Tuesday, August 17, 2010

ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം രണ്ട്

വീണ്ടും പഴയ ഓര്‍മകളിലേക്ക് മനസ്സ് കൂപ്പ് കുത്തിയപ്പോള്‍ ഇനിയും കുറിക്കാന്‍ എന്തൊക്കയോ ഉള്ളതായി തോന്നി.ഇടവേള നീണ്ടു പോയി എന്നത്തേയും പോലെ. കാലവും അവസ്ഥയും മാറിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും മാറ്റങ്ങളുടെ പുതിയ ഏടുകള്‍ ആണ്. എന്തിന് നമ്മുടെയെല്ലാം ഓരോ മാസവും ദിവസവും മിനിറ്റുകള്‍ പോലും അങ്ങനെ അല്ലെ? ഓര്മ്മകക്കുറിപ്പുകള്‍ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച എഴുതി ചേര്ക്കുമ്പോള്‍ ഞാന്‍ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛന്‍ ആയി കഴിഞ്ഞിരിക്കുന്നു. കാതിലും കണ്ണിലും അവരുടെ കൊഞ്ചലുകളും പാല്‍പുഞ്ചിരികളും ആണ്.ജീവിതം തന്നെ അവരിലെക്കും അവരുടെ അമ്മയിലെക്കും ചുരുങ്ങുന്നു. അവള്‍ അവരെ മാറി മാറി താലോലിക്കുമ്പോള്‍, നിറചുംബനങ്ങള്‍ കൊണ്ട് അവരെ മൂടുമ്പോള്‍ ഓര്‍മകളില്‍ ഞാന്‍ വീണ്ടും ഞാന്‍ ആ പഴയ കുട്ടിയാകുന്നു. ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം. മനസ്സില്‍ നിറതിങ്കള്‍ ആയി അമ്മ കടന്നു വരുന്നു. ഓര്‍മകളെ മനസ്സിന്‍റെ കണ്ണീരു നനച്ച് വീണ്ടും ഉണര്‍ത്തുകയാണ് കാലം. ഓര്‍മകളില്‍ വീണ്ടും ആ പഴയ കുട്ടിയാവുന്നു ഞാന്‍. പതിനഞ്ചു വയസ്സിലും അമ്മയുടെ ചൂട്‌ തട്ടി കൂടെ കിടന്നുറങ്ങാന്‍ വാശി പിടിച്ചിരുന്ന കുട്ടി. അന്ന് അകാലത്തില്‍ അമ്മയെ അടര്‍ത്തി മാറ്റിയ ഓര്‍മകളുടെ മുറിവുകള്ക്ക് ഈ ആഗസ്റ്റ്‌ വരുമ്പോള്‍ ഇരുപത്തിമൂന്നു വയസ്സ്. വര്‍ഷങ്ങള്‍ക്കപ്പുറം ആ യാഥാര്ത്യത്തിനു മുമ്പില്‍ പകച്ചു നിന്ന് പോയ അമ്മയുടെ ഇളയ മകന്റെ നിസ്സഹായത ഇന്നും വേട്ടയാടുന്നു എന്റെ മനസ്സിനെ.

ഞാന്‍ മുന്‍പ് എഴുതിയ പോലെ ഓര്‍മകളും ജിലെബിയുടെ മധുരവും ബാകിയാക്കി അച്ഛന്‍ കടന്നു പോയപ്പോള്‍ ശേഷിച്ചത് ഉത്സവത്തിന്റെ വളപ്പൊട്ടുകള്‍ മാത്രമായിരുന്നു. ചായ നിറമുള്ള കാറും വെള്ളയും നീലയും ചേര്ന്ന് സ്കൂട്ടറും ഓര്‍മയായി. സ്വീകരണ മുറിയിലെ ആ അധികാരത്തിന്റെ കസേര ഒഴിഞ്ഞു കിടന്നു. ഗൌരവത്തോടെ നോക്കി ഇരിക്കുന്ന അച്ഛന്റെ പടം ഭിത്തിയില്‍ തൂങ്ങിയത് പിന്നെയും ഏറെ കഴിഞ്ഞാണ്. കാരണം അച്ഛന്‍ പോയി എന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ അമ്മ അപ്പോഴും തയ്യാറായിരുന്നില്ല. ക്രമേണ ആളും അരങ്ങും ഒഴിഞ്ഞു. നിറഞ്ഞ ചായക്കപ്പുകളും ട്രേയുമായി തിരക്കുള്ള അമ്മയെ പിന്നെ കണ്ടില്ല. വിരുന്നും സല്കാരങ്ങളും ഒഴിഞ്ഞു. ധനമായും അര്‍ത്ഥമായും അച്ഛന് കിട്ടനുള്ളവരെ തേടി ആരും പോയില്ല. പകരം ചില ഒറ്റപ്പെട്ട അഥിതികളെ കണ്ടു. കേട്ടറിവ് പോലുമില്ലാത്ത ചില കണക്കുകള്‍ നിരത്തി അവര് വന്നപ്പോഴും ചായക്കപ്പുകള്‍ നിറച്ചു സ്വീകരിച്ചു. ചമയങ്ങള്‍ ഒഴിച്ച് വച്ച് സാധാരണ ജീവിതത്തിലേക്ക് ചുവടു വച്ച് അവരെയും പറഞ്ഞു വിട്ടപ്പോള്‍ വിരുന്നുകളും സല്കാരങ്ങളും തുടങ്ങിയിരുന്നു. പക്ഷെ അത് ഞങ്ങളുടെ മതില്‍കെട്ടിന് പുറത്തായിരുന്നു. ആരും ഞങ്ങളെ വിളിച്ചില്ല .അവിടെ ഞങ്ങള്‍ ബന്ധുക്കളോ അഥിതികളോ ആയിരുന്നില്ല അവര്‍ക്ക് എന്ന് തോന്നി. തേങ്ങയും നെല്ലും പിന്നെ തൊഴുത്തിലെ പശുവും ഞങ്ങളെ വളര്‍ത്താന്‍ അമ്മക്ക് തുണയായി. അച്ഛന്‍ മക്കള്ക്കാനയി അമ്മയെ ഏല്പ്പി ച്ചു പോയ ആ കരുതല്‍ എത്ര വിലപ്പെട്ടതായി എന്ന് അറിയുകയായിരുന്നു അപ്പോള്‍ .

ചില്ലുജാലകങ്ങള്‍ അടച്ചിട്ടു കരിങ്കല്‍മതില്‍കെട്ടിനുള്ളില്‍ഞങ്ങളെ സുരക്ഷിതരാക്കി വളര്‍ത്തി അമ്മ. ഞാന്‍ ആ ചിറകുകള്ക്ക് താഴെ സുരക്ഷിതനായിരുന്നു. അല്ലെങ്കില്‍ എന്റെ ലോകം അമ്മക്ക് ചുറ്റും ആയിരുന്നു. വെളുപ്പിന് അമ്മ ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോള്‍ കുളിച്ചു കുറി തൊട്ടു ഉച്ചത്തില്‍ വായിച്ചു പഠിച്ചിരുന്ന ഞാന്‍, പിന്നെ എട്ടു മണിക്ക് സ്കൂളില്‍ എത്തി ഒന്നാം ബഞ്ചില്‍ ടീച്ചറുടെ നല്ല കുട്ടിയായ ഞാന്‍. എനിക്ക് നല്ല കൂട്ടുകാര്‍ പോലും ഇല്ലായിരുന്നോ? ക്ലാസ്സില്‍ ഒന്നാമാനെന്നു രേഘപ്പെടുത്തിയ പ്രോഗ്രസ് കാര്ഡി്ല്‍ താഴെ ഒപ്പ് വയ്ക്കുന്ന അമ്മയുടെ കണ്ണില്‍ വെള്ളം നിറയുന്നത് എന്തിനായിരുന്നു? രാത്രികളില്‍ അമ്മയുടെ കൈയില്‍ തല ചേര്‍ത്ത് കിടക്കുന്ന എന്റെ നെറ്റിയില്‍ ഉമ്മ വച്ച് ഉറക്കിയത് കണ്ണീരിന്റെ നനവുള്ള സ്നേഹസ്പര്‍ശം ആയിരുന്നു. ആ തലോടലില്‍ അല്ലലില്ലാതെ ഉറങ്ങി എണീറ്റു ഞാന്‍. തേങ്ങ വിറ്റ പണവുമായി വരുന്ന ഏട്ടന്റെ കൈയ്യില്‍ എനിക്കായ്‌ അമ്മ പറഞ്ഞെല്പ്പിച്ച ചായപ്പെട്ടികളും ബ്രഷും ഉണ്ടാവും. കണ്ണില്‍ കണ്ടതെല്ലാം കടലാസില്‍ പകര്‍ത്തി ചായം തേച്ചു തിമര്‍ക്കുന്നതായിരുന്നു എന്റെ അവധിക്കാലങ്ങള്‍. പിന്നെ അമ്മയുടെ കൈ പിടിച്ചു വയലും പറങ്കിമാവിന്റെ തോട്ടങ്ങളും കടന്നു മലയിറങ്ങി അമ്മാവന്റെ വീട്ടില്‍. രാത്രി വൈകി പുഴ മീനുമായി വരുന്ന അമ്മാവനെ കാത്തു ഉണ്ണാതെ കാത്തിരുന്ന രാതികള്‍. വിരലിലെ ഇല്ലാത്ത മുറിവ് കാണിച്ചു ചോറ് വാരി തരാന്‍ അമ്മക്ക് മുന്നില്‍ വട്ടം കറങ്ങുന്നത്. മധുരമുള്ള ആയിരം ഓര്‍മകള്‍ക്ക് മരണമില്ലല്ലോ?

ഒന്പതാം ക്ലാസ്സില്‍ ഒരവധി ദിവസം അമ്മയോടൊപ്പം വൈദ്യനെ കാണാന്‍ പോയത് ഇപ്പോഴും ഓര്‍ക്കുന്നു. പിന്നെ അടുത്ത ദിവസം മറ്റൊരു അലോപ്പതി ഡോക്ടറുടെ വീട്ടിലേക്കു പോവുമ്പോള്‍ മൂത്തമ്മയും കൂടെ ഉണ്ടായിരുന്നു. അന്ന് അമ്മയുടെ മുഖം വിളറിയ പോലെ എനിക്ക് തോന്നിയതാണോ? നിറയെ ഒട്ടു മാവുകളും ചെടികളും നിറഞ്ഞ മുറ്റമുള്ള മൊസൈക് പാകിയ വരാന്തയുള്ള ആ വീട്ടില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള ഒരു കുറിപ്പുമായി ഇറങ്ങി വരുമ്പോള്‍ അമ്മയുടെ കണ്ണുകളില്‍ എന്തായിരുന്നു? ഡോക്ടറുടെ മുറിയില്‍ നിന്ന് മാവിന്‍ ചുവട്ടിലെ കിളിക്കൂടുകളും മീന്‍കുളവും കാണാന്‍ എന്നെ പറഞ്ഞയച്ചതാരായിരുന്നു? മൂത്തമ്മയോ? അതോ ആ നരച്ച മീശ ഉള്ള ആ മെല്ലിച്ച ഡോക്ടര്‍ ആയിരുന്നോ? ഓര്‍മ്മയില്ല.

അന്ന് നേരെ മൂത്തമ്മയുടെ വീട്ടിലെക്കായിരുന്നു പോയത്. അങ്ങോട്ട്‌ നടക്കുമ്പോള്‍ എന്റെ കൈ മുറുകെ പിടിച്ചിരുന്നു അമ്മ. കൊച്ചു കുട്ടികളെ കൈ വിട്ടു പോവാതെ പിടിക്കുന്നത്‌ പോലെ. ചൂടുള്ള വറുത്ത കായയുടെ മണം ആണ് മൂത്തമ്മയുടെ വീടിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക. വറുത്ത കായ കടകള്‍ നിറയെ ഉള്ള ഒരു കവലയ്ക്കു പിന്നില്‍ ആണ് ആ വീട്. ചാരിയിട്ട മുറി വാതിലിനു അപ്പുറം അമ്മയോട് അവരൊക്കെ ചേര്ന്ന് എന്തോ സംസാരിക്കുമ്പോള്‍. ചന്ദ്രേട്ടന്‍ എന്റെ കൈ പിടിച്ചു പുറത്തേക്കു നടന്നു. എന്നത്തേയും പോലെ ചൂടുള്ള വറുത്ത കായും സര്‍ബത്തും വാങ്ങി തന്നു,മെഡിക്കല്‍ കോളേജില്‍ പോണത്‌ എന്തിനാണെന്ന് മാത്രം പറഞ്ഞില്ല. തിരിച്ചു അങ്ങോട്ട്‌ ചെല്ലുമ്പോള്‍ ചാരിയ വാതിലിനു അപ്പുറം കേട്ടത് അമ്മയുടെ തേങ്ങല്‍ ആയിരുന്നോ? “എന്റെ മക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍...... എന്ന വാക്ക് അമ്മ മുഴുമിപ്പിക്കാത്തത് എന്നെ കണ്ടപ്പോഴാണോ? എന്റെല തലയില്‍ തലോടി അമ്മയ്ക്ക് ഒന്നുമില്ല മോനെ എന്ന് ആശ്വസിപ്പിച്ചത് എന്തിനായിരുന്നു?

പിന്നെ അടുത്ത രണ്ടു ദിവസങ്ങള്‍ മണിക്കൂറുകള്‍ പോലെ കടന്നു പോയി.വീട്ടില്‍ വലിയമ്മമാരും മാമനും പിന്നെ വലിയച്ചനും എല്ലാം ആയി തിരക്കുകളില്‍ ഞാന്‍ സുരക്ഷിതത്വത്തിന്റെ ആശ്വാസം കണ്ടെത്തി.ആശുപത്രിയിലേക്ക് പോയ അമ്മ അന്ന് മടങ്ങി വന്നില്ല ഏട്ടന്‍ വന്നു. ഒന്നും പേടിക്കാനില്ല നീ പഠിച്ചോ എന്നും പറഞ്ഞു ആ പഴയ ഇളം പച്ച ഫ്ലാസ്കും ടിഫിന്‍ പാത്രങ്ങളും കവറിലാക്കി ഗേറ്റ് കടന്നു പോവുന്ന കാഴ്ച ഇന്നും ഓര്‍മയില്‍ തങ്ങി നില്ക്കു്ന്നു. പ്രായത്തിനപ്പുറം ഭാരം താങ്ങി നീങ്ങാന്‍ വിധിക്കപ്പെട്ട അന്നത്തെ ആ ഇരുപതുകാരനെ അന്നും ഇന്നും ആരും മനസ്സിലാക്കിയില്ല എന്നത് ഒരു സത്യമായി അവശേഷിക്കുന്നു. ഒന്പതാം ക്ലാസ്സിലെ വാര്ഷിനക പരീക്ഷക്കു വേണ്ടി മലയാളം പദ്യം ഉറക്കെ വായിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍.

സര്‍ജറി കഴിഞ്ഞതിന്റെ പിറ്റേന്നാണ് എട്ടനോപ്പം ഞാനും ആശുപത്രിയില്‍ പോയത്. എന്റെ പരീക്ഷകള്‍ മുടങ്ങരുത്‌ എന്ന് അമ്മയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്നും ഞങ്ങള്‍ മക്കളുടെ പഠനം മാത്രമായിരുന്നു അമ്മയുടെ ആദ്യത്തെ ചിന്ത. ക്രമമില്ലാതെ പെറ്റ് പെരുകിയ കോശങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ അമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിമ ഉണ്ടായിരുന്നു. അടുത്ത് സ്ടൂളില്‍ ഇരുത്തി എന്റെ മുടിയിഴകളില്‍ വിരലോടിച്ചു എന്നോട് വീടിനെപറ്റിയും പിന്നെ മറ്റെന്തൊക്കെയോ ചോദിച്ചു. വെളുത്ത നിറം പൂശിയ ഇരുമ്പ് കട്ടിലില്‍ പച്ച റെക്സിന്‍ കിടക്കയില്‍ അമ്മയെ ആദ്യമായി കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. കൈകളില്‍ അമ്മ തലോടുമ്പോള്‍ ജനലഴികള്ക്ക് അപ്പുറം ആശുപത്രിയുടെ താഴെ നിലകളിലെ തിരക്കിന്റെ കാഴ്ചകള്‍ നോക്കി നില്ക്കുശകയായിരുന്നു ഞാന്‍ . എനിക്കെന്തോ പെട്ടന്ന് അവിടെ നിന്ന് പോവാന്‍ തോന്നി. തിരിച്ചു പോരുമ്പോള്‍ വൈകാതെ മടങ്ങി വരുന്ന അമ്മയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു എന്റെ മനസ്സില്‍. രാത്രികളില്‍ മൂതമ്മയുടെ അരികു ചേര്ന്ന്ച കിടന്നുറങ്ങി. തൈലത്തിന്റെ മണമായിരുന്നു ചേര്ത്ത് പിടിച്ച കൈകള്‍ക്ക്. അതില്‍ അമ്മയെ കണ്ടെത്താന്‍ ശ്രമിച്ച എന്റെ മോഹം എന്നെ ഉറക്കത്തിലേക്ക് തള്ളി വിട്ടു.

മുന്നില്‍ മീറ്റര്‍ പിടിപ്പിച്ച കറുപ്പും മഞ്ഞയും ചായം തേച്ച ടാക്സിയില്‍ പിന്സീറ്റില്‍ ഇരുന്നു അമ്മ വരുമ്പോള്‍ തെക്കേ പറമ്പിലെ വരിക്ക പ്ലാവിന്റെ വേരില്‍ ചവിട്ടി മതിലിനു മുകളിലൂടെ നോക്കി കാത്തിരിക്കുകയായിരുന്നു ഞാന്‍. കളഞ്ഞു കിട്ടിയ കളിപ്പാട്ടം പോലെ അമ്മയെ ഞാന്‍ നോക്കി നില്ക്കുകയായിരുന്നു. മാമനും വലിയച്ചനും ഏട്ടന്മാരും ചേര്‍ന്ന് കൂട്ടായ തീരുമാനം ആയിരുന്നു അമ്മ വിശ്രമത്തിനായി അമ്മമ്മയോടൊപ്പം മാമന്റെ വീട്ടിലേക്കു അന്ന് തന്നെ പോണു എന്നത്. വിങ്ങുന്ന മനസ്സുമായി വിറകുപുരയ്ക്ക് പിന്നില്‍ പോയി നിന്നത് ഓര്മയുണ്ട്. പത്താം ക്ലാസ്സിലേക്കുള്ള പുസ്തകങ്ങളുമായി അമ്മയ്ക്കൊപ്പം പോവാന്‍ സമ്മതം തന്നത് ഏട്ടന്‍ ആയിരുന്നു എന്ന് തോന്നുന്നു. അങ്ങനെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ആഹ്ലാദകരമായ ഒരു അവധിക്കാലത്തിലേക്കു അമ്മയോടൊപ്പം പറങ്കിമാവിന്‍ തോട്ടങ്ങള്‍ നിറഞ്ഞ മലകളുടെ ഇടയില്‍ വെള്ള പാറയും പുഴയും അതിരിട്ട ഗ്രാമത്തിലെ അമ്മാവന്റെ വീട്ടിലേക്കു ഞാനും.

അവിടെ സ്വസ്ഥവും സമാധാനവും നിറഞ്ഞ സ്വന്തം വീട്ടില്‍ അമ്മ ആരോഗ്യം വീണ്ടെടുക്കുന്നത് ഞാന്‍ അനുഭവിച്ചു. തുറന്ന വരാന്തയിലെ തിണ്ണയില്‍ ഇരുന്നു പത്താം ക്ലാസ്സിലെ പാഠങ്ങള്‍ വായിക്കുമ്പോള്‍ അമ്മ കൂട്ടിരുന്നു.പിന്നെ പുഴമീന്‍ കൂട്ടി ചോറ് വാരി തന്നു.എന്റെ പകലുകള്‍ മച്ചുനനുമൊത്തു പുഴയോരത്ത് സൈക്കിള്‍ ചവിട്ടിയും പറങ്കിമാവിന്‍ കൊമ്പില്‍ തൂങ്ങി കളിച്ചും അമ്മമ്മ ചുട്ടു തന്ന കശുവണ്ടി തിന്നും കടന്നു പോയി. ആഘോഷങ്ങളുടെ സമയം കഴിഞ്ഞിരുന്നു. എനിക്ക് സ്കൂളിലേക്കും അമ്മക്ക് റെഡിയെഷന്‍ വേണ്ടിയും വീടിലേക്ക് പോരാന്‍ സമയം ആയിരുന്നു. റെഡിയെഷന്‍ എന്നാല്‍ എന്തെന്നറിയാന്‍ അന്ന് ഗൂഗിളും കമ്പ്യൂട്ടറും ഇല്ലായിരുന്നു എന്റെ മുമ്പില്‍.

കോശങ്ങള്‍ കരിച്ചു കളയുന്ന ആദ്യ ദിവസം കൊണ്ട് തന്നെ അമ്മ തളര്ന്നിരുന്നു.പിന്നീടുള്ള ഓരോ പോക്കും തളര്ച്ചയുടെതായി. ഒരു ദിവസം ബാത്ത് റൂമിലേക്ക്‌ പോയ അമ്മ കാലില്‍ കഠിനമായ വേദന സഹിക്കാതെ അലറി കരഞ്ഞത് ഓര്‍മ്മയുണ്ട്.പിറ്റേന്ന് ആശുപത്രിയില്‍ ചെന്ന ഞാന്‍ കണ്ടത് കാലില്‍ പ്ലാസ്റെര്‍ ഇട്ടു കിടക്കുന്ന അമ്മയെ ആണ്. ദീനതയുടെ നിസ്സഹായത അമ്മയുടെ മുഖത്ത് ഞാന്‍ ആദ്യമായി കണ്ടു. മൂക്കില്‍ കുഴല്‍ ഇട്ടു കിടത്തിയ അച്ഛനെയും പിന്നെ അച്ഛനെയും കൊണ്ട് വന്ന വെളുത്ത വണ്ടിയും എന്തിനോ എന്റെ‍ മനസ്സില്‍ തെളിഞ്ഞു വന്നു. ഏട്ടന്മാരടക്കം ചോദിച്ചവരെല്ലാം പതിവ് പല്ലവി ആവര്ത്തി്ച്ചു. കാല്‍ ഉളുക്കിയതാണ് പെട്ടന്ന് മാറും തിരിച്ചു വരും. ഇത് പത്താം ക്ലാസ്സ്‌ ആണ് പഠിക്കാന്‍ അലസത അരുത്. വീട്ടില്‍ വലിയമ്മമാരും കുടുംബത്തിലെ ചേച്ചിമാരും ഉണ്ടായിരുന്നു എന്നും. മൂത്തമ്മ ആശുപത്രിയില്‍ തന്നെ നിന്നത് എന്തിനായിരുന്നു എന്ന് എനിക്കന്നു മനസ്സിലായില്ല.

നാലാമത്തെ ദിവസം ചെറിയ ഏട്ടന്റെ കൂടെ അമ്മയെ കാണാന്‍ പോയത് ഇന്നും ഓര്‍ക്കുന്നു. അമ്മയുടെ മുഖത്ത് എന്തായിരുന്നു? അടുത്തിരുന്ന എന്നെ പതിവ് പോലെ തലോടിയില്ല. പകരം പഠനത്തെ കുറിച്ച് ചോദിച്ചു ആദ്യമായി. ഒരിക്കലും അത്തരം ഒരു ചോദ്യത്തിനു അവസരം ഉണ്ടാക്കിയിരുന്നില്ല ഞാന്‍. പിന്നെ ഇപ്പോള്‍ എന്താണ് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍. കാണാന്‍ വന്ന പലരുടെയും സംഭാഷണങ്ങള്‍ ഞാന്‍ അടുത്ത് ചെല്ലുമ്പോള്‍ മുറിഞ്ഞു. അറിയാത്ത ഒരു അപകടം ഞാന്‍ മണത്തു. പതിവ് തെറ്റിക്കാതെ അടുത്ത രണ്ടു ദിവസവും സ്കൂളില്‍ പോയി .
അന്ന് രാത്രി പാതിരാക്ക്‌ ഞാന്‍ ഉണര്‍ന്നത് എങ്ങിനെയായിരുന്നു? അപ്പോള്‍ ചാരുമുരിയില്‍ നിന്ന് അടക്കിയ സംസാരം കേട്ടോ? വാതിലിന്റെ അരികു പറ്റി ഇറയത് ജനലിനോട്‌ ചെവി ചേര്ത്തപ്പോള്‍ കേട്ടത് വലിയച്ഛന്റെ ശബ്ദം."ഇനി ഏറിയാല്‍ എണ്ണപ്പെട്ട ദിവസങ്ങള്‍.അത് വീട്ടില്‍ കൊണ്ടുവന്നു ആവുന്നതല്ലേ നല്ലത് ? നീ അത് ആലോചിക്കാത്തത് എന്താണ്? ഏട്ടന്റെ അടക്കിയ തേങ്ങലുകള്‍ ആയിരുന്നു മറുപടി. പിന്നെ എത്ര നേരം ജനിളില്‍ ചെവി വച്ച് നിന്ന് എന്ന് ഓര്‍മ്മയില്ല. പെരുവിരല്‍ മുതല്‍ അരിച്ചു കയറുന്ന ഒരു വല്ലാത്ത തണുപ്പ് ഞാന്‍ അറിഞ്ഞു. മരണത്തിന്റെ മരവിപ്പും കാറ്റും എന്റെ കാതിലും വീശി.എപ്പോഴോ ആടി ഉലഞ്ഞു കിടക്കാന്‍ പോയത് ഞാന്‍ അല്ലാതെ മറ്റാരും അറിഞ്ഞില്ല. എല്ലാം വ്യക്തമായിരിക്കുന്നു.അമ്മയുടെ നിസ്സഹായതയുടെ നിര്വിരകാരത ഞാന്‍ അന്ന് ഓര്ത്തു . ജീവിതത്തില്‍ വിശപ്പില്ലയ്മ്മ പിറ്റേന്ന് ഞാന്‍ അറിഞ്ഞു. വലിയമ്മ വിളമ്പി തന്ന ചോറ് വിഴുങ്ങാന്‍ ഞാന്‍ പാട് പെട്ടു.

പിറ്റേന്ന് ഓഗസ്റ്റ്‌ 21.പതിവ് കഞ്ഞിയുമായി ആശുപത്രിയിലേക്ക് പോയ ഏട്ടന്‍ ഞാന്‍ സ്കൂളില്‍ പോണതിനു മുമ്പ് തിരിച്ചു വന്നു. പതിവില്ലാതെ വീണ്ടും കുളിച്ചു. കാണെക്കാണേ വീട്ടില്‍ ആളുകള്‍ നിറഞ്ഞു. എപ്പോഴോ ചാരുമുറിയിലെ സോഫയില്‍ ഞാന്‍ ഇരുന്നു. ഏട്ടന്മാരും അടുത്ത് തന്നെ ഉണ്ടായിരുന്നു. ഫോണ്‍ നിര്‍ത്താതെ കരഞ്ഞു. അതെടുത്ത പലരും പറയാതെ പലതും മൂളുന്നത് കേട്ടു. മുള ചീന്തുന്നത് പോലെ ഉള്ള കരച്ചില്‍ കേട്ടു വഴിയിലേക്ക് നോക്കി.ചേച്ചിയെയും കൊണ്ട് വന്ന ഓട്ടോറിക്ഷ തിരിച്ചു പോവുന്നത് കണ്ടു പിന്നാലെ വരുന്ന വസന്തെട്ടനെയും. ഇപ്പോള്‍ ചാരുമുറി നിറഞ്ഞിരിക്കുന്നു. എന്റെ അടുത്ത് ഏട്ടന്റെ കൂട്ടുകാരന്‍ ഇരിക്കുന്നു. ആള്‍കൂട്ടത്തിന് ഇടയില്‍ ഞാന്‍ എന്നെ ഒളിപ്പിച്ചു.ആ തിരക്കില്‍ ഞാന്‍ സ്വയം അഭയം കണ്ടെത്തി.സമയം ഒരു നിമിഷം പോലും ആര്‍ക്കു വേണ്ടിയും കാത്തിരുന്നില്ല. മുറ്റത്ത്‌ ഒരു വെള്ള വണ്ടി വന്നു നിന്നത് പാതി തുറന്ന ജനലിലൂടെ കണ്ടു.അല്പസമയത്തിനു ശേഷം അകത്തെ മുറികളില്‍ നിന്ന് കേട്ട കരച്ചിലിന്റെ ഉയര്ന്ന താളം എന്നെ അത് ബോധ്യപ്പെടുത്തി . അമ്മ വന്നിരിക്കുന്നു അവസാനമായി.

പതിയെ ചെവിയില്‍ ആരോ ചോദിച്ചു."നിനക്ക് കാണണ്ടേ? വാ എണീക്ക് എന്ന്."എന്റെ ഉത്തരം എന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നു.പിന്നീടെപ്പോഴോ ഒരു യന്ത്രം കണക്കെ ചെന്നു.ബോധം മറഞ്ഞു കിടക്കുന്ന ചേച്ചിയുടെ അപ്പുറം തലയില്‍ കൈ വച്ച് ഇരിക്കുന്ന മൂത്തമ്മക്ക് പിന്നില്‍ ....കട്ടില്‍ അഴിച്ചു മാറ്റിയ നടുമുറിയില്‍...പിന്നെ എണ്ണ നിറച്ച തിരി കത്തിച്ച നിലവിളക്ക് സാക്ഷിയായി നെറ്റിയില്‍ ഭസ്മം തൊട്ടു രാമച്ചം വിരിച്ച പായയില്‍ ..വേദനകള്ക്ക്പ വിട പറഞ്ഞു ..എന്നെ തലോടാന്‍ കൈകള്‍ ഉയര്‍ത്താതെ ...ഒടുവില്‍ തെക്കേ പറമ്പില്‍ ഏഴു വര്ഷനത്തിനിപ്പുറം വീണ്ടും ഉയര്‍ന്ന ചിതയിലെ തീയായി ...ഞാന്‍ കണ്ടു...

അവിടെ ആ പതിനഞ്ചു കാരനും മരിച്ചു. സ്കൂളിലെ നല്ല വിദ്യാര്‍ഥിക്കുള്ള സമ്മാനം വാങ്ങിയ,എന്നും ചന്ദനക്കുറി തൊട്ടു വന്ന,ക്ലാസിലെ ആ മിടുക്കനായ കുട്ടി എവിടെ എന്ന് ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.പത്താം തരത്തില്‍ ഏറ്റവും കേമനാവും എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ മാത്രം പറ്റി.തൊട്ടതെല്ലാം പൊന്നാക്കുന്ന ആ അനുഗ്രഹം അസ്തമിച്ചിരുന്നു. മുന്നില്‍ കണ്ടവരില്‍ എല്ലാം അമ്മയെ തേടി അവന്‍. ഇല്ലെന്നു അറിഞ്ഞിട്ടും ഇല്ലാത്തത് തേടിയപ്പോള്‍ മനസ്സിന്റെ കടിഞ്ഞാണും വിട്ടു പോയി. അവന്‍ കണ്ടതെല്ലാം പൊയ് മുഖങ്ങളയായിരുന്നു. അതറിഞ്ഞു കൊണ്ട് തന്നെ ഈയാം പാറ്റയെ പോലെ ചിറകു കരിഞ്ഞു വീണു. ഉയിര്ത്തെഴുനെല്‍ക്കാന്‍ ശ്രമിച്ചപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു. നിരാശയുടെ ചാരങ്ങള്‍ക്ക് മുകളില്‍ നിന്ന് തേങ്ങിയത് ഞാന്‍ തന്നെ അല്ലെ ? വൈകി വന്ന ഈ വസന്തം ഒരു പക്ഷെ അമ്മയുടെ അനുഗ്രഹം അല്ലെ ? അല്ലെങ്കില്‍ മറ്റെന്താണ് ? ഒരു പൂക്കുറ്റി കത്തി തീരും പോലെ ജീവിതം കത്തിച്ചു തീര്ക്കാനായിരുന്നു പിന്നീടുള്ള ശ്രമം. നാശം കണ്മുന്‍പില്‍ കണ്ടു. ചിരിയോടെ തന്നെ. പക്ഷെ ആത്മാവിനു മരണമില്ല എന്നത് എത്ര ശരി? കൈക്കുമ്പിളില്‍ കോരി എടുത്തു ജീവിതത്തിന്റെ നന്മയിലേക്ക് എടുത്തു കിടത്തിയത്‌ ആ ആത്മാവ് തന്നെ അല്ലെ ? പക്ഷെ ഇന്നും നീറുന്നു ഞാന്‍ ആ മടിയില്‍ ഒരിക്കല്‍ കൂടി തല ചായ്ക്കാന്‍ .....

ഇത് എന്റെ അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിലുള്ള സമര്‍പ്പണം