങളുടെ കുടുംബങ്ങളുടെ കൂട്ടായ്മയില്‍ ആര്‍ത്താര്‍ത്തു ചിരിക്കാന്‍ ...... ആ നിമിഷങ്ങള്‍ അയവിറക്കി ഓര്‍ത്തു ചിരിക്കാന്‍ .... ഇന്ന് എന്‍റെയും നമ്മളുടെയും ചിരിയുടെ പ്രഭ മങ്ങിയിരിക്കുന്നു... കാലവും മാറിയിരിക്കുന്നു... പക്ഷെ ഓര്‍ത്തെങ്കിലും ചിരിച്ചേ മതിയാകൂ...എനിക്കും നമ്മള്‍ക്കും ..."ഇത് വെറും ഭ്രാന്തന്റെ സ്വപ്നം... നേര് ചികയുന്ന ഭ്രാന്തന്റെ സ്വപ്നം" എന്ന കവിവാക്യം എന്നെ പോലെ നിങ്ങള്‍ക്കും പറയാന്‍ തോന്നുന്നുവോ

അടിക്കുറിപ്പ്:

ക്ഷമയുടെ "നെല്ലിപ്പലക" കാണാതെ ഇത്രയും എന്നെപറ്റി "എന്‍റെ തോന്ന്യാക്ഷരങ്ങള്‍ " നിങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ നന്ദി.