Thursday, July 17, 2008

ഞാന്‍ അറിഞ്ഞ ഗള്‍ഫ്- 2

ഒരു തെരുവില്‍ അവന്റെ വണ്ടി നിര്‍ത്തി. കൂടെ ഉണ്ടായിരുന്നവരെല്ലാം ഇറങ്ങുന്നത് കണ്ടപ്പോള്‍ ഇതു തന്നെ ദമാം എന്ന് ഉറപ്പിച്ചു. നേരം ശരിക്കും വെളുത്തിരുന്നില്ല. തണുപ്പും മഞ്ഞിന്റെ നനവും ഉണ്ടായിരുന്നു എനിക്ക് പുതിയതായ ആ നഗരത്തിന്. S.T.D, I.S.D Local Call എന്നെഴുതിയ കണ്ണാടി ചില്ലിട്ട മുറികളൊന്നും കണ്ടില്ല എവിടെയും. ഞാന്‍ ജനിച്ച എന്റെ മണ്ണില്‍ നിന്നും ഒരു പാടു ദൂരെ ആദ്യമായി ഒറ്റയ്ക്ക് നില്‍കുമ്പോള്‍ എന്തോ ഒരു വല്ലായ്മ, ഒരു സങ്കടം, എന്തൊക്കെയോ എന്നെ വേട്ടയാടി. ഏതൊരു ശരാശരി നാട്ടിന്‍പുറത്ത്‌ കാരന്‍ മലയാളിയേയും പോലെ. ഏതാണ്ട് വിജനം എന്ന് തോന്നാവുന്ന കടകളെല്ലാം അടച്ചിട്ട തെരുവില്‍ ചുറ്റിത്തിരിഞ്ഞ എന്നെകണ്ടു ഒരാള്‍ അടുത്ത് വന്നു. സംസാരത്തില്‍ നിന്നു മലയാളി ആണെന്ന് മനസ്സിലായി.

"ഹുണ്ടി ചെയ്യണോ ?" കക്ഷി ചോദിച്ചു.

% * $ @ * ഞാനൊന്നു ഞെട്ടി!!!! ... ചുറ്റും ആരുമില്ല താനും. സത്യം!!??? എന്റെ മുഖത്തെ സ്പെല്ലിംഗ് മിസ്റെക്ക് കണ്ടു ഫോണ്‍ ചെയ്യണോ എന്നാണ് ചോദിച്ചത് എന്ന് ആ "മാന്യന്‍" വിശദമാക്കി. എന്റെ ശ്വാസം നേരെ വീണു. ഒപ്പം ആശ്വാസവും . ഞാന്‍ കാര്യമെല്ലാം പറഞ്ഞു . വേലായുധേട്ടന്റെയും എന്റെ അറബിയുടെതെന്നു പറഞ്ഞു ഇങ്ങോട്ട് പോരുന്ന അവസാന നിമിഷങ്ങളില്‍ എജന്റ്റ് തന്നുവിട്ട ഫോണ്‍ നമ്പറും കൊടുത്തു പിന്നാലെ നടന്നു. (ഏജന്റുമാര്‍ അവസാന നിമിഷം വരെ കമ്പനിയുടെ ഫോണ്‍ നമ്പര്‍ തരാത്തതിന്റെ കളി പിന്നീട് മനസ്സിലായി . വായിച്ചു പോകുമ്പോള്‍ താങ്ങള്‍ക്കും വഴിയേ മനസ്സിലാകും. ) ഒരു പഴയ രണ്ടു നില ബില്‍ഡിംഗ്‌ന്റെ മുകളിലെ ഒരു മുറിയിലെക്കാന് കൂട്ടി കൊണ്ടു പോയത്. അവിടെ വച്ചാണ് ഇതു നാട്ടിലേക്കു ഒരു നമ്പര്‍ ടു പരിപാടിയില്‍ കുറഞ്ഞ ചിലവില്‍ വിളിക്കാനുള്ള ഏര്‍പ്പാട് ആണെന്നും അതിന്റെ സൌദിയിലെ ശാസ്ത്രനാമം ആണ് ഹുണ്ടിഎന്നും മനസ്സിലായത്. മാത്രമല്ല "ഹുണ്ടി "ചെയ്താലേ അറബിയെ വിളിക്കാനും എന്റെ കാര്യം സംസാരിക്കാനും പുള്ളി തയ്യാറാവൂ എന്നും ഒരു ലൈനില്‍ ആയി സംസാരം. നമുക്കു അറബി അറിയില്ലല്ലോ ? ബോംബെയിലെ ഓപ്പറേറ്റര്‍ " നമ്പര്‍ ബോലോ " എന്ന് മൊഴിഞ്ഞു ... മിനിമം സമയം അര മണിക്കൂര്‍ .. ഇന്നു വന്ന ഞാന്‍ എന്ത് വിശേഷം പറയാന്‍? ഇവിടെ എത്തി... കുഴപ്പമില്ല... യാത്രാവിവരണം മുഴുവന്‍ പറഞ്ഞിട്ടും പത്തു മിനുട്ടിനപ്പുറം പോയില്ല ബാക്കി കാശു വെയിസ്റ്റ്. അത് കഴിഞ്ഞു ആശാന്‍ ഞാന്‍ പറഞ്ഞ നമ്പര്‍ എല്ലാം മാറി മാറി കുത്തി. ആരും എടുക്കുന്നില്ല. എന്റെ നെഞ്ഞിടിപ്പ്‌ കൂടി. ഒടുവില്‍ ലൈന്‍ കിട്ടി. നമ്മുടെ "ഹുണ്ടി" അറബിയില്‍ സംസാരിക്കുന്നത് കൌതുകത്തോടെയും ആകാംഷയോടെയും ഞാന്‍ നോക്കി നിന്നു.

"ഇയാളെപ്പറ്റി ഒന്നും അറബിക്ക് അറിയില്ല !!!" അങ്ങേര്‍ക്കു ഇപ്പോള്‍ ഒരു "ഇന്ജിനീര്" വരാനുമില്ല !!! .

ഹുണ്ടി ഇങ്ങനെ മൊഴിഞ്ഞപ്പോള്‍ എന്റെ ഉള്ള കാറ്റും പോയി. ഇനി വേലായുധേട്ടന്‍ തന്നെ ശരണം. എനിക്ക് ആകെ ഇവിടെ ഉള്ള ആള്. കോബാറില്‍ കടകളില്‍ പച്ചക്കറി സപ്ലൈ ചെയുന്ന ബിസിനസ്സ് ആണ്. ഞാനും ഞങ്ങളെല്ലാവരും തന്നെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആള്‍. ബുദ്ടിമുട്ടിക്കണ്ട എന്ന് കരുതി കമ്പനിയെ പറ്റി ആരായനോന്നും പറഞ്ഞിരുന്നില്ല പുള്ളിയോട്. അതെന്തായാലും അടിയായി. കടയില്‍ വിളിച്ചു കിട്ടിയില്ല. അടുത്ത നമ്പറില്‍ ഒരു ഗോപിയേട്ടന്‍ ഫോണ്‍ എടുത്തു. ( പിന്നീട് വളരെ കാലം എന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.) വന്നു നില്ക്കുന്ന സ്ഥലവും മറ്റും എനിക്കറിയാവുന്ന തരത്തില്‍ പറഞ്ഞു . ബാക്കി ഹുണ്ടി പറഞ്ഞു. എന്റെ കൈയിലുള്ള രണ്ടു റിയാല്‍ ഒഴിച്ച് ബാക്കിയും ഡോളറും എല്ലാം സേവന ഫീസ് ആയി ഹുണ്ടി നന്ദി പൂര്‍വ്വം കൈപ്പറ്റി. പിന്നെ ഈ നാടിനെ പറ്റിയും അറബികളെ പറ്റിയും ആശാന് കഴിയുന്ന രീതിയിലൊക്കെ പേടിപ്പിച്ചും തന്നു. കുറ്റം പറയരുതല്ലോ കൂട്ടി കൊണ്ടു വന്നിടത്ത് തന്നെ ഉപേക്ഷിച്ചു... അല്ല കൊണ്ടു ചെന്നാക്കി . ഞാന്‍ എന്റെ വേലായുധേട്ടനെയും കാത്തു പെട്ടിയും തൂക്കി നിന്നു.

റംസാന്‍ കാലമാണ് പുറത്തു വച്ചു ഉമിനീര് പോലും ഇറക്കരുത് എന്നും "ഹുണ്ടി ഭീഷണിയില്‍ ഉണ്ടായിരുന്നു . വിശന്നു കുടല് കരിയുന്ന മണം ഞാന്‍ അറിഞ്ഞു. വീട്ടിലിരുന്നു പുട്ടും കടലയും തിന്നുന്നത്‌ ഓര്‍ത്തപ്പോള്‍ പിന്നെയും കണ്ണ് നിറഞ്ഞോ? എന്തോ?
N B:

(എന്നെ ഈ അറബി നാട്ടില്‍ ആദ്യം പറ്റിച്ചത് നമ്മുടെ "ഹുണ്ടി "എന്ന മലയാളി ആണ് എന്ന് അധികം വൈകാതെ തന്നെ മനസ്സിലായി ഈയുള്ളവന്.)
ഒരു തിളങ്ങുന്ന നീല നിറത്തിലുള്ള ചെറിയ കാറിലാണ് വേലായുധേട്ടന്‍ വന്നത്. പുള്ളി എന്നെ ദൂരെ നിന്നെ കണ്ടിരുന്നു എന്നുതോന്നുന്നു. ഇറങ്ങി വന്നു കൈ പിടിച്ചപ്പോള്‍ ഒരു വല്ലാത്ത വികാരം. അന്യനാട്ടില്‍ ഇങ്ങനെ ഒരവസ്ഥയില്‍ വേണ്ടപെട്ടവരെ കാണുമ്പൊള്‍ തോന്നിയതെന്താണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. പെട്ടിയും പ്രമാണങ്ങളുമായി ഞാന്‍ കയറി ഇരുന്നു. നീല തിളക്കം ദൂരെ നിന്നു നോക്കുമ്പോള്‍ മാത്രമെ ഉള്ളൂ. സ്ടിയറിങ്ങില്‍ TOYOTA എന്ന് എഴുതിയിരിക്കുന്നു. കുറെ വയറെല്ലാംതൂങ്ങി കിടപ്പുണ്ട്. വണ്ടിയില്‍ കുറെ കച്ചട എല്ലാം ഉണ്ട് താനും. എങ്കിലും ആകെ മൊത്തം കുഴപ്പമില്ല. ഒരു കാര്യം ബോധ്യപ്പെട്ടു, നമ്മുടെ നാട്ടിലാണ് 1965 മോഡല്‍ ലാന്‍ഡ്‌ മാസ്റര്‍ ആണെങ്കിലും കുളിപ്പിച്ച് കുറി തൊടീച്ച് കൊണ്ടു നടക്കുന്ന പരിപാടി. പിന്നെ മലയാളികള്‍ക്ക് ഇവിടെ ആരെ കാണിക്കാനാണ് ഈ പവറും പത്രാസും, അതും സ്വന്തം കാര്‍ ആവുമ്പോള്‍. എന്റെ ചിന്തകള്‍ അങ്ങനെയൊക്കെ നമ്മുടെ നീലക്കാറിനെ ന്യായീകരിച്ചുകൊണ്ടിരുന്നു. പറഞ്ഞാല്‍ തീരാത്ത നാട്ടുവിശേഷങ്ങളും വീട്ടുകാര്യങ്ങളുമായി കോബാറിലെ പുള്ളിയുടെ റൂം എത്തിയത് അറിഞ്ഞില്ല.
നമ്മുടെ "ഹുണ്ടി" യുടെതിനെക്കള്‍ വൃത്തിയുള്ള ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലുള്ള ഒരു മുറി തുറന്നു അകത്തു കയറി. മൊത്തം ഇരുട്ട്. കണ്ണൊന്നു ചിമ്മി തുറന്നപ്പോള്‍ സാമാന്യം വലുതാണ് മുറി എന്ന് മനസ്സിലായി . എന്തിനാണാവോ ഈ ജനല്‍ കട്ടിയുള്ള പേപ്പര്‍ ഒട്ടിച്ചു മറച്ചത്? പുള്ളി ബെഡ് ലൈറ്റ് കത്തിച്ചപ്പോള്‍ കാഴ്ച വ്യക്തമായി. ആശുപത്രിയിലെ പോലെ നാല് കട്ടിലുകള്‍ അതിനോട് ചേര്‍ന്നു അനുബന്ധ സാമഗ്രികളും. ഞാനിരിക്കുന്നത് ഭാഗപത്രപ്ര്കാരം വേലായുധേട്ടന്റെ ഓഹരിയില്‍. ആവശ്യത്തിനു സമ്പത്ത് ഈ പ്രവാസം കൊണ്ടു ഉണ്ടാക്കിയിട്ടും ഇങ്ങനെ ഒതുങ്ങി ഇവടെ ജീവിക്കുന്ന പുള്ളിയോട് ആദരവ്‌ കൂടുകയാണ് എനിക്കുണ്ടായത്. എന്തോ ആ ഇരുമ്പ് കട്ടിലുകള് മാത്രം എനിക്കങ്ങു ദഹിച്ചില്ല. (ഒരു ആശുപതി മണം.!!!)

നല്ലൊരു ചായ ഇട്ടു തന്നു, തിന്നാന്‍ ബിസ്കെട്ടും. അപ്പോഴേക്കും പുള്ളിയുടെ റുമില്‍ എല്ലാവരും എഴുനേറ്റു. എനിക്കെന്തോ ആ കൂട്ടായ്മ ഇഷ്ടപ്പെട്ടു. ഒരു മൂന്നു മുറി ഫ്ലാറ്റ് ആണ് അത്. കോബാറില്‍ ഗ്രോസറി നടത്തുന്ന കോയാക്ക ആണ് അവരില്‍ എനിക്ക് കേട്ടറിവുള്ള ഒരാള്‍. നാട്ടില്‍ കുറെ കടകളും ബെക്കറിയും ഉണ്ട് അയാളുടെതായി. പക്ഷെ ഇവടെ ഈ കൂട്ടായ്മയില്‍ എന്ത് ലളിതമായാണ് ജീവിക്കുന്നത്? എനിക്ക് ഇടാനുള്ള ചെരിപ്പും പേസ്റ്റും ബ്രഷും സോപ്പുമെല്ലാം പുള്ളി തന്നെ എടുത്തു തന്നു കടയില്‍നിന്ന്.
എന്‍റെ അറബിയെ കോയാക്ക തന്നെ വിളിച്ചു (ഒരു പാടു നാളായി കട നടത്തുന്ന കക്ഷി പച്ചവെള്ളം പോലെ സംസാരിക്കും അറബിയടക്കം പല ഭാഷകളും) അത് കഴിഞ്ഞാണ്‌ എനിക്ക് ശ്വാസം ശരിക്ക് വീണത്‌. സത്യത്തില്‍ കഴിഞ്ഞ പത്തു ദിവസമായി എന്‍റെ വരവ് പ്രതീക്ഷിക്കുന്നെന്നും വിവരം അറിയിച്ചാല്‍ എയര്‍ പോര്‍ട്ടില്‍ വരാന്‍ ഡ്രൈവറെ ചുമതലപ്പെടുതിയിരുന്നെന്നും അയാള്‍ പറഞ്ഞത്രേ !!!! ഞാനൊന്നു ശരിക്ക് നിവര്‍ന്നു നിന്നത് അപ്പോള്‍ മാത്രമാണ്. (എന്നാലും എന്‍റെ "ഹുണ്ടി" എന്നോടിത് വേണ്ടായിരുന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു) മാത്രമല്ല എനിക്കിത്തിരി വെയിറ്റ് എല്ലാം ഉണ്ടെന്നുള്ള അഭിമാന ബോധതാല്‍ ഞാന്‍ നട്ടെല്ല് ഒന്നുകൂടി നിവര്‍ത്തി. (പക്ഷെ ഏതാനും മണിക്കൂറുകള്‍ മാത്രമെ ആ രണ്ടാമത്തെ നിവരല്‍ ഉണ്ടായിരുന്നു) എന്നെ പിക്ക് ചെയ്യാന്‍ ഉച്ചക്കത്തെ "സല" (നിസ്കാരം) കഴിഞ്ഞു വരും എന്ന് അറിയിച്ചതനുസരിച്ച് എന്നോട് കിടന്നോളാന്‍ പറഞ്ഞു വേലായുധേട്ടന്‍ ചോറും നാടന്‍ കറികളും ഉണ്ടാക്കാന്‍ പോയി. 24 മണിക്കൂറിനു ശേഷം ചോറ് കഴിക്കാന്‍ പോവുന്നത് ഓര്‍ത്ത് എനിക്കപ്പോഴേ വിശപ്പ്‌ ഇരട്ടിയായി . ഫ്ലൈറ്റില്‍ നിന്നു കിട്ടിയ നിവെദ്യചോര്‍ ആയിരുന്നു എന്‍റെ കഴിഞ്ഞ ഒരു ദിവസത്തെ ആകെ ആഹാരം.
പക്ഷെ എന്‍റെ ആശ അസ്ഥാനത്ത് ആക്കി കൊണ്ടു അറബി താഴെ വന്നിട്ടുണ്ടെന്ന് വിവരം കിട്ടി. പെട്ടിയില്‍നിന്നു പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും എടുത്തു ഒരു ഫയലില്‍ ആക്കി കയ്യില്‍ പിടിച്ചു ഞാനും എന്‍റെ ബാക്കിയുള്ള രണ്ടാമത്തെ പെട്ടിയും പിടിച്ചു വേലയുധേട്ടനും താഴോട്ട് ചെന്നു. അറവു കാരന്റെ അടുത്തേക്ക് പോവുന്ന കുഞ്ഞാടിന്റെ ഏതാണ്ടൊരു ഭാവത്തില്‍ ആയിരുന്നു അപ്പോള്‍ ഞാന്‍. "ദാ കിടക്കുന്നു ഒരു വേറൊരു ചപ്പടാച്ചി കാര്‍. അതില്‍ വെള്ള "നൈറ്റി" ഇട്ടു ഒരു എട്ടടി മനുഷ്യന്‍!!!! വേലായുധേട്ടന്റെ വണ്ടി ഇതിലും മെച്ചമയിരുന്നോ??? കാറിന്റെ എരിയലിനു പകരം ഒരു കമ്പി കുത്തിവച്ചതാണ് എന്‍റെ ശ്രദ്ധയില്‍ ആദ്യം പെട്ടത്.
ഇതവന്റെ മന്ദൂബ് (P R O) ആയിരിക്കും. വേലായുധേട്ടന്‍ പതുക്കെ പറഞ്ഞു.
ഞങ്ങളെ കണ്ടു ഒറ്റ ചാട്ടത്തിനു കാറിനു പുറത്തു കടന്നു അറബി . നേരെ വേലായുധേട്ടന്റെ കൈ പിടിച്ചു കുലുക്കി ....
അസ്ലാം അലൈക്കും .... (അറബി)
അലൈക്കും അസ്ലാം ..... (വേല..)
കൈഫ്‌. ........ @ % & * ...... (അറബി)
കോയിസ് ..... & % $ >>>>> (വേല..)
........>>>>>>. ......(അറബി)
.........<<<<<<< .........(വേല..) $ % # ...... ബാക്കി അവര് പറഞ്ഞതൊന്നും എനിക്കും മനസ്സിലായില്ല

അറബി തിരിഞ്ഞു എന്‍റെ കൈ പിടിച്ചു ഒരഞ്ചു മിനിട്ടു കുലുക്കി. ഒട്ടകത്തിന്റെ ഇറച്ചി തിന്നുന്ന ഇവന്മാരുട ശക്തി ഞാന്‍ കൊണ്ടറിഞ്ഞ്‌ ദയനീയമായി അയാളെ നോക്കി. എന്നോട് ചോദിച്ചതിനെല്ലാം വേലായുധേട്ടന്‍ മറുപടിയും പറഞ്ഞു.
ഹൌ ആര്‍ യു ഇന്ജിനീര്‍ ? അറബി എന്നോട് ?? !!!!
വണ്ടിയില്‍ എന്നെ ലോഡ് ചെയ്യുന്നതിന് മുമ്പ്‌ അവന്‍ അങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് ആശ്വാസമായി . ഇവന് ആങ്കലെയം അറിയാം!!!! പക്ഷെ അവന്റെ നിഖണ്ടു വിലെ ആകെയുള്ള വകുപ്പുകളില്‍ ഒന്നായിരുന്നു അത് എന്ന് നമ്മള്‍ പിന്നീടല്ലേ അറിഞ്ഞുള്ളു.

4 comments:

Kaithamullu said...

ജയശങ്കര്‍,
ഇപ്പോഴാണ് ബ്ലോഗ് കണ്ടത്. അഗ്രഗേറ്ററില്‍ ഉണ്ടല്ലോ അല്ലേ?
-നന്നായി എഴുതിയിരിക്കുന്നു.
അനുഭവങ്ങള്‍ ധാരാളം സ്റ്റോക്ക് ഉള്ള പോലെയും തോന്നി.
എഴുതൂ, തുടര്‍ച്ചയായി.
(ഒന്നു കൂടി വായിച്ച് സ്പെല്ലിംഗ് മിസ്റ്റേക്കുകള്‍ തിരുത്തുമല്ലോ?)
സസ്നേഹം

ഒരു സ്നേഹിതന്‍ said...

ജയശങ്കര്‍,

സത്യമായ എഴുത്ത്, ഞാനും ഒരു പ്രവാസിയാണ്...
എഴുത്തിന്റെ ഒഴുക്ക് എനിക്കിഷ്ടായി....
ആശംസകള്‍...

Unknown said...

നല്ല പുരോഗതിയുണ്ട്.... ആസംസകള്‍

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


ലൈവ് മലയാളം