Wednesday, February 11, 2009

എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ -1

04-04-2004
എഴുതാന്‍ തിരഞ്ഞെടുത്ത ദിവസം വല്ലാത്ത ഒരു പ്രത്യേകത തോന്നിക്കുന്നു. 04/04/04. എല്ലാം നാല്. ഒരപൂര്‍വ ദിവസം. അതിനപ്പുറം ഈ ഡേറ്റ് എന്റെ ഓര്‍മയില്‍ എവിടെയോ ഉണ്ട്. നമ്മെ സംബന്ധിച്ച് എടുത്തു പറയത്തക്ക ഒരു പ്രത്യേകതയും ഇല്ലെങ്കിലും ചില പ്രത്യേക ഡേറ്റ് കള്‍ നമ്മുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കാറുണ്ട്. എന്താണതിനു കാരണം എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ഒരു ഏപ്രില്‍ നാല്, അത് ഏതാണ്ട് ഇരുപതു വര്ഷം മുമ്പാണ് എന്ന് തോന്നുന്നു. ഞാനും ഏട്ടനും എല്ലാം അന്ന് കുട്ടികളാണ്. അന്നാണ് ഏട്ടനും അത്രത്തോളമില്ലെങ്കിലും ഞാനും ഓമനിച്ചു വളര്‍ത്തിയിരുന്ന ഒരു വരയന്‍ പൂച്ച ചത്തു പോയത്. മനസ്സില്‍ ഏറെയൊന്നും കളങ്കം ഇല്ലാത്ത കുട്ടിക്കാലത്ത് ഞങ്ങള്ക്ക് വളരെ ദുഃഖം തോന്നിയ ദിവസമായിരുന്നു അത്. വടക്കേ പറമ്പില്‍ ഒരു പ്ലാവിന്റെ മൂലയില്‍ "ഔദ്യോദിക ബഹുമതി"കളോടെയാണ് അവനെ ഞങ്ങള്‍ അടക്കിയത്‌ എന്നത് ഓര്‍ക്കുന്നു. എന്റെ മനസ്സില്‍ ആ ദിവസം ഇന്നും തങ്ങി നില്ക്കുന്നത് എന്ത് കൊണ്ടാണ്? വീട്ടില്‍ എത്രയോ പൂച്ചകള്‍ പല കാലത്തായി ഉണ്ടായിരുന്നു. ഓമന തോന്നിയ എത്രയോ എണ്ണം ചത്തു പോയിട്ടുണ്ട്. ആ ദിവസങ്ങള്‍ ഒന്നും ഓര്ത്തു വയ്ക്കാതെ എന്തെ ഇതു മാത്രം ഇത്ര കൃത്യമായി ഓര്‍ക്കുന്നു? മനസ്സിന്റെ ഓരോ കളികളാവാം അത്. ആ ദിവസം ഓര്ത്തു വക്കാന്‍ മനസ്സ് ഒരു കാരണവും കണ്ടെത്തിയിരുന്നു. ഞങ്ങളുടെ നാട്ടു കാരനായ പോലീസുകാരന്‍ രാജരത്നത്തിന്റെ കല്യാണം അന്നായിരുന്നു. ഞങ്ങളുടെ മൂട്ടോളി അമ്പലത്തില്‍ ഒരു പക്ഷെ എന്റെ ഓര്‍മ ശരിയാണെങ്കില്‍ നടന്ന ആദ്യത്തെ കല്ല്യാണം ആയിരുന്നു അത്. വളരെ പഴക്കമുള്ള അമ്പലം ആണെങ്കിലും അവിടെ കല്ല്യാണം നടന്നു കണ്ടിട്ടില്ലായിരുന്നു. കല്യാണം കഴിഞ്ഞു ചെറുക്കാനും പെണ്ണും പരിവാര സമേതം ഞങ്ങളുടെ വീടിനു മുന്‍പിലെ റോഡിലൂടെ നടന്നു പോവുന്നത് "പ്രിയപ്പെട്ടവന്റെ അടക്കം " കഴിഞ്ഞു വീടിന്റെ മതില്കെട്ടിനു മുകളിലൂടെ ഞങ്ങള്‍ നോക്കി നിന്നിരുന്നു. അന്ന് ഒരു പക്ഷെ ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു വച്ചത് ആ പ്രിയപ്പെട്ട പൂച്ചയെ എന്നും ഓര്‍ക്കാനുള്ള എന്റെ കൊച്ചു മനസ്സിന്റെ ചെപ്പടി വിദ്യ ആയിരുന്നിരിക്കണം.
ചെറുപ്പകാലത്തു ഞങ്ങളുടെ കാഴ്ചകളും ചിന്തകളും എല്ലാം ആ മതില്‍ കെട്ടിന് ഇപ്പുറത്തു നിന്നു ദൂരേക്ക്‌ നോക്കികൊണ്ടയിരുന്നു. കരിങ്കല്ല് കൊണ്ടു കെട്ടിയ അത്തരം ഒരു വലിയ മതില്‍ കെട്ട് അന്ന് ആ നാട്ടില്‍ അധികം വീടുകള്‍ക്കൊന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളുടെ സന്തോഷങ്ങളും ദുഖങ്ങളും ഒന്നും ആ മതില്‍ വിട്ടു പുറത്ത്‌ പോയിരുന്നില്ല. അത് കൊണ്ടു തന്നെ ഒരു പാടു നാള്‍ വരെ ഞാന്‍ പുറം ലോകത്തെ, ആ ചുറ്റുപാടിനെ ശരിക്കും അറിഞ്ഞിട്ടില്ല എന്ന് പറയുന്നതാവും ശരി. മതിലിനും റോഡിനും അപ്പുറത്ത് "മാമ്പറ്റക്കാരുടെ " വീടുകള്‍ക്ക് പുറകിലാണ് ഞങ്ങള്‍ "പാരോത്തടം"എന്ന് വിളിക്കുന്ന കൊച്ചു പുഴ. അവിടെ ഒഴിവു ദിനങ്ങളില്‍ മീന്‍ പിടിച്ചും ഗോട്ടി കളിച്ചും തിമര്‍ക്കുന്ന കുട്ടികളുടെ കൂടെ കൂടുക എന്നത് എന്നും എന്റെ നടക്കാത്ത സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ഒരു പക്ഷെ അന്ന് അവരുടെ കൂടെ കളിക്കാന്‍ അമ്മ സമ്മതിച്ചിരുന്നെങ്കില്‍ ഞാന്‍ ചീത്തയായി പോവുമായിരുന്നോ? എന്തോ എനിക്കറിയില്ല. ഇനി ഞാന്‍ നല്ലവന്‍ ആയി തീര്‍ന്നു, അല്ലെങ്കില്‍ നല്ല നടുപ്പുകാരനായി എന്ന് ഇപ്പോഴും എനിക്ക് പറയാന്‍ പറ്റില്ല താനും.!! ചുരുങ്ങിയ പക്ഷം ഞാന്‍ നല്ല ഒരു സാമൂഹ്യ ജീവി ആണോ ഇപ്പോള്‍? അതും ചിന്തിക്കേണ്ട വിഷയമാണ്.
അന്ന് ആ പ്രേമനും, പ്രഭീഷിനും പ്രവിക്കും ഒന്നും ഷര്‍ട്ടും മറ്റു മേലുടുപ്പും ഒന്നും ഉണ്ടാവാറില്ല. ഉള്ള ട്രൌസറിനു ബട്ടനും ഉണ്ടാവില്ല. പകരം ബട്ടന്‍ ഹോളില്‍ അറ്റം വലിച്ചു മുറുക്കി വച്ചാണ് നടപ്പ്. ഇടയ്ക്കിടയ്ക്ക് ഊര്‍ന്നു പോരുന്ന ട്രൌസര്‍ വലിച്ചു കെട്ടി ആണ് നടപ്പ്. ചൂണ്ടയും കടലാസില്‍ പൊതിഞ്ഞ മണ്ണിര ക്കൂട്ടങ്ങളും കീശ നിറച്ചു ഗോട്ടിയും (ഗോലി) ആണ് എപ്പോഴും കൂടെയുള്ള പണിയായുധങ്ങള്‍. മിക്കപ്പോഴും കളി വെള്ളത്തിലായതിനാല്‍ ധാരയായി മൂക്കൊലിച്ചുകൊണ്ടിരിക്കും. ഒരു കൈ കൊണ്ടു അത് തുടച്ചു ട്രൌസറിന്റെ മുന്നില്‍ ഉരക്കും. നമ്മുടെ ക്രിക്കറ്റ് കളിക്കാര്‍ പന്ത് ഉരക്കുന്നതു പോലെ. ഷര്‍ട്ട്‌ ഇടാതെ പുറത്തു ഇറങ്ങാനോ അവരുടെ കൂടെ കൂടാണോ വീട്ടിലെ നിയമങ്ങള്‍ എന്നെ അനുവദിച്ചിരുന്നില്ല.
അത്തരം മോഹങ്ങള്‍ ഒന്നും നടക്കില്ല എന്നറിഞ്ഞത് കൊണ്ടാവണം ഞാന്‍ എന്റെ രീതികളെ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടത് എന്ന് തോന്നുന്നു. ചോക്കും കരിക്കട്ടയും കൊണ്ടു വീടിന്റെ പെയിന്റ് അടിക്കാത്ത പിന്‍ ചുവരില്‍ ചിത്രങ്ങള്‍ വരച്ചു കൂട്ടിയും അമ്മ പറയുമ്പോള്‍ ഇരുന്നു പഠിച്ചും പഠിക്കുന്ന ക്ലാസ്സില്‍ ഒന്നാമതായും (പലപ്പോഴും അത് മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവായിരുന്നു) പിന്നെ ഇഷ്ടഭക്ഷണം ഇഷ്ടം പോലെ തട്ടിയും ഒരു കൊച്ചു തടിയനായി ഞാന്‍ വളര്‍ന്നു. മൂത്ത ഏട്ടന്‍ അന്നും എല്ലാവര്‍ക്കും പഠിക്കുന്ന, അനുസരണയുള്ള സത്യസന്ധനായ കുട്ടി എന്ന റോള്‍ മോഡല്‍ ആയിരുന്നു. പക്ഷെ ഇളയ ചേട്ടന്‍ അങ്ങനെയേ ആയിരുന്നില്ല. ആ മതില്‍കെട്ട് വിട്ടു പുറത്തു ചാടാന്‍ വെമ്പുന്ന ഒരു "വിപ്ലവകാരിയുടെ , ഒരു പരിഷ്കരണ വാദിയുടെ " മനസ്സ് എപ്പോഴും അവനില്‍ ചുര മാന്തിയിരുന്നു. അമ്മയുടെ കൈയില്‍ നിന്നും മുറ തെറ്റാതെ കിട്ടുന്ന അടി ആണ് അവനെ ഒട്ടൊക്കെ അടക്കി നിര്‍ത്തിയത്. എങ്കിലും വല്ലപ്പോഴും അടര്‍ന്നു കിട്ടുന്ന സീറോ ചാന്‍സ് അവന്‍ ഗോള്‍ ആക്കി മാറ്റുന്നത്‌ ഞാന്‍ വീരാരാധന യോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ പഠിപ്പിലും മിടുക്കിലും കളിയിലും ഒരുപോലെ കേമനായ അവനെ കുറിച്ചായിരുന്നു അച്ഛനും അമ്മയ്ക്കും കൂടുതല്‍ അഭിമാനം എന്ന് തോന്നുന്നു. എനിക്ക് പകരം നാളെ അവനെ കണ്ടാല്‍ മതി എന്ന് അച്ചന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നത്രെ! പക്ഷെ അത് മാത്രം പാഴ്വാക്കായി പോയി. ആ പ്രതീക്ഷകള്‍ ഒരു ശതമാനം പോലും നിറവേറ്റാന്‍ പറ്റാത്ത വിധം അവനിലെ അവനെ അവന്‍ വഴിയിലെവിടെയോ ഉപേക്ഷിച്ചു എന്നത് ഇന്നിന്റെ സത്യമാണ്.
എനിക്കതരം ഹീറോ പരിവേഷം ഒന്നുമില്ലായിരുന്നു. എന്നെ അതിനുന്നും കൊള്ളുമായിരുന്നില്ല എന്നതായിരുന്നു കൂടുതല്‍ ശരി. എന്റെ സ്ഥായിയായ വികാരം തന്നെ ഭയമായിരുന്നു. സ്കൂളില്‍ ചെര്‍ക്കുന്നതുവരെയും അതിന് ശേഷമുള്ള രണ്ടു വര്‍ഷവും വീട്ടില്‍ എപ്പോഴും തിരക്കായിരുന്നു. അതായത് ഞങ്ങളുടെ ജീവിതത്തില്‍ നിന്നു അച്ഛന്‍ വിട പറഞ്ഞു പോവുന്നത് വരെ. എന്റെ ഓര്‍മകളില്‍ വെള്ളയും നീലയും നിറത്തിലുള്ള ലാമ്പി സ്കൂട്ടര്‍ ഉണ്ട് പിന്നെ പാലൊഴിച്ച ചായയുടെ നിറമുള്ള അംബാസിടെര്‍ കാര്‍, പിന്നെ ഡ്രൈവര്‍ വിജയേട്ടന്‍, ബന്ധുവും കാര്യസ്ഥനും ആയ കറുത്ത് മെലിഞ്ഞ ചന്ദ്രേട്ടന്‍, പുള്ളിയ്ടെ മയില്‍ വാഹനമായ പഴയ ബ്രിട്ടീഷ് റാലി സൈക്കിള്‍. കരാറു കാരനായ അച്ഛനെ കാണാന്‍ വരുന്നവരുടെയും ജോലിക്കാരുടെയും ഇടയില്‍ ചായയുമായി ഇടനാഴിയിലുടെ അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ട് നടക്കുന്ന അമ്മയാണ് എന്റെ ഓര്‍മയില്‍. രാവിലെ എനിക്കിഷ്ടപ്പെട്ട ഗോതമ്പ് ദോശയും ചട്ട്ണിയും ഒരു സ്റ്റീല്‍ പാത്രത്തില്‍ വച്ചു ഊണ് മേശക്കു മേലെ എന്നെ ചുമരിനോട് ചേര്ത്തു കൊണ്ടിരുത്തും അമ്മ. ഇളയ മകനെന്ന വാല്‍സല്ല്യം ആവോളം ആസ്വദിച്ചിരുന്നു ഞാന്‍ ആ മനസ്സില്‍ നിന്ന്. വൈകിട്ട് കൊണ്ടു വരുന്ന ജിലേബിയും തിരക്കിനിടക്ക് എപ്പോഴൊക്കെയോ മടിയില്‍ പിടിച്ചിരുത്തി തരുന്ന ഉമ്മകള്‍ അച്ഛന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഉണര്‍ത്തുന്നു. ഈ ആള്‍കൂട്ടത്തിന്റെ ഇടയില്‍ ചോക്കും മെഴുകുചായ പെന്‍സിലുകളും പിന്നെ ഏട്ടന്‍ മാര്‍ വഴി താവഴി ആയി കിട്ടിയ മുച്ചക്ക്ര സൈക്കിള്‍, അതെല്ല്ലാമായി എന്റേതായ ലോകത്ത് ഞാനും.
എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ വന്നത് വസന്തെട്ടനായിരുന്നു, പോളി ടെക് നിക്ക് ഇല്‍ പഠിച്ച അച്ഛന്റെ മുതിര്‍ന്ന അനതിരവനായ പുള്ളിക്ക് ഞങ്ങളുടെ ഇടയില്‍ ഒരു വീര പരിവേഷം ഉണ്ടായിരുന്നു. ഏട്ടന്‍ മാരുടെ കൂടെ സ്കൂള്‍ ഇല്‍ പോയി പരിചയമുള്ളത് കൊണ്ടു എനിക്ക് കരച്ചിലൊന്നും വന്നില്ല അന്ന്. അമ്മയും എന്റെ ചില ടീച്ചര്‍ മാരും ഒഴിച്ച് ആരും എന്നെ കാര്യമായി ഗൌനിചിരുന്നില്ല ആദ്യനാളുകളില്‍. രാമന്‍കുട്ടി മാഷും പാച്ചുകുട്ടി മാഷും പഠിപ്പിച്ച ഒന്നും രണ്ടും ക്ലാസ്സുകളില്‍ ഞാന്‍ കേമാനായിരുന്നോ എന്ന് പോലും എനിക്കോര്‍മ്മ ഇല്ല. കളിക്കൂട്ടുകാര്‍ക്കിടയില്‍ പോലും ഞാന്‍ ഒരു പരാജയമായിരുന്നു. രണ്ടാം ക്ലാസ്സില്‍ ഏതോ കവിത ചൊല്ലി പഠിപ്പിച്ച സമയത്താണ് അച്ഛന്‍ മരിച്ചു എന്ന് പറഞ്ഞു എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയത് എന്നാണു എന്റെ അവ്യക്തമായ ഓര്‍മ. അന്ന് ശരിക്കും എനിക്ക് സങ്കടം വന്നിരുന്നോ ? ഞാന്‍ കരഞ്ഞിരുന്നോ? എനിക്കറിയില്ല. വീട് നിറച്ചും ആളുകളുണ്ടായിരുന്നു. ഒരു പാടു കാറുകള്‍. അതൊക്കെ കണ്ടതോര്‍ക്കുന്നു എന്റെ അന്നത്തെ കൊച്ചു മനസ്സ്. അതിന് മുന്പ് മൂത്തമ്മയോടൊപ്പം മെഡിക്കല്‍ കോളേജില്‍ അച്ഛനെ കാണാന്‍ പോയതോര്‍മയുണ്ട്. അച്ഛന്റെ മൂക്കിലൂടെ പ്ലാസ്റ്റിക് പൈപ്പ് പോലുള്ള ഒരു സാധനം ഇട്ടതു കണ്ടു. വേറെയും കുറെ പൈപ്പുകള്‍. മൂത്തമ്മയുടെ മടിയില്‍ ഇരുന്നു തിരിച്ചു പോവുമ്പോള്‍ അച്ഛന്‍ എങ്ങനെ ശ്വാസം കഴിക്കും എന്നതായിരുന്നു എന്റെ ചിന്ത. എല്ലാം കഴിഞ്ഞു എല്ലാവരും തിരിച്ചു പോയപ്പോള്‍ ഇനിയും മടങ്ങി വരാനാവാത്ത അച്ഛന്റെ പുതപ്പും തോര്‍ത്തും എടുത്തു മുഖത്തോട് ചേര്ത്തു വച്ചു ആ സ്പര്‍ശനത്തിന്റെ മണവും സ്നേഹവും സാമിപ്യവും അറിഞ്ഞിരുന്നു ഞാന്‍. പതുക്കെ പതുക്കെ ആ മണവും ഇല്ല്ലതായി. ആ മുഖവും എന്റെ കൊച്ചു ഭാവനയില്‍ അവ്യക്തമായി തുടങ്ങി. ബാക്കിയായത് ജിലെബിയുടെ മധുരമുള്ള ഓര്‍മകളും വെളുത്ത സാരിയുടുത്ത എന്റെ അമ്മയും.
ഒരല്പം പണവും അതിലേറെ മതിപ്പും സമൂഹത്തില്‍ നേടിയ അച്ഛന്റെ ഇന്നും മരിക്കാത്ത പ്രശസ്തി ഏറെ ആസ്വദിക്കുന്നുണ്ട് ഞാന്‍ .നാല്പത്തിനാല് വയസ്സ് കൊണ്ട് ഒരു മുഴുജന്മത്തിന്റെ പേരും പ്രശസ്തിയും ഞങ്ങളുടെ കൊച്ചു നാട്ടില്‍ നേടിയ ആ അച്ഛന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞത് തന്നെയാണ് എന്റെ ഏറ്റവും വലിയ പുണ്യം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
നന്മയാണ് ഏറ്റവും വലിയ മതം. ഏറ്റവും നല്ല വിശ്വാസവും നന്മ ചെയ്യുന്നതാണ്. അസൂയ്യ കൊണ്ട് ശത്രുക്കള്‍ ആയി മാറിയവരുടെ ഇടയില്‍ പോലും അച്ഛനോട് ആദരവ്‌ ഉണ്ടാക്കിയത് അതാണ്‌. ഒരു നൂറു പേരുടെ പ്രശ്നങ്ങള്‍ക്ക്, വിഷമങ്ങള്‍ക്ക്, ഒരേ സമയം സ്വാന്തനമായിരുന്ന ആ മനസ്സിന് സ്വന്തം മനസ്സിന്റെ താങ്ങും തണലുമാകാന്‍ കഴിയാതെ പോയത് എന്തേ? പഴമക്കാരും പുതു തലമുറയും ഒടുവില്‍ ഉത്തരം കിട്ടാതെ വരുമ്പോള്‍ വിധി എന്ന് പറഞ്ഞു ആശ്വസിക്കുന്നത് ശരി തന്നെ. എല്ലാ ജീവിതങ്ങളും നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. എന്റെതും നിങ്ങളുടെതും എല്ലാം. നമുക്ക് മുകളിലും ചുറ്റിലും നമുക്കതീതമായി എന്തെല്ലാമോ ഉണ്ട്. നമുക്കൊരിക്കലും നിര്‍വചിക്കാനാവാത്ത, ന്യായീകരിക്കാനാവാത്ത ഒരു പാട് സമസ്യകളുണ്ട് നമ്മുടെയൊക്കെ കഴിഞ്ഞ കാലത്തിലും ഇന്നിന്റെ പകലുകളിലും നാളെയുടെ പിറവിയിലും. ജീവിതത്തിലെ വിജയങ്ങള്‍ തന്നെ ആപേക്ഷികമാണ്. ആത്യന്തികമായി ആരും ജയിക്കുന്നില്ല. ഉള്ളത് ചില താരതമ്യങ്ങള്‍ മാത്രമാണ്.
ഓര്‍മകളുടെ ആദ്യത്തെ ചിതറിയ ഏടുകള്‍ തല്ക്കാലം ഇവിടെ നിര്‍ത്തട്ടെ.
നന്ദി.....

Thursday, February 5, 2009

ഒരു ആമുഖം: എന്‍റെ ഓര്‍മക്കുറിപ്പ്‌കളിലേക്ക്

പ്രിയമുള്ളവരേ ...

ഇതൊരു ചെറിയ ഇടവേള ആയിരുന്നു. ഞാന്‍ സകുടുംബം ഒന്നു നാട്ടില്‍ പോയി വന്നു. എനിക്കെന്നും നാട് എല്ലാവരെയും പോലെ തന്നെ ഒരു ഓര്‍മപ്പെടുത്തലായിരുന്നു, ഒരു തരം ഗൃഹാതുരത്വം , അങ്ങനെ എല്ലാം ചേര്‍ന്ന ഒരു വികാരം. സന്തോഷത്തിന്റെ ഒരു ഒഴിവുകാലം അതും ബഹറിനില്‍ നിന്നു ആദ്യത്തേത് , കൂട്ടുകാരന്റെ കല്ല്യാണം , പിന്നെ പുതുവര്‍ഷവും ക്രിസ്മസ് ഉം എല്ലാം കൂടി പക്ഷെ ഒരു സുന്ദര പുലര്‍കാല സ്വപ്നം പോലെ വേഗത്തില്‍ കടന്നു പോയതായി അനുഭവപ്പെട്ടു. ഒന്നിച്ചു പഠിച്ചവര്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം ഒത്തു ചേര്‍ന്നത്‌ ആവേശത്തിന് മാറ്റ് കൂട്ടി. ശരിക്കും ഞാനിപ്പോഴും മനസ്സു കൊണ്ടു നാട്ടിലാണ് എന്ന് തോന്നുന്നു. അത് കൊണ്ടു തന്നെ ബ്ലോഗ് ഒന്നും കാര്യമായി തുറന്നു നോക്കിയില്ല . എനിക്കിഷ്ട്ടപ്പെട്ട എന്റെ ബ്ലോഗന്‍ മാരെ വായിച്ചെങ്കിലും ഒന്നു കമന്‍റ് ഇടാന്‍ പോലും തോന്നിയില്ല . എന്തിന്, കുഞ്ഞന് ഒരു കമന്‍റ് ഇട്ടു തമാശക്ക് പുള്ളിയെ ഒന്നു ചൊറിഞ്ഞു പ്രോകൊപിപ്പിക്കുന്ന പതിവു വിക്രിയ പോലും നടത്തിയിട്ടില്ല!!!


ഇനി "ഒരു ആമുഖം: എന്‍റെ ഓര്‍മക്കുറിപ്പ്‌കളിലേക്ക്"എന്ന തലക്കെട്ടിലേക്കു വരാം. ഒരിക്കലും ഒരെഴുത്തുകാരന്‍ ആയിരുന്നില്ല ഞാന്‍ . ഇപ്പോഴും അല്ല എന്നത് അതിവിനയം അല്ല പച്ചയായ സത്യം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എന്നും ഓര്‍മ്മകള്‍ ആയിരുന്നു എന്‍റെ മനസ്സില്‍ . ജനിച്ച വീട് , ആ നാട് അന്നത്തെ ഒരു അന്തരീക്ഷത്തില്‍, ചില പഴയ ആളുകള്‍ , കെട്ടിടങ്ങള്‍, നാടിന്പുരത്തു നടന്ന കൊച്ചു സര്‍ക്കസ്സ് വരെ. എല്ലാര്‍ക്കും എല്ലാവരുടെ മനസ്സിലും ഇതൊക്കെ ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടാവണം. പക്ഷെ എനിക്കതൊക്കെ ഇച്ചിരി കൂടി പോയിരുന്നോ എന്ന് സംശയം. 2004 ഇല്‍ ഞാന്‍ സൌദിയില്‍ ഉള്ള സമയത്തു എനിക്ക് ബ്ലോഗ് ഒന്നും കേട്ടറിവ് പോലും ഇല്ലാത്ത കാലത്ത് എന്‍റെ സുഹൃത്തായ അന്ന് പ്രസ്സില്‍ ജോലി ചെയ്തിരുന്ന പണിക്കര് സമ്മാനിച്ച ഒരു വലിയ നോട്ടു പുസ്തകത്തില്‍ ആ ഏപ്രില്‍ മാസത്തില്‍ എന്‍റെ കുട്ടിക്കാലവും ബാല്യവും എല്ലാം ചേര്‍ത്ത് എന്തൊക്കെയോ പെറുക്കി കൂട്ടി വച്ചു തുടങ്ങി. ഇടക്കൊക്കെ മുറിഞ്ഞും ഇടയ്ക്ക് പെട്ടന്ന് കാലം മാറി മറഞ്ഞും അത് 2006 അവസാനം വരെ തുടര്‍ന്നു. ഇതു കേട്ടാല്‍ ഒരു വലിയ പുസ്തകം എന്ന് തെറ്റിദ്ധരിച്ചു ഭഗവാനെ !!! ഇതു ഇവന്‍ പോസ്റ്റ് ചെയ്‌താല്‍ അതും ഞങ്ങള്‍ വായിച്ചു സഹിക്കണമല്ലോ എന്ന് ചിന്തിച്ചു വിഷമിക്കല്ലേ, എന്‍റെ എഴുത്തുകള്‍ അഥവാ ചാപല്യങ്ങള്‍ വായിക്കാന്‍ നിര്‍ബന്തിതരാകപ്പെട്ട എന്‍റെ അടുത്ത കൂട്ടുകാരെന്കിലും. ഏതാനും ചില താളുകള്‍ മാത്രമെ ഉള്ളു ... പക്ഷെ അതില്‍ ഒട്ടൊക്കെ ഞാന്‍ ഉണ്ട് ...അത് എന്‍റെ മനസ്സാണ് ..എന്‍റെ താളപ്പിഴകളും ...എന്‍റെ നഷ്ടങ്ങളും അതില്‍ ഉണ്ട് . അതോടൊപ്പം എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങളും , മധുരസ്മരണകളും ഉണ്ട്. എവിടെയും തുടങ്ങാതെ എവിടെയും അവസാനിപ്പിക്കാതെ അടച്ചു വച്ച ആ പുസ്തകം ഒരിക്കല്‍ അടുത്തൊരു കൂട്ടുകാരനെ കാണിച്ചു. സുഹൃത്തായതു കൊണ്ടാവണം പുള്ളി നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഇംഗ്ലീഷില്‍ സാങ്കേതിക എഴുത്തുകള്‍ക്ക് അപ്പുറം സാഹിത്യം എഴുതാന്‍ അശക്തനാണ് എന്ന തിരിച്ചറിവ് അതെല്ലാം കമ്പ്യൂട്ടര്‍ കോപ്പി ആക്കി വയ്ക്കുന്നതില്‍ നിന്നും എന്നെ വിലക്കി. പതിയെ അത് മറന്നു. കല്ല്യാണശേഷം അവളെ കാണിച്ചു ഒരിക്കല്‍, മടിച്ച് മടിച്ചു ഒരു കൊച്ചു കുട്ടിയുടെ ജ്യാള്യതയോടെ. മുഴുവന്‍ ഇരുന്നു വായിച്ച അവളുടെ "ഇനിയും എഴുതണം" എന്ന സ്വാഭാവികമായും കണവന് കൊടുക്കുന്ന അഭിനന്ദനമല്ല മറിച്ച്, അത് വായിച്ചു കഴിഞ്ഞ അവളുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനാണ് എന്ന ചിന്തയാണ് എന്നെ സന്തോഷിപ്പിച്ചത്. പിന്നീട് വീണ്ടും കുറച്ചു താളുകള്‍ കൂടി എഴുതി. അതില്‍ പിന്നെടങ്ങോട്ടുള്ള എന്‍റെ ജീവിതത്തിലെ അവളും കടന്നു വന്നത് കൊണ്ട് അവളെ കാണിച്ചില്ല. എന്തോ ഒരു സഭാകമ്പം. സൌദിയില്‍ നിന്ന് കെട്ടു കെട്ടി പോയപ്പോള്‍ വലിയ പെട്ടിയുടെ ഒരു മൂലയ്ക്ക് ആ പുസ്തകവും പൊതിഞ്ഞു വച്ചു. ജോലിയും രാജ്യവും ജീവിതവും മാറുന്നതിനിടെ ആ എഴുത്തുകളെ തന്നെ മറന്നു. ഇത്തവണ നാട്ടില്‍ ചെന്ന് അലമാരിയില്‍ എന്തോ തപ്പുന്നതിനിടെ ചുവന്ന ചട്ടയുള്ള ആ പുസ്തകം കണ്ണില്‍ ഉടക്കി. ആ താളുകള്‍ ചീന്തിയെടുത്തു ഇങ്ങോട്ട് പോരുമ്പോള്‍ പെട്ടിയില്‍ വച്ചു. ഇന്നെനിക്കു ആ താളുകള്‍ ആ ഭാഷയില്‍ തന്നെ എന്‍റെ ബ്ലോഗിലെ കൊച്ചിടത്തില്‍ പകര്‍ത്താം. ഒരു വരി പോലും മാറ്റാതെ. അത് ആരും വായിച്ചില്ലെങ്കില്‍ പോലും ചിതലരിക്കാത്ത താളുകളായി അവശേഷിക്കുമല്ലോ എന്നും എപ്പോഴും എനിക്ക് ആ കാലയളവിലക്കുള്ള ചില്ലുജാലകമായി..........