Sunday, January 16, 2011

പുതുവര്‍ഷത്തില്‍ മറ്റെന്തു നേരാന്‍ ...

മധുരമുള്ളതൊന്നും അവനു
ബാക്കി വച്ചില്ല ബാല്യം ..
വികലമായിപ്പോയി അവന്റെ കൗമാരം...
യവ്വനം താളം തെറ്റി കടന്നു പോയത് അവന്‍ കണ്ടു ...
വരാനുള്ളത് പ്രദോഷം ...എങ്കിലും ...
ഇനിയുമൊരു പ്രഭാതത്തെ സ്വപ്നം കാണുന്നു അവന്‍ ...
പുതു വര്‍ഷത്തില്‍ മറ്റെന്തു നേരാന്‍ ...
നമയുടെ നിറപറ ഇനിയും നിറയട്ടെ ....

Tuesday, August 17, 2010

ഓര്‍മ്മക്കുറിപ്പുകള്‍‍ ഭാഗം രണ്ട്

വീണ്ടും പഴയ ഓര്‍മകളിലേക്ക് മനസ്സ് കൂപ്പ് കുത്തിയപ്പോള്‍ ഇനിയും കുറിക്കാന്‍ എന്തൊക്കയോ ഉള്ളതായി തോന്നി.ഇടവേള നീണ്ടു പോയി എന്നത്തേയും പോലെ. കാലവും അവസ്ഥയും മാറിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും മാറ്റങ്ങളുടെ പുതിയ ഏടുകള്‍ ആണ്. എന്തിന് നമ്മുടെയെല്ലാം ഓരോ മാസവും ദിവസവും മിനിറ്റുകള്‍ പോലും അങ്ങനെ അല്ലെ? ഓര്മ്മകക്കുറിപ്പുകള്‍ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച എഴുതി ചേര്ക്കുമ്പോള്‍ ഞാന്‍ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛന്‍ ആയി കഴിഞ്ഞിരിക്കുന്നു. കാതിലും കണ്ണിലും അവരുടെ കൊഞ്ചലുകളും പാല്‍പുഞ്ചിരികളും ആണ്.ജീവിതം തന്നെ അവരിലെക്കും അവരുടെ അമ്മയിലെക്കും ചുരുങ്ങുന്നു. അവള്‍ അവരെ മാറി മാറി താലോലിക്കുമ്പോള്‍, നിറചുംബനങ്ങള്‍ കൊണ്ട് അവരെ മൂടുമ്പോള്‍ ഓര്‍മകളില്‍ ഞാന്‍ വീണ്ടും ഞാന്‍ ആ പഴയ കുട്ടിയാകുന്നു. ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം. മനസ്സില്‍ നിറതിങ്കള്‍ ആയി അമ്മ കടന്നു വരുന്നു. ഓര്‍മകളെ മനസ്സിന്‍റെ കണ്ണീരു നനച്ച് വീണ്ടും ഉണര്‍ത്തുകയാണ് കാലം. ഓര്‍മകളില്‍ വീണ്ടും ആ പഴയ കുട്ടിയാവുന്നു ഞാന്‍. പതിനഞ്ചു വയസ്സിലും അമ്മയുടെ ചൂട്‌ തട്ടി കൂടെ കിടന്നുറങ്ങാന്‍ വാശി പിടിച്ചിരുന്ന കുട്ടി. അന്ന് അകാലത്തില്‍ അമ്മയെ അടര്‍ത്തി മാറ്റിയ ഓര്‍മകളുടെ മുറിവുകള്ക്ക് ഈ ആഗസ്റ്റ്‌ വരുമ്പോള്‍ ഇരുപത്തിമൂന്നു വയസ്സ്. വര്‍ഷങ്ങള്‍ക്കപ്പുറം ആ യാഥാര്ത്യത്തിനു മുമ്പില്‍ പകച്ചു നിന്ന് പോയ അമ്മയുടെ ഇളയ മകന്റെ നിസ്സഹായത ഇന്നും വേട്ടയാടുന്നു എന്റെ മനസ്സിനെ.

ഞാന്‍ മുന്‍പ് എഴുതിയ പോലെ ഓര്‍മകളും ജിലെബിയുടെ മധുരവും ബാകിയാക്കി അച്ഛന്‍ കടന്നു പോയപ്പോള്‍ ശേഷിച്ചത് ഉത്സവത്തിന്റെ വളപ്പൊട്ടുകള്‍ മാത്രമായിരുന്നു. ചായ നിറമുള്ള കാറും വെള്ളയും നീലയും ചേര്ന്ന് സ്കൂട്ടറും ഓര്‍മയായി. സ്വീകരണ മുറിയിലെ ആ അധികാരത്തിന്റെ കസേര ഒഴിഞ്ഞു കിടന്നു. ഗൌരവത്തോടെ നോക്കി ഇരിക്കുന്ന അച്ഛന്റെ പടം ഭിത്തിയില്‍ തൂങ്ങിയത് പിന്നെയും ഏറെ കഴിഞ്ഞാണ്. കാരണം അച്ഛന്‍ പോയി എന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ അമ്മ അപ്പോഴും തയ്യാറായിരുന്നില്ല. ക്രമേണ ആളും അരങ്ങും ഒഴിഞ്ഞു. നിറഞ്ഞ ചായക്കപ്പുകളും ട്രേയുമായി തിരക്കുള്ള അമ്മയെ പിന്നെ കണ്ടില്ല. വിരുന്നും സല്കാരങ്ങളും ഒഴിഞ്ഞു. ധനമായും അര്‍ത്ഥമായും അച്ഛന് കിട്ടനുള്ളവരെ തേടി ആരും പോയില്ല. പകരം ചില ഒറ്റപ്പെട്ട അഥിതികളെ കണ്ടു. കേട്ടറിവ് പോലുമില്ലാത്ത ചില കണക്കുകള്‍ നിരത്തി അവര് വന്നപ്പോഴും ചായക്കപ്പുകള്‍ നിറച്ചു സ്വീകരിച്ചു. ചമയങ്ങള്‍ ഒഴിച്ച് വച്ച് സാധാരണ ജീവിതത്തിലേക്ക് ചുവടു വച്ച് അവരെയും പറഞ്ഞു വിട്ടപ്പോള്‍ വിരുന്നുകളും സല്കാരങ്ങളും തുടങ്ങിയിരുന്നു. പക്ഷെ അത് ഞങ്ങളുടെ മതില്‍കെട്ടിന് പുറത്തായിരുന്നു. ആരും ഞങ്ങളെ വിളിച്ചില്ല .അവിടെ ഞങ്ങള്‍ ബന്ധുക്കളോ അഥിതികളോ ആയിരുന്നില്ല അവര്‍ക്ക് എന്ന് തോന്നി. തേങ്ങയും നെല്ലും പിന്നെ തൊഴുത്തിലെ പശുവും ഞങ്ങളെ വളര്‍ത്താന്‍ അമ്മക്ക് തുണയായി. അച്ഛന്‍ മക്കള്ക്കാനയി അമ്മയെ ഏല്പ്പി ച്ചു പോയ ആ കരുതല്‍ എത്ര വിലപ്പെട്ടതായി എന്ന് അറിയുകയായിരുന്നു അപ്പോള്‍ .

ചില്ലുജാലകങ്ങള്‍ അടച്ചിട്ടു കരിങ്കല്‍മതില്‍കെട്ടിനുള്ളില്‍ഞങ്ങളെ സുരക്ഷിതരാക്കി വളര്‍ത്തി അമ്മ. ഞാന്‍ ആ ചിറകുകള്ക്ക് താഴെ സുരക്ഷിതനായിരുന്നു. അല്ലെങ്കില്‍ എന്റെ ലോകം അമ്മക്ക് ചുറ്റും ആയിരുന്നു. വെളുപ്പിന് അമ്മ ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോള്‍ കുളിച്ചു കുറി തൊട്ടു ഉച്ചത്തില്‍ വായിച്ചു പഠിച്ചിരുന്ന ഞാന്‍, പിന്നെ എട്ടു മണിക്ക് സ്കൂളില്‍ എത്തി ഒന്നാം ബഞ്ചില്‍ ടീച്ചറുടെ നല്ല കുട്ടിയായ ഞാന്‍. എനിക്ക് നല്ല കൂട്ടുകാര്‍ പോലും ഇല്ലായിരുന്നോ? ക്ലാസ്സില്‍ ഒന്നാമാനെന്നു രേഘപ്പെടുത്തിയ പ്രോഗ്രസ് കാര്ഡി്ല്‍ താഴെ ഒപ്പ് വയ്ക്കുന്ന അമ്മയുടെ കണ്ണില്‍ വെള്ളം നിറയുന്നത് എന്തിനായിരുന്നു? രാത്രികളില്‍ അമ്മയുടെ കൈയില്‍ തല ചേര്‍ത്ത് കിടക്കുന്ന എന്റെ നെറ്റിയില്‍ ഉമ്മ വച്ച് ഉറക്കിയത് കണ്ണീരിന്റെ നനവുള്ള സ്നേഹസ്പര്‍ശം ആയിരുന്നു. ആ തലോടലില്‍ അല്ലലില്ലാതെ ഉറങ്ങി എണീറ്റു ഞാന്‍. തേങ്ങ വിറ്റ പണവുമായി വരുന്ന ഏട്ടന്റെ കൈയ്യില്‍ എനിക്കായ്‌ അമ്മ പറഞ്ഞെല്പ്പിച്ച ചായപ്പെട്ടികളും ബ്രഷും ഉണ്ടാവും. കണ്ണില്‍ കണ്ടതെല്ലാം കടലാസില്‍ പകര്‍ത്തി ചായം തേച്ചു തിമര്‍ക്കുന്നതായിരുന്നു എന്റെ അവധിക്കാലങ്ങള്‍. പിന്നെ അമ്മയുടെ കൈ പിടിച്ചു വയലും പറങ്കിമാവിന്റെ തോട്ടങ്ങളും കടന്നു മലയിറങ്ങി അമ്മാവന്റെ വീട്ടില്‍. രാത്രി വൈകി പുഴ മീനുമായി വരുന്ന അമ്മാവനെ കാത്തു ഉണ്ണാതെ കാത്തിരുന്ന രാതികള്‍. വിരലിലെ ഇല്ലാത്ത മുറിവ് കാണിച്ചു ചോറ് വാരി തരാന്‍ അമ്മക്ക് മുന്നില്‍ വട്ടം കറങ്ങുന്നത്. മധുരമുള്ള ആയിരം ഓര്‍മകള്‍ക്ക് മരണമില്ലല്ലോ?

ഒന്പതാം ക്ലാസ്സില്‍ ഒരവധി ദിവസം അമ്മയോടൊപ്പം വൈദ്യനെ കാണാന്‍ പോയത് ഇപ്പോഴും ഓര്‍ക്കുന്നു. പിന്നെ അടുത്ത ദിവസം മറ്റൊരു അലോപ്പതി ഡോക്ടറുടെ വീട്ടിലേക്കു പോവുമ്പോള്‍ മൂത്തമ്മയും കൂടെ ഉണ്ടായിരുന്നു. അന്ന് അമ്മയുടെ മുഖം വിളറിയ പോലെ എനിക്ക് തോന്നിയതാണോ? നിറയെ ഒട്ടു മാവുകളും ചെടികളും നിറഞ്ഞ മുറ്റമുള്ള മൊസൈക് പാകിയ വരാന്തയുള്ള ആ വീട്ടില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള ഒരു കുറിപ്പുമായി ഇറങ്ങി വരുമ്പോള്‍ അമ്മയുടെ കണ്ണുകളില്‍ എന്തായിരുന്നു? ഡോക്ടറുടെ മുറിയില്‍ നിന്ന് മാവിന്‍ ചുവട്ടിലെ കിളിക്കൂടുകളും മീന്‍കുളവും കാണാന്‍ എന്നെ പറഞ്ഞയച്ചതാരായിരുന്നു? മൂത്തമ്മയോ? അതോ ആ നരച്ച മീശ ഉള്ള ആ മെല്ലിച്ച ഡോക്ടര്‍ ആയിരുന്നോ? ഓര്‍മ്മയില്ല.

അന്ന് നേരെ മൂത്തമ്മയുടെ വീട്ടിലെക്കായിരുന്നു പോയത്. അങ്ങോട്ട്‌ നടക്കുമ്പോള്‍ എന്റെ കൈ മുറുകെ പിടിച്ചിരുന്നു അമ്മ. കൊച്ചു കുട്ടികളെ കൈ വിട്ടു പോവാതെ പിടിക്കുന്നത്‌ പോലെ. ചൂടുള്ള വറുത്ത കായയുടെ മണം ആണ് മൂത്തമ്മയുടെ വീടിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക. വറുത്ത കായ കടകള്‍ നിറയെ ഉള്ള ഒരു കവലയ്ക്കു പിന്നില്‍ ആണ് ആ വീട്. ചാരിയിട്ട മുറി വാതിലിനു അപ്പുറം അമ്മയോട് അവരൊക്കെ ചേര്ന്ന് എന്തോ സംസാരിക്കുമ്പോള്‍. ചന്ദ്രേട്ടന്‍ എന്റെ കൈ പിടിച്ചു പുറത്തേക്കു നടന്നു. എന്നത്തേയും പോലെ ചൂടുള്ള വറുത്ത കായും സര്‍ബത്തും വാങ്ങി തന്നു,മെഡിക്കല്‍ കോളേജില്‍ പോണത്‌ എന്തിനാണെന്ന് മാത്രം പറഞ്ഞില്ല. തിരിച്ചു അങ്ങോട്ട്‌ ചെല്ലുമ്പോള്‍ ചാരിയ വാതിലിനു അപ്പുറം കേട്ടത് അമ്മയുടെ തേങ്ങല്‍ ആയിരുന്നോ? “എന്റെ മക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍...... എന്ന വാക്ക് അമ്മ മുഴുമിപ്പിക്കാത്തത് എന്നെ കണ്ടപ്പോഴാണോ? എന്റെല തലയില്‍ തലോടി അമ്മയ്ക്ക് ഒന്നുമില്ല മോനെ എന്ന് ആശ്വസിപ്പിച്ചത് എന്തിനായിരുന്നു?

പിന്നെ അടുത്ത രണ്ടു ദിവസങ്ങള്‍ മണിക്കൂറുകള്‍ പോലെ കടന്നു പോയി.വീട്ടില്‍ വലിയമ്മമാരും മാമനും പിന്നെ വലിയച്ചനും എല്ലാം ആയി തിരക്കുകളില്‍ ഞാന്‍ സുരക്ഷിതത്വത്തിന്റെ ആശ്വാസം കണ്ടെത്തി.ആശുപത്രിയിലേക്ക് പോയ അമ്മ അന്ന് മടങ്ങി വന്നില്ല ഏട്ടന്‍ വന്നു. ഒന്നും പേടിക്കാനില്ല നീ പഠിച്ചോ എന്നും പറഞ്ഞു ആ പഴയ ഇളം പച്ച ഫ്ലാസ്കും ടിഫിന്‍ പാത്രങ്ങളും കവറിലാക്കി ഗേറ്റ് കടന്നു പോവുന്ന കാഴ്ച ഇന്നും ഓര്‍മയില്‍ തങ്ങി നില്ക്കു്ന്നു. പ്രായത്തിനപ്പുറം ഭാരം താങ്ങി നീങ്ങാന്‍ വിധിക്കപ്പെട്ട അന്നത്തെ ആ ഇരുപതുകാരനെ അന്നും ഇന്നും ആരും മനസ്സിലാക്കിയില്ല എന്നത് ഒരു സത്യമായി അവശേഷിക്കുന്നു. ഒന്പതാം ക്ലാസ്സിലെ വാര്ഷിനക പരീക്ഷക്കു വേണ്ടി മലയാളം പദ്യം ഉറക്കെ വായിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍.

സര്‍ജറി കഴിഞ്ഞതിന്റെ പിറ്റേന്നാണ് എട്ടനോപ്പം ഞാനും ആശുപത്രിയില്‍ പോയത്. എന്റെ പരീക്ഷകള്‍ മുടങ്ങരുത്‌ എന്ന് അമ്മയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്നും ഞങ്ങള്‍ മക്കളുടെ പഠനം മാത്രമായിരുന്നു അമ്മയുടെ ആദ്യത്തെ ചിന്ത. ക്രമമില്ലാതെ പെറ്റ് പെരുകിയ കോശങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ അമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിമ ഉണ്ടായിരുന്നു. അടുത്ത് സ്ടൂളില്‍ ഇരുത്തി എന്റെ മുടിയിഴകളില്‍ വിരലോടിച്ചു എന്നോട് വീടിനെപറ്റിയും പിന്നെ മറ്റെന്തൊക്കെയോ ചോദിച്ചു. വെളുത്ത നിറം പൂശിയ ഇരുമ്പ് കട്ടിലില്‍ പച്ച റെക്സിന്‍ കിടക്കയില്‍ അമ്മയെ ആദ്യമായി കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. കൈകളില്‍ അമ്മ തലോടുമ്പോള്‍ ജനലഴികള്ക്ക് അപ്പുറം ആശുപത്രിയുടെ താഴെ നിലകളിലെ തിരക്കിന്റെ കാഴ്ചകള്‍ നോക്കി നില്ക്കുശകയായിരുന്നു ഞാന്‍ . എനിക്കെന്തോ പെട്ടന്ന് അവിടെ നിന്ന് പോവാന്‍ തോന്നി. തിരിച്ചു പോരുമ്പോള്‍ വൈകാതെ മടങ്ങി വരുന്ന അമ്മയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു എന്റെ മനസ്സില്‍. രാത്രികളില്‍ മൂതമ്മയുടെ അരികു ചേര്ന്ന്ച കിടന്നുറങ്ങി. തൈലത്തിന്റെ മണമായിരുന്നു ചേര്ത്ത് പിടിച്ച കൈകള്‍ക്ക്. അതില്‍ അമ്മയെ കണ്ടെത്താന്‍ ശ്രമിച്ച എന്റെ മോഹം എന്നെ ഉറക്കത്തിലേക്ക് തള്ളി വിട്ടു.

മുന്നില്‍ മീറ്റര്‍ പിടിപ്പിച്ച കറുപ്പും മഞ്ഞയും ചായം തേച്ച ടാക്സിയില്‍ പിന്സീറ്റില്‍ ഇരുന്നു അമ്മ വരുമ്പോള്‍ തെക്കേ പറമ്പിലെ വരിക്ക പ്ലാവിന്റെ വേരില്‍ ചവിട്ടി മതിലിനു മുകളിലൂടെ നോക്കി കാത്തിരിക്കുകയായിരുന്നു ഞാന്‍. കളഞ്ഞു കിട്ടിയ കളിപ്പാട്ടം പോലെ അമ്മയെ ഞാന്‍ നോക്കി നില്ക്കുകയായിരുന്നു. മാമനും വലിയച്ചനും ഏട്ടന്മാരും ചേര്‍ന്ന് കൂട്ടായ തീരുമാനം ആയിരുന്നു അമ്മ വിശ്രമത്തിനായി അമ്മമ്മയോടൊപ്പം മാമന്റെ വീട്ടിലേക്കു അന്ന് തന്നെ പോണു എന്നത്. വിങ്ങുന്ന മനസ്സുമായി വിറകുപുരയ്ക്ക് പിന്നില്‍ പോയി നിന്നത് ഓര്മയുണ്ട്. പത്താം ക്ലാസ്സിലേക്കുള്ള പുസ്തകങ്ങളുമായി അമ്മയ്ക്കൊപ്പം പോവാന്‍ സമ്മതം തന്നത് ഏട്ടന്‍ ആയിരുന്നു എന്ന് തോന്നുന്നു. അങ്ങനെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ആഹ്ലാദകരമായ ഒരു അവധിക്കാലത്തിലേക്കു അമ്മയോടൊപ്പം പറങ്കിമാവിന്‍ തോട്ടങ്ങള്‍ നിറഞ്ഞ മലകളുടെ ഇടയില്‍ വെള്ള പാറയും പുഴയും അതിരിട്ട ഗ്രാമത്തിലെ അമ്മാവന്റെ വീട്ടിലേക്കു ഞാനും.

അവിടെ സ്വസ്ഥവും സമാധാനവും നിറഞ്ഞ സ്വന്തം വീട്ടില്‍ അമ്മ ആരോഗ്യം വീണ്ടെടുക്കുന്നത് ഞാന്‍ അനുഭവിച്ചു. തുറന്ന വരാന്തയിലെ തിണ്ണയില്‍ ഇരുന്നു പത്താം ക്ലാസ്സിലെ പാഠങ്ങള്‍ വായിക്കുമ്പോള്‍ അമ്മ കൂട്ടിരുന്നു.പിന്നെ പുഴമീന്‍ കൂട്ടി ചോറ് വാരി തന്നു.എന്റെ പകലുകള്‍ മച്ചുനനുമൊത്തു പുഴയോരത്ത് സൈക്കിള്‍ ചവിട്ടിയും പറങ്കിമാവിന്‍ കൊമ്പില്‍ തൂങ്ങി കളിച്ചും അമ്മമ്മ ചുട്ടു തന്ന കശുവണ്ടി തിന്നും കടന്നു പോയി. ആഘോഷങ്ങളുടെ സമയം കഴിഞ്ഞിരുന്നു. എനിക്ക് സ്കൂളിലേക്കും അമ്മക്ക് റെഡിയെഷന്‍ വേണ്ടിയും വീടിലേക്ക് പോരാന്‍ സമയം ആയിരുന്നു. റെഡിയെഷന്‍ എന്നാല്‍ എന്തെന്നറിയാന്‍ അന്ന് ഗൂഗിളും കമ്പ്യൂട്ടറും ഇല്ലായിരുന്നു എന്റെ മുമ്പില്‍.

കോശങ്ങള്‍ കരിച്ചു കളയുന്ന ആദ്യ ദിവസം കൊണ്ട് തന്നെ അമ്മ തളര്ന്നിരുന്നു.പിന്നീടുള്ള ഓരോ പോക്കും തളര്ച്ചയുടെതായി. ഒരു ദിവസം ബാത്ത് റൂമിലേക്ക്‌ പോയ അമ്മ കാലില്‍ കഠിനമായ വേദന സഹിക്കാതെ അലറി കരഞ്ഞത് ഓര്‍മ്മയുണ്ട്.പിറ്റേന്ന് ആശുപത്രിയില്‍ ചെന്ന ഞാന്‍ കണ്ടത് കാലില്‍ പ്ലാസ്റെര്‍ ഇട്ടു കിടക്കുന്ന അമ്മയെ ആണ്. ദീനതയുടെ നിസ്സഹായത അമ്മയുടെ മുഖത്ത് ഞാന്‍ ആദ്യമായി കണ്ടു. മൂക്കില്‍ കുഴല്‍ ഇട്ടു കിടത്തിയ അച്ഛനെയും പിന്നെ അച്ഛനെയും കൊണ്ട് വന്ന വെളുത്ത വണ്ടിയും എന്തിനോ എന്റെ‍ മനസ്സില്‍ തെളിഞ്ഞു വന്നു. ഏട്ടന്മാരടക്കം ചോദിച്ചവരെല്ലാം പതിവ് പല്ലവി ആവര്ത്തി്ച്ചു. കാല്‍ ഉളുക്കിയതാണ് പെട്ടന്ന് മാറും തിരിച്ചു വരും. ഇത് പത്താം ക്ലാസ്സ്‌ ആണ് പഠിക്കാന്‍ അലസത അരുത്. വീട്ടില്‍ വലിയമ്മമാരും കുടുംബത്തിലെ ചേച്ചിമാരും ഉണ്ടായിരുന്നു എന്നും. മൂത്തമ്മ ആശുപത്രിയില്‍ തന്നെ നിന്നത് എന്തിനായിരുന്നു എന്ന് എനിക്കന്നു മനസ്സിലായില്ല.

നാലാമത്തെ ദിവസം ചെറിയ ഏട്ടന്റെ കൂടെ അമ്മയെ കാണാന്‍ പോയത് ഇന്നും ഓര്‍ക്കുന്നു. അമ്മയുടെ മുഖത്ത് എന്തായിരുന്നു? അടുത്തിരുന്ന എന്നെ പതിവ് പോലെ തലോടിയില്ല. പകരം പഠനത്തെ കുറിച്ച് ചോദിച്ചു ആദ്യമായി. ഒരിക്കലും അത്തരം ഒരു ചോദ്യത്തിനു അവസരം ഉണ്ടാക്കിയിരുന്നില്ല ഞാന്‍. പിന്നെ ഇപ്പോള്‍ എന്താണ് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍. കാണാന്‍ വന്ന പലരുടെയും സംഭാഷണങ്ങള്‍ ഞാന്‍ അടുത്ത് ചെല്ലുമ്പോള്‍ മുറിഞ്ഞു. അറിയാത്ത ഒരു അപകടം ഞാന്‍ മണത്തു. പതിവ് തെറ്റിക്കാതെ അടുത്ത രണ്ടു ദിവസവും സ്കൂളില്‍ പോയി .
അന്ന് രാത്രി പാതിരാക്ക്‌ ഞാന്‍ ഉണര്‍ന്നത് എങ്ങിനെയായിരുന്നു? അപ്പോള്‍ ചാരുമുരിയില്‍ നിന്ന് അടക്കിയ സംസാരം കേട്ടോ? വാതിലിന്റെ അരികു പറ്റി ഇറയത് ജനലിനോട്‌ ചെവി ചേര്ത്തപ്പോള്‍ കേട്ടത് വലിയച്ഛന്റെ ശബ്ദം."ഇനി ഏറിയാല്‍ എണ്ണപ്പെട്ട ദിവസങ്ങള്‍.അത് വീട്ടില്‍ കൊണ്ടുവന്നു ആവുന്നതല്ലേ നല്ലത് ? നീ അത് ആലോചിക്കാത്തത് എന്താണ്? ഏട്ടന്റെ അടക്കിയ തേങ്ങലുകള്‍ ആയിരുന്നു മറുപടി. പിന്നെ എത്ര നേരം ജനിളില്‍ ചെവി വച്ച് നിന്ന് എന്ന് ഓര്‍മ്മയില്ല. പെരുവിരല്‍ മുതല്‍ അരിച്ചു കയറുന്ന ഒരു വല്ലാത്ത തണുപ്പ് ഞാന്‍ അറിഞ്ഞു. മരണത്തിന്റെ മരവിപ്പും കാറ്റും എന്റെ കാതിലും വീശി.എപ്പോഴോ ആടി ഉലഞ്ഞു കിടക്കാന്‍ പോയത് ഞാന്‍ അല്ലാതെ മറ്റാരും അറിഞ്ഞില്ല. എല്ലാം വ്യക്തമായിരിക്കുന്നു.അമ്മയുടെ നിസ്സഹായതയുടെ നിര്വിരകാരത ഞാന്‍ അന്ന് ഓര്ത്തു . ജീവിതത്തില്‍ വിശപ്പില്ലയ്മ്മ പിറ്റേന്ന് ഞാന്‍ അറിഞ്ഞു. വലിയമ്മ വിളമ്പി തന്ന ചോറ് വിഴുങ്ങാന്‍ ഞാന്‍ പാട് പെട്ടു.

പിറ്റേന്ന് ഓഗസ്റ്റ്‌ 21.പതിവ് കഞ്ഞിയുമായി ആശുപത്രിയിലേക്ക് പോയ ഏട്ടന്‍ ഞാന്‍ സ്കൂളില്‍ പോണതിനു മുമ്പ് തിരിച്ചു വന്നു. പതിവില്ലാതെ വീണ്ടും കുളിച്ചു. കാണെക്കാണേ വീട്ടില്‍ ആളുകള്‍ നിറഞ്ഞു. എപ്പോഴോ ചാരുമുറിയിലെ സോഫയില്‍ ഞാന്‍ ഇരുന്നു. ഏട്ടന്മാരും അടുത്ത് തന്നെ ഉണ്ടായിരുന്നു. ഫോണ്‍ നിര്‍ത്താതെ കരഞ്ഞു. അതെടുത്ത പലരും പറയാതെ പലതും മൂളുന്നത് കേട്ടു. മുള ചീന്തുന്നത് പോലെ ഉള്ള കരച്ചില്‍ കേട്ടു വഴിയിലേക്ക് നോക്കി.ചേച്ചിയെയും കൊണ്ട് വന്ന ഓട്ടോറിക്ഷ തിരിച്ചു പോവുന്നത് കണ്ടു പിന്നാലെ വരുന്ന വസന്തെട്ടനെയും. ഇപ്പോള്‍ ചാരുമുറി നിറഞ്ഞിരിക്കുന്നു. എന്റെ അടുത്ത് ഏട്ടന്റെ കൂട്ടുകാരന്‍ ഇരിക്കുന്നു. ആള്‍കൂട്ടത്തിന് ഇടയില്‍ ഞാന്‍ എന്നെ ഒളിപ്പിച്ചു.ആ തിരക്കില്‍ ഞാന്‍ സ്വയം അഭയം കണ്ടെത്തി.സമയം ഒരു നിമിഷം പോലും ആര്‍ക്കു വേണ്ടിയും കാത്തിരുന്നില്ല. മുറ്റത്ത്‌ ഒരു വെള്ള വണ്ടി വന്നു നിന്നത് പാതി തുറന്ന ജനലിലൂടെ കണ്ടു.അല്പസമയത്തിനു ശേഷം അകത്തെ മുറികളില്‍ നിന്ന് കേട്ട കരച്ചിലിന്റെ ഉയര്ന്ന താളം എന്നെ അത് ബോധ്യപ്പെടുത്തി . അമ്മ വന്നിരിക്കുന്നു അവസാനമായി.

പതിയെ ചെവിയില്‍ ആരോ ചോദിച്ചു."നിനക്ക് കാണണ്ടേ? വാ എണീക്ക് എന്ന്."എന്റെ ഉത്തരം എന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നു.പിന്നീടെപ്പോഴോ ഒരു യന്ത്രം കണക്കെ ചെന്നു.ബോധം മറഞ്ഞു കിടക്കുന്ന ചേച്ചിയുടെ അപ്പുറം തലയില്‍ കൈ വച്ച് ഇരിക്കുന്ന മൂത്തമ്മക്ക് പിന്നില്‍ ....കട്ടില്‍ അഴിച്ചു മാറ്റിയ നടുമുറിയില്‍...പിന്നെ എണ്ണ നിറച്ച തിരി കത്തിച്ച നിലവിളക്ക് സാക്ഷിയായി നെറ്റിയില്‍ ഭസ്മം തൊട്ടു രാമച്ചം വിരിച്ച പായയില്‍ ..വേദനകള്ക്ക്പ വിട പറഞ്ഞു ..എന്നെ തലോടാന്‍ കൈകള്‍ ഉയര്‍ത്താതെ ...ഒടുവില്‍ തെക്കേ പറമ്പില്‍ ഏഴു വര്ഷനത്തിനിപ്പുറം വീണ്ടും ഉയര്‍ന്ന ചിതയിലെ തീയായി ...ഞാന്‍ കണ്ടു...

അവിടെ ആ പതിനഞ്ചു കാരനും മരിച്ചു. സ്കൂളിലെ നല്ല വിദ്യാര്‍ഥിക്കുള്ള സമ്മാനം വാങ്ങിയ,എന്നും ചന്ദനക്കുറി തൊട്ടു വന്ന,ക്ലാസിലെ ആ മിടുക്കനായ കുട്ടി എവിടെ എന്ന് ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.പത്താം തരത്തില്‍ ഏറ്റവും കേമനാവും എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ മാത്രം പറ്റി.തൊട്ടതെല്ലാം പൊന്നാക്കുന്ന ആ അനുഗ്രഹം അസ്തമിച്ചിരുന്നു. മുന്നില്‍ കണ്ടവരില്‍ എല്ലാം അമ്മയെ തേടി അവന്‍. ഇല്ലെന്നു അറിഞ്ഞിട്ടും ഇല്ലാത്തത് തേടിയപ്പോള്‍ മനസ്സിന്റെ കടിഞ്ഞാണും വിട്ടു പോയി. അവന്‍ കണ്ടതെല്ലാം പൊയ് മുഖങ്ങളയായിരുന്നു. അതറിഞ്ഞു കൊണ്ട് തന്നെ ഈയാം പാറ്റയെ പോലെ ചിറകു കരിഞ്ഞു വീണു. ഉയിര്ത്തെഴുനെല്‍ക്കാന്‍ ശ്രമിച്ചപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു. നിരാശയുടെ ചാരങ്ങള്‍ക്ക് മുകളില്‍ നിന്ന് തേങ്ങിയത് ഞാന്‍ തന്നെ അല്ലെ ? വൈകി വന്ന ഈ വസന്തം ഒരു പക്ഷെ അമ്മയുടെ അനുഗ്രഹം അല്ലെ ? അല്ലെങ്കില്‍ മറ്റെന്താണ് ? ഒരു പൂക്കുറ്റി കത്തി തീരും പോലെ ജീവിതം കത്തിച്ചു തീര്ക്കാനായിരുന്നു പിന്നീടുള്ള ശ്രമം. നാശം കണ്മുന്‍പില്‍ കണ്ടു. ചിരിയോടെ തന്നെ. പക്ഷെ ആത്മാവിനു മരണമില്ല എന്നത് എത്ര ശരി? കൈക്കുമ്പിളില്‍ കോരി എടുത്തു ജീവിതത്തിന്റെ നന്മയിലേക്ക് എടുത്തു കിടത്തിയത്‌ ആ ആത്മാവ് തന്നെ അല്ലെ ? പക്ഷെ ഇന്നും നീറുന്നു ഞാന്‍ ആ മടിയില്‍ ഒരിക്കല്‍ കൂടി തല ചായ്ക്കാന്‍ .....

ഇത് എന്റെ അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിലുള്ള സമര്‍പ്പണം

Thursday, July 22, 2010

ശമന താളം

ഉണരണം എനിക്ക് ....
ഈ ചങ്ങലകള്‍ പൊട്ടിച്ച്.....
ഉണരണം ...എന്റെ സ്വപ്നങ്ങളിലേക്ക് ...
എന്നിട്ടെനിക്കെന്റെ...
തുടി കൊള്ളുന്ന മനസ്സിന്റെ ശമന താളം കേള്‍പ്പിക്കണം .
വിടര്‍ന്ന , വിരസമായ എന്റെ സ്വപ്നങ്ങള്‍ക്ക് ...
ചിറകു വിരിയിക്കണം ...
പിന്നെ തകര്‍ന്ന ഭാവനകള്‍ക്ക് ചുമര് തീര്‍ക്കണം ...
ഉയിര്‍പ്പെഴുനെല്‍പ്പ് വൈകീട്ട് ആവട്ടെ ..
ആര്‍ക്കാണ് ചേതം ?
അതിരില്ലാത്ത വികല സ്വപ്‌നങ്ങള്‍ ബാക്കിയാവട്ടെ ...
അപ്പോള്‍ വിടരാത്ത പൂക്കളില്‍ ചായം തീര്‍ക്കട്ടെ ഞാന്‍ ..
മറ നീക്കാത ചിത്രം എഴുതട്ടെ ഞാന്‍ ...
ഇനിയും ബാക്കി എന്തുണ്ട് ?
എന്റെ എഴുതാതെ പോയ ചിത്രങ്ങളോ ?
അതോ ഇനിയും ഇനിയും ചോര കനിയുന്ന മുറിവുകളോ???
മണി നാദം മുഴങ്ങുന്നത്എന്തിനാണ് ഇപ്പോള്‍ ?
വിടരാതെ കൊഴിഞ്ഞ ഈ പൂവിനു ആത്മ ബലി ആയോ ?
അതോ ഇനിയും ലോകം കേള്‍ക്കാത്ത എന്റെ ആതമ രാഗം ഉച്ചത്തില്‍പാടുവാനോ?
മരണമേ നിനക്ക് വിട നല്‍കാന്‍ എനിക്ക്
വരം നല്‍കാന്‍ കഴിഞ്ഞങ്കില്‍ ??????

Wednesday, January 13, 2010

അഭിമിഖം" ഒരു ബ്ലോഗനുമായി

 • താങ്കള്‍ ഒരു ബ്ലോഗര്‍ ആണോ ?
 • അല്ല.!
 • ബ്ലോഗ്‌ എഴുതിയിട്ടില്ലേ?
 • ഉണ്ട് അതുകൊണ്ട് ബ്ലോഗര്‍ ആവുമെങ്കില്‍ അതെ.
 • താങ്കള്‍ നേരെ ചൊവ്വേ കാര്യങ്ങള്‍ പറയില്ല എന്ന ഒരു വിമര്‍ശനം കേള്‍ക്കുന്നത് ഇത്തരം മറുപടി കാരണമാണോ?
 • ഉണ്ടോ? എനിക്കറിയില്ല. പിന്നെ മറുപടി ചോദ്യങ്ങളെ ആശ്രയിച്ചായിരിക്കും. താങ്കള്‍ ഒരു ബോറന്‍ ആണോ എന്ന് ചോദിച്ചാല്‍ എന്താണ് താങ്കളുടെ മറുപടി? ഇതിനര്‍ത്ഥം താങ്കള്‍ അങ്ങനെ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നല്ല...
 • സമ്മതിച്ചു. ഇനി നമുക്ക് കാര്യത്തിലേക്ക് കടന്നാലോ? അഭിമുഖത്തിലേക്ക്?
 • അപ്പൊ ഇതുവരെ ... ചോദിച്ചതും?...
 • ഇത് താങ്കളുടെ വായനക്കാര്‍ക്ക് വേണ്ടിയാണ്. അവര്‍ക്ക് താങ്കളെ പറ്റി അറിയാന്‍ താല്പര്യം ഉള്ള കാര്യങ്ങള്‍.
 • ഈയുള്ളവനും വായനക്കാരോ? ഇന്ന് ഏപ്രില്‍ ഒന്ന് അല്ല എന്ന് വിശ്വസിക്കട്ടെ. ക്ഷമിക്കണം താങ്കള്‍ക്ക് കുടിക്കാന്‍ ചായയോ കാപ്പിയോ അല്ലെങ്കില്‍ മറ്റു വല്ലതും? അതായത് നാരങ്ങ വെള്ളം അല്ലെങ്കില്‍ മോരോ എന്നാണ് ഉദ്ദേശിച്ചത്.
 • ഒന്നും വേണ്ട നന്ദി.
 • സന്തോഷം!!!
 • ബ്ലോഗ്‌ എഴുത്തിനെ പറ്റി എന്താണ് അഭിപ്രായം? എന്താണ് അതിന്റെ ഗുണം? താങ്കളുടെ നിരീക്ഷണത്തില്‍?
 • നല്ല അഭിപ്രായം.
 • ക്ഷമിക്കണം. ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. ഇത് എന്റെ ആദ്യത്തെ അഭിമുഖം ആണ്. തുറന്നു പറയട്ടെ, ഇത് എങ്ങനെ എന്നതിനെ ആശ്രയിച്ചാണ് എന്റെ ഭാവി.
 • അത് ആദ്യമേ മനസ്സിലായി. ഭാവി എങ്ങനെ ആയിത്തീരും എന്ന് . പിന്നെ ഈ ബ്ലോഗ്‌ എന്ന് പറയുമ്പോള്‍ .... .... അതായത് ,,,, ക്ഷമിക്കണം ആരോ ഫോണ്‍ വിളിക്കുന്നു .... ഒന്ന് നോക്കട്ടെ ?!!......................................................................................................................................... അപ്പോള്‍ നമ്മള്‍ എവിടെ യാണ് പറഞ്ഞു നിര്‍ത്തിയത്?
 • ഈ ബ്ലോഗ്‌ എന്ന് പറയുമ്പോള്‍ എന്നല്ലേ സര്‍?
 • അതെ നന്ദി. മറ്റുള്ളവരെ അതായത് വായനാ കുതുകികളെ അവര് ആവശ്യപ്പെടാതെ തന്നെ ഒരു കാശും ചിലവാക്കാതെ ബോറടിപ്പിക്കാം എന്നതാണ് ഒരു ഗുണം. അടുത്തത് നിങ്ങള്‍ എഴുതുന്നത്‌ എന്ത് ചവറ് ആയാലും പബ്ലിഷ് ചെയ്യാന്‍ ചെരുപ്പിന്റെ തേയ്മാനം ആവശ്യമില്ല എന്നതാണ്. പിന്നെ ഏതെങ്കിലും നല്ല രണ്ടു അഗ്ഗിഗട്ടെരില്‍ അഗ്ഗ്രിഗേറ്റ് ചെയ്താല്‍ പണിയുടെ രണ്ടാം ഘട്ടം കഴിഞ്ഞു. " അല്ല!!...ഹലോ... താങ്കള്‍ കേള്‍ക്കുന്നുണ്ടോ ?... ഈ ഇന്റര്‍വ്യൂ എന്നും പറഞ്ഞു പിടിച്ചിരുത്തിയിട്ടു... ഒടുവില്‍ സംവിധായകനോട് കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ പോണ പോലെ ആവരുത്.
 • ഇല്ല സര്‍. കേള്‍ക്കുന്നുണ്ട്? .... കൂട്ടത്തില്‍ ഒന്ന് ചോദിക്കട്ടെ? സര്‍ സിനിമക്ക് കഥ എഴുതാന്‍ ശ്രമിച്ചിരുന്നോ ?
 • ഞാന്‍ നേരത്തെ പറഞ്ഞു... നേരെ ചൊവ്വേ ഉള്ള കളി മതി എന്ന് .....
 • സോറി സര്‍ .. സര്‍ തുടരൂ....
 • സര്‍ എന്നതിന് stupid idiot Rascal എന്നും പറയും. അത് കൊണ്ട് താന്‍ ഇടയ്ക്കു പുട്ടിനു തേങ്ങ ഇടണ്ട.... നമ്മള്‍ എവിടെ യാ നിര്‍ത്തിയത്??
 • പുട്ടിനു തേങ്ങ ... അല്ല സോറി... സര്‍... ബ്ലോഗിന്റെ രണ്ടാം ഘട്ടം കഴിഞ്ഞു..
 • ഹും ... ( നീ എന്നെ കൊണ്ട് മിക്കവാറും അത് ചെയ്യിക്കും ) ഈ ബ്ലോഗിന്റെ മൂന്നാം ഘട്ടം എന്ന് പറയുന്നത് ആജീവനാന്തം മുടങ്ങാതെ ബൂലോകത്തില്‍ ഉള്ള കാലം ചെയ്യേണ്ടതാണ്. ബൂലോകത്തിലെ വമ്പന്‍ മാരുടെയും പ്രതിഭകളുടെയും തൊട്ടു ഇസ്പേഡ് ഏഴാം കൂലികളുടെ ബ്ലോഗ്‌ വരെ വായിക്കുക. എന്തെങ്കിലും ഒക്കെ കമ്മന്റ് സ്വന്തം നാമത്തില്‍ നിക്ഷേപിക്കുക .. ദിവസം മൂന്നു നേരം മുടങ്ങാതെ. ഒന്നും പറ്റിയില്ലെങ്കില്‍ ഇങ്ങനെ ഒരു good ഉം :) ഇങ്ങനെ ഒരു ചിരിയുമെങ്കിലും നിക്ഷേപിക്കുക. മുട്ടുപായില്‍ ഇങ്ങനെ എന്നും ചെയ്തോളു...വേറെ ഒരു അമ്പലത്തിലും പോകണ്ട....താങ്കള്‍ ഒരു കൊച്ചു സംഭവം ആയി കഴിഞ്ഞു. പതിയെ താങ്കളുടെ കമന്റ്‌ കളത്തിലും വരും അഭിപ്രായങ്ങള്. ഇത് വെറുതെ കിട്ടുന്നതല്ല. " ഈ വാല്‍മാക്രി എന്റെ കഴിഞ്ഞ രണ്ടു കഥകള്‍ക്കും കമന്റ്‌ ഇട്ടതല്ലേ. ഇവനൊന്ന് ഇട്ടു കൊടുത്തേക്കാം. എന്നാലെ അടുത്തതിനു വല്ലതും കിട്ടൂ" . അങ്ങനെ ഇതൊരു കൊടുക്കല്‍ വാങ്ങല്‍ പ്രസ്ഥാനം ആയി വളരും. അതല്ലെങ്കില്‍ വേറെ ഒരു വഴി ഉണ്ട്. ഒരു കാല്‍മൂക്കന്‍ രാജാവ് ആയി കഴിഞ്ഞാല്‍ പിന്നെ ഒരു രണ്ടു വരി എഴുതുക പക്ഷെ ഒരു പ്രത്യേക രീതിയില്‍ ചെയ്യണം എന്ന് മാത്രം. കമന്റ്‌ കൊട്ട നിറച്ചു വരാന്‍ തുടങ്ങും. ഉദാഹരണം പറയാം. ഒരു പുതിയ പോസ്റ്റ്‌ ഇടുക " സ്ത്രീ സ്വാതന്ത്യം എത്ര വരെ ആവാം? ഇപ്പോള്‍ തന്നെ കേരളത്തില്‍ അധികമാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? പ്രതികരിക്കുക.... അല്ലെങ്കില്‍ " ശരിക്കും കേരളത്തില്‍ സ്ത്രീ പീഡനം നടക്കുന്നുണ്ടോ? അതോ കെട്ടി ചമാച്ചതാണോ? .... എന്റെ പോന്നു സുഹൃത്തെ . പോസ്റ്റ്‌ പബ്ലിഷ് ചെയ്തു ഒരു സെക്കന്റ്‌ കഴിയണ്ട... ബ്ലോഗികളും ബ്ലോഗന്‍ മാരുമായി ഒരു വരവുണ്ട് നിങ്ങളുടെ കമന്റ്‌ ബോക്സില്‍ ...നമ്മള് വെറുതെ നിന്ന് കൊടുത്താല്‍ മതി. വല്ലപ്പോഴും ചെറിയ മറുപടി കമന്റുമായി ഇടയ്ക്കു ഒന്ന് ഇടിച്ചു കയറുക. വലിയ പ്രയാസമാവും തിരക്കിനിടയില്‍ സ്വന്തം സൈറ്റില്‍ കയറിപ്പറ്റാന്‍. " എന്നിട്ട് നന്ദി... നന്ദി ...നന്ദി ...എന്ന് പറയുക. " ഇടയ്ക്കു ചര്‍ച്ച വഴിമാറി പോവാതെ കാലിക്കൂട്ടങ്ങളെ .. സോറി കുഞ്ഞാടുകളെ തെളിച്ചു കൊണ്ട് നടക്കുക... ഇത്രയേ ഉള്ളൂ പണി. പിന്നെ ഒന്നും നോക്കണ്ട .. എവിടെ ചെന്നാലും ഏതു സദസ്സില്‍ ചെന്നാലും പേരാണ്... പ്രത്യേകിച്ചും ഗള്‍ഫ്‌ മലയാളി അഥവാ പ്രവാസി ആണെങ്കില്‍. ആളുകള്‍ നമ്മളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ലവന്‍മാര് ആ പണി ഏറ്റെടുത്തുകൊള്ളും. " ഇത് Mr രാമന്‍ / അല്ലെങ്കില്‍ പ്രേമന്‍ ... അറിയില്ലേ ... ഊരാളന്‍ എന്ന പേരില്‍ ബ്ലോഗ്‌ എഴുതുന്ന" ...!!! അത് ശരി ...അറിയാം വായിച്ചിട്ടുണ്ട്...എന്ന മറുപടിയോടെ മറ്റേ ലവന്‍ നമ്മളെ ഒന്ന് തൊഴും. അതിനെക്കാള്‍ താഴ്ന്നു അങ്ങോട്ടും ഒന്ന് തൊഴുക.. അല്ല തോഴുതുകൊണ്ടേ ഇരിക്കുക ... മതി. YOU ARE IN.... താങ്കള്‍ ഇപ്പോള്‍ ഒരു ആപ്പ സാദാ പ്രവാസി അല്ല. സമൂഹത്തിലെ അപചയങ്ങള്‍ ക്കെതിരെ നിരന്തരം തൂലികയിലൂടെ വാളോങ്ങി കൊണ്ടിരിക്കുന്ന ഒരു പ്രവാസി നിരൂപകനാണ്, ചിന്തകനാണ്, പ്രവാസി സാംസ്കാരിക നായകനാണ്.
 • സര്‍ ഒരു മിനുട്ട് ഒന്ന് ഇടപെടട്ടെ? താങ്കളുടെ വീക്ഷണങ്ങള്‍ വളരെ അര്‍ത്ഥവത്തായി ജനങ്ങളില്‍ പ്രതിഫലിക്കട്ടെ. ഒപ്പം ഒന്ന് ചോദിച്ചോട്ടെ? ഒരു പക്ഷെ അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണോ ഈ പ്രതികരണവും?
 • മനസ്സിലായില്ല...!!! താനെന്തിനാ അനുഭവങ്ങളുടെ തീ ചൂള എന്നൊക്കെ പറഞ്ഞു ഏഷ്യാനെറ്റില്‍ ആ താടി ക്കാരന്‍ ചെറിയ മനുഷ്യന്‍ കാണിക്കുന്ന പോലെ കൈ ഉള്ളം കൈയ്യിലിട്ട് തിരിച്ചു കാണിക്കുന്നത് ? ന്താ ആളെ കളിയാക്കാ....
 • അല്ല സര്‍ ഒരിക്കലും അല്ല താങ്കള്‍ക്ക് ബ്ലോഗില്‍ കമന്റ്‌ എല്ലാം കുറവാണോ എന്ന് ചോദിക്കാന്‍ ഇരിക്കയായിരുന്നു?
 • തന്നോട് പല തവണ പറഞ്ഞു... ഒരു മാതിരി ഈ ആക്കുന്ന പരിപാടി വേണ്ട എന്ന്. എനിക്ക് കമന്റ്‌ ഉണ്ടോ എന്ന് നോക്കാന്‍ ഞാന്‍ തന്നെ എല്പിച്ചോ?
 • അല്ല സര്‍!!!...അങ്ങനെ ഒന്നും...
 • വേണ്ടെടോ? എനിക്ക് വേണ്ട കമന്റ്‌.!! ന്നാലോ? സര്‍ഗബോധം വേണം സര്‍ഗബോധം... ഉണ്ടോ അത് തനിക്ക്? ഞാന്‍ ആരാന്നാ ഇയാള്‍ വിചാരിച്ചത്? ഇപ്പൊ കുറച്ചായി ഒന്നും എഴുതുന്നില്ല എന്ന് വച്ച്??
 • സര്‍ അത് തന്നെ ആണ് ഞാന്‍ ചോദിക്കാന്‍ ഇരുന്നത്. താങ്കളുടെ പുതിയ സൃഷ്ടികള്‍ ഒന്നും വരുന്നില്ല എന്നത് താങ്കളുടെ ആരാധകരെ ശരിക്കും വിഷമിപ്പിക്കുന്നുണ്ട്. പലരും താങ്കളുടെ സുഹൃത്ത് ഏകലവ്യനോട്‌ പോലും ചോദിച്ചു.... സര്‍ ഇങ്ങനെ വികാരപ്പെട്ടു നോക്കരുത് സര്‍..
 • ( ഒരു പത്തു നിമിഷത്തിനു ശേഷം പൂര്‍വ സ്ഥിതിയില്‍ വന്നതില്‍ പിന്നെ) ശരിയാടോ... ഞാന്‍ പറഞ്ഞില്ലേ ഒരു സാഹിത്യകാരന് സര്‍ഗ ചിന്ത വരണം ... പിന്നെ അതിങ്ങനെ മനസ്സില്‍ തിങ്ങി നിറയണം. അത് പിന്നെ ഒരു ഒഴുക്കായി പേനതുംബിലൂടെ വന്നു ചേരണം. അതിനു അതിന്റേതായ സമയം എടുക്കും മനസ്സിലായോ? അല്ലാതെ നമ്മുടെ വെടി തീര്‍ന്നു എന്ന് താന്‍ എഴുതി പിടിപ്പിക്കേണ്ട. പിന്നെ ആ നമ്മുടെ ഏകലവ്യന്‍ . ആ ചിത്രണം ബ്ലോഗനല്ലേ?. എടൊ അവനു ആ ടെലിസ്കോപ്പ് കാമറ തൂക്കി ഒന്ന് കടലിലേക്ക്‌ നോക്കി ഒന്ന് ക്ലിക്കി " നീല സാഗരം" എന്നോ അതോ ഒരു ഓന്തിനെ സൂം ചെയ്തു ക്ലിക്കി വന്ന്യ സൌന്ദര്യം എന്നോ ഒരു അടികുറിപ്പും ഇട്ടാല്‍ രണ്ടു പോസ്റ്റ്‌ ആയി. കമന്റ്‌ ഇഷ്ടം പോലെ വരും. ആകെ രണ്ടു മിനിട്ട് പണിയേ ഉള്ളൂ. എന്റെ ശിഷ്യന്‍ ആയതുകൊണ്ട് പറയുകയല്ല കേട്ടോ? അവന്‍ ആ പണിയില്‍ ആള് പുലിയാ ...
 • പുള്ളി സാറിന്റെ ശിഷ്യന്‍ ആണോ?
 • നീ ഇനി ഇതാരോടും പറയണ്ട. ഫോട്ടോ പരിപാടി നമ്മക്ക് അറിയില്ലെങ്കിലും അവനെ ബ്ലോഗ്‌ എല്ലാം പഠിപ്പിച്ചു കൊടുത്തത് ആരാ ??
 • ആരാ സര്‍?
 • ഞാന്‍ തന്നെ. അവനോടു ചോദിക്കുകയൊന്നും വേണ്ട. അവന്‍ ചിലപ്പോ സമ്മതിക്കില്ല . പക്ഷെ സത്യമാണ്. നീ *(ഇതില്‍ എഴുതുകയും ചെയ്യല്ലേ!!! )
 • സര്‍ ഒരു ചോദ്യം ...
 • വേണ്ട ഇനി നാളെ ആക്കം ബാക്കി. ആദ്യ എപ്പിസോടിനു ആയില്ലേ?
 • ആയി
 • ബാക്കിക്ക് നീ നാളെ വാ... പിന്നെ പോവുമ്പോ എന്റെ ആ പേന അവിടെ തന്നെ വച്ചേക്കണേ !!! (ദരിദ്ര വാസി ഒരു പേന പോലുമില്ല ഇത് ആത്മഗതം ആണേ )
 • ശരി സര്‍ ഒരു ഗ്ലാസ്‌ വെള്ളം കിട്ടിയാല്‍ നന്നായിരുന്നു.
 • ഇപ്പൊ തരാം പെണ്ണും പിള്ള ഇവിടെ ഇല്ല നാട്ടില്‍ പോയതാ... എനിക്ക് ഒറ്റക്കിരുന്നു എഴുതിയാലേ സര്‍ഗവാസന വരൂ.
 • അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌ സാറിന്റെ കുടുംബ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം ... അത് നാളെയാവാം അല്ലെ?
 • തല്‍കാലം നീ അങ്ങനെ എത്തി നോക്കണ്ട... നാളെ വാ അപ്പോള്‍ പറയാം ബാക്കി.

Wednesday, February 11, 2009

എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ -1

04-04-2004
എഴുതാന്‍ തിരഞ്ഞെടുത്ത ദിവസം വല്ലാത്ത ഒരു പ്രത്യേകത തോന്നിക്കുന്നു. 04/04/04. എല്ലാം നാല്. ഒരപൂര്‍വ ദിവസം. അതിനപ്പുറം ഈ ഡേറ്റ് എന്റെ ഓര്‍മയില്‍ എവിടെയോ ഉണ്ട്. നമ്മെ സംബന്ധിച്ച് എടുത്തു പറയത്തക്ക ഒരു പ്രത്യേകതയും ഇല്ലെങ്കിലും ചില പ്രത്യേക ഡേറ്റ് കള്‍ നമ്മുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കാറുണ്ട്. എന്താണതിനു കാരണം എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ഒരു ഏപ്രില്‍ നാല്, അത് ഏതാണ്ട് ഇരുപതു വര്ഷം മുമ്പാണ് എന്ന് തോന്നുന്നു. ഞാനും ഏട്ടനും എല്ലാം അന്ന് കുട്ടികളാണ്. അന്നാണ് ഏട്ടനും അത്രത്തോളമില്ലെങ്കിലും ഞാനും ഓമനിച്ചു വളര്‍ത്തിയിരുന്ന ഒരു വരയന്‍ പൂച്ച ചത്തു പോയത്. മനസ്സില്‍ ഏറെയൊന്നും കളങ്കം ഇല്ലാത്ത കുട്ടിക്കാലത്ത് ഞങ്ങള്ക്ക് വളരെ ദുഃഖം തോന്നിയ ദിവസമായിരുന്നു അത്. വടക്കേ പറമ്പില്‍ ഒരു പ്ലാവിന്റെ മൂലയില്‍ "ഔദ്യോദിക ബഹുമതി"കളോടെയാണ് അവനെ ഞങ്ങള്‍ അടക്കിയത്‌ എന്നത് ഓര്‍ക്കുന്നു. എന്റെ മനസ്സില്‍ ആ ദിവസം ഇന്നും തങ്ങി നില്ക്കുന്നത് എന്ത് കൊണ്ടാണ്? വീട്ടില്‍ എത്രയോ പൂച്ചകള്‍ പല കാലത്തായി ഉണ്ടായിരുന്നു. ഓമന തോന്നിയ എത്രയോ എണ്ണം ചത്തു പോയിട്ടുണ്ട്. ആ ദിവസങ്ങള്‍ ഒന്നും ഓര്ത്തു വയ്ക്കാതെ എന്തെ ഇതു മാത്രം ഇത്ര കൃത്യമായി ഓര്‍ക്കുന്നു? മനസ്സിന്റെ ഓരോ കളികളാവാം അത്. ആ ദിവസം ഓര്ത്തു വക്കാന്‍ മനസ്സ് ഒരു കാരണവും കണ്ടെത്തിയിരുന്നു. ഞങ്ങളുടെ നാട്ടു കാരനായ പോലീസുകാരന്‍ രാജരത്നത്തിന്റെ കല്യാണം അന്നായിരുന്നു. ഞങ്ങളുടെ മൂട്ടോളി അമ്പലത്തില്‍ ഒരു പക്ഷെ എന്റെ ഓര്‍മ ശരിയാണെങ്കില്‍ നടന്ന ആദ്യത്തെ കല്ല്യാണം ആയിരുന്നു അത്. വളരെ പഴക്കമുള്ള അമ്പലം ആണെങ്കിലും അവിടെ കല്ല്യാണം നടന്നു കണ്ടിട്ടില്ലായിരുന്നു. കല്യാണം കഴിഞ്ഞു ചെറുക്കാനും പെണ്ണും പരിവാര സമേതം ഞങ്ങളുടെ വീടിനു മുന്‍പിലെ റോഡിലൂടെ നടന്നു പോവുന്നത് "പ്രിയപ്പെട്ടവന്റെ അടക്കം " കഴിഞ്ഞു വീടിന്റെ മതില്കെട്ടിനു മുകളിലൂടെ ഞങ്ങള്‍ നോക്കി നിന്നിരുന്നു. അന്ന് ഒരു പക്ഷെ ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു വച്ചത് ആ പ്രിയപ്പെട്ട പൂച്ചയെ എന്നും ഓര്‍ക്കാനുള്ള എന്റെ കൊച്ചു മനസ്സിന്റെ ചെപ്പടി വിദ്യ ആയിരുന്നിരിക്കണം.
ചെറുപ്പകാലത്തു ഞങ്ങളുടെ കാഴ്ചകളും ചിന്തകളും എല്ലാം ആ മതില്‍ കെട്ടിന് ഇപ്പുറത്തു നിന്നു ദൂരേക്ക്‌ നോക്കികൊണ്ടയിരുന്നു. കരിങ്കല്ല് കൊണ്ടു കെട്ടിയ അത്തരം ഒരു വലിയ മതില്‍ കെട്ട് അന്ന് ആ നാട്ടില്‍ അധികം വീടുകള്‍ക്കൊന്നും ഇല്ലായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളുടെ സന്തോഷങ്ങളും ദുഖങ്ങളും ഒന്നും ആ മതില്‍ വിട്ടു പുറത്ത്‌ പോയിരുന്നില്ല. അത് കൊണ്ടു തന്നെ ഒരു പാടു നാള്‍ വരെ ഞാന്‍ പുറം ലോകത്തെ, ആ ചുറ്റുപാടിനെ ശരിക്കും അറിഞ്ഞിട്ടില്ല എന്ന് പറയുന്നതാവും ശരി. മതിലിനും റോഡിനും അപ്പുറത്ത് "മാമ്പറ്റക്കാരുടെ " വീടുകള്‍ക്ക് പുറകിലാണ് ഞങ്ങള്‍ "പാരോത്തടം"എന്ന് വിളിക്കുന്ന കൊച്ചു പുഴ. അവിടെ ഒഴിവു ദിനങ്ങളില്‍ മീന്‍ പിടിച്ചും ഗോട്ടി കളിച്ചും തിമര്‍ക്കുന്ന കുട്ടികളുടെ കൂടെ കൂടുക എന്നത് എന്നും എന്റെ നടക്കാത്ത സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ഒരു പക്ഷെ അന്ന് അവരുടെ കൂടെ കളിക്കാന്‍ അമ്മ സമ്മതിച്ചിരുന്നെങ്കില്‍ ഞാന്‍ ചീത്തയായി പോവുമായിരുന്നോ? എന്തോ എനിക്കറിയില്ല. ഇനി ഞാന്‍ നല്ലവന്‍ ആയി തീര്‍ന്നു, അല്ലെങ്കില്‍ നല്ല നടുപ്പുകാരനായി എന്ന് ഇപ്പോഴും എനിക്ക് പറയാന്‍ പറ്റില്ല താനും.!! ചുരുങ്ങിയ പക്ഷം ഞാന്‍ നല്ല ഒരു സാമൂഹ്യ ജീവി ആണോ ഇപ്പോള്‍? അതും ചിന്തിക്കേണ്ട വിഷയമാണ്.
അന്ന് ആ പ്രേമനും, പ്രഭീഷിനും പ്രവിക്കും ഒന്നും ഷര്‍ട്ടും മറ്റു മേലുടുപ്പും ഒന്നും ഉണ്ടാവാറില്ല. ഉള്ള ട്രൌസറിനു ബട്ടനും ഉണ്ടാവില്ല. പകരം ബട്ടന്‍ ഹോളില്‍ അറ്റം വലിച്ചു മുറുക്കി വച്ചാണ് നടപ്പ്. ഇടയ്ക്കിടയ്ക്ക് ഊര്‍ന്നു പോരുന്ന ട്രൌസര്‍ വലിച്ചു കെട്ടി ആണ് നടപ്പ്. ചൂണ്ടയും കടലാസില്‍ പൊതിഞ്ഞ മണ്ണിര ക്കൂട്ടങ്ങളും കീശ നിറച്ചു ഗോട്ടിയും (ഗോലി) ആണ് എപ്പോഴും കൂടെയുള്ള പണിയായുധങ്ങള്‍. മിക്കപ്പോഴും കളി വെള്ളത്തിലായതിനാല്‍ ധാരയായി മൂക്കൊലിച്ചുകൊണ്ടിരിക്കും. ഒരു കൈ കൊണ്ടു അത് തുടച്ചു ട്രൌസറിന്റെ മുന്നില്‍ ഉരക്കും. നമ്മുടെ ക്രിക്കറ്റ് കളിക്കാര്‍ പന്ത് ഉരക്കുന്നതു പോലെ. ഷര്‍ട്ട്‌ ഇടാതെ പുറത്തു ഇറങ്ങാനോ അവരുടെ കൂടെ കൂടാണോ വീട്ടിലെ നിയമങ്ങള്‍ എന്നെ അനുവദിച്ചിരുന്നില്ല.
അത്തരം മോഹങ്ങള്‍ ഒന്നും നടക്കില്ല എന്നറിഞ്ഞത് കൊണ്ടാവണം ഞാന്‍ എന്റെ രീതികളെ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടത് എന്ന് തോന്നുന്നു. ചോക്കും കരിക്കട്ടയും കൊണ്ടു വീടിന്റെ പെയിന്റ് അടിക്കാത്ത പിന്‍ ചുവരില്‍ ചിത്രങ്ങള്‍ വരച്ചു കൂട്ടിയും അമ്മ പറയുമ്പോള്‍ ഇരുന്നു പഠിച്ചും പഠിക്കുന്ന ക്ലാസ്സില്‍ ഒന്നാമതായും (പലപ്പോഴും അത് മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവായിരുന്നു) പിന്നെ ഇഷ്ടഭക്ഷണം ഇഷ്ടം പോലെ തട്ടിയും ഒരു കൊച്ചു തടിയനായി ഞാന്‍ വളര്‍ന്നു. മൂത്ത ഏട്ടന്‍ അന്നും എല്ലാവര്‍ക്കും പഠിക്കുന്ന, അനുസരണയുള്ള സത്യസന്ധനായ കുട്ടി എന്ന റോള്‍ മോഡല്‍ ആയിരുന്നു. പക്ഷെ ഇളയ ചേട്ടന്‍ അങ്ങനെയേ ആയിരുന്നില്ല. ആ മതില്‍കെട്ട് വിട്ടു പുറത്തു ചാടാന്‍ വെമ്പുന്ന ഒരു "വിപ്ലവകാരിയുടെ , ഒരു പരിഷ്കരണ വാദിയുടെ " മനസ്സ് എപ്പോഴും അവനില്‍ ചുര മാന്തിയിരുന്നു. അമ്മയുടെ കൈയില്‍ നിന്നും മുറ തെറ്റാതെ കിട്ടുന്ന അടി ആണ് അവനെ ഒട്ടൊക്കെ അടക്കി നിര്‍ത്തിയത്. എങ്കിലും വല്ലപ്പോഴും അടര്‍ന്നു കിട്ടുന്ന സീറോ ചാന്‍സ് അവന്‍ ഗോള്‍ ആക്കി മാറ്റുന്നത്‌ ഞാന്‍ വീരാരാധന യോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ പഠിപ്പിലും മിടുക്കിലും കളിയിലും ഒരുപോലെ കേമനായ അവനെ കുറിച്ചായിരുന്നു അച്ഛനും അമ്മയ്ക്കും കൂടുതല്‍ അഭിമാനം എന്ന് തോന്നുന്നു. എനിക്ക് പകരം നാളെ അവനെ കണ്ടാല്‍ മതി എന്ന് അച്ചന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നത്രെ! പക്ഷെ അത് മാത്രം പാഴ്വാക്കായി പോയി. ആ പ്രതീക്ഷകള്‍ ഒരു ശതമാനം പോലും നിറവേറ്റാന്‍ പറ്റാത്ത വിധം അവനിലെ അവനെ അവന്‍ വഴിയിലെവിടെയോ ഉപേക്ഷിച്ചു എന്നത് ഇന്നിന്റെ സത്യമാണ്.
എനിക്കതരം ഹീറോ പരിവേഷം ഒന്നുമില്ലായിരുന്നു. എന്നെ അതിനുന്നും കൊള്ളുമായിരുന്നില്ല എന്നതായിരുന്നു കൂടുതല്‍ ശരി. എന്റെ സ്ഥായിയായ വികാരം തന്നെ ഭയമായിരുന്നു. സ്കൂളില്‍ ചെര്‍ക്കുന്നതുവരെയും അതിന് ശേഷമുള്ള രണ്ടു വര്‍ഷവും വീട്ടില്‍ എപ്പോഴും തിരക്കായിരുന്നു. അതായത് ഞങ്ങളുടെ ജീവിതത്തില്‍ നിന്നു അച്ഛന്‍ വിട പറഞ്ഞു പോവുന്നത് വരെ. എന്റെ ഓര്‍മകളില്‍ വെള്ളയും നീലയും നിറത്തിലുള്ള ലാമ്പി സ്കൂട്ടര്‍ ഉണ്ട് പിന്നെ പാലൊഴിച്ച ചായയുടെ നിറമുള്ള അംബാസിടെര്‍ കാര്‍, പിന്നെ ഡ്രൈവര്‍ വിജയേട്ടന്‍, ബന്ധുവും കാര്യസ്ഥനും ആയ കറുത്ത് മെലിഞ്ഞ ചന്ദ്രേട്ടന്‍, പുള്ളിയ്ടെ മയില്‍ വാഹനമായ പഴയ ബ്രിട്ടീഷ് റാലി സൈക്കിള്‍. കരാറു കാരനായ അച്ഛനെ കാണാന്‍ വരുന്നവരുടെയും ജോലിക്കാരുടെയും ഇടയില്‍ ചായയുമായി ഇടനാഴിയിലുടെ അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ട് നടക്കുന്ന അമ്മയാണ് എന്റെ ഓര്‍മയില്‍. രാവിലെ എനിക്കിഷ്ടപ്പെട്ട ഗോതമ്പ് ദോശയും ചട്ട്ണിയും ഒരു സ്റ്റീല്‍ പാത്രത്തില്‍ വച്ചു ഊണ് മേശക്കു മേലെ എന്നെ ചുമരിനോട് ചേര്ത്തു കൊണ്ടിരുത്തും അമ്മ. ഇളയ മകനെന്ന വാല്‍സല്ല്യം ആവോളം ആസ്വദിച്ചിരുന്നു ഞാന്‍ ആ മനസ്സില്‍ നിന്ന്. വൈകിട്ട് കൊണ്ടു വരുന്ന ജിലേബിയും തിരക്കിനിടക്ക് എപ്പോഴൊക്കെയോ മടിയില്‍ പിടിച്ചിരുത്തി തരുന്ന ഉമ്മകള്‍ അച്ഛന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഉണര്‍ത്തുന്നു. ഈ ആള്‍കൂട്ടത്തിന്റെ ഇടയില്‍ ചോക്കും മെഴുകുചായ പെന്‍സിലുകളും പിന്നെ ഏട്ടന്‍ മാര്‍ വഴി താവഴി ആയി കിട്ടിയ മുച്ചക്ക്ര സൈക്കിള്‍, അതെല്ല്ലാമായി എന്റേതായ ലോകത്ത് ഞാനും.
എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ വന്നത് വസന്തെട്ടനായിരുന്നു, പോളി ടെക് നിക്ക് ഇല്‍ പഠിച്ച അച്ഛന്റെ മുതിര്‍ന്ന അനതിരവനായ പുള്ളിക്ക് ഞങ്ങളുടെ ഇടയില്‍ ഒരു വീര പരിവേഷം ഉണ്ടായിരുന്നു. ഏട്ടന്‍ മാരുടെ കൂടെ സ്കൂള്‍ ഇല്‍ പോയി പരിചയമുള്ളത് കൊണ്ടു എനിക്ക് കരച്ചിലൊന്നും വന്നില്ല അന്ന്. അമ്മയും എന്റെ ചില ടീച്ചര്‍ മാരും ഒഴിച്ച് ആരും എന്നെ കാര്യമായി ഗൌനിചിരുന്നില്ല ആദ്യനാളുകളില്‍. രാമന്‍കുട്ടി മാഷും പാച്ചുകുട്ടി മാഷും പഠിപ്പിച്ച ഒന്നും രണ്ടും ക്ലാസ്സുകളില്‍ ഞാന്‍ കേമാനായിരുന്നോ എന്ന് പോലും എനിക്കോര്‍മ്മ ഇല്ല. കളിക്കൂട്ടുകാര്‍ക്കിടയില്‍ പോലും ഞാന്‍ ഒരു പരാജയമായിരുന്നു. രണ്ടാം ക്ലാസ്സില്‍ ഏതോ കവിത ചൊല്ലി പഠിപ്പിച്ച സമയത്താണ് അച്ഛന്‍ മരിച്ചു എന്ന് പറഞ്ഞു എന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയത് എന്നാണു എന്റെ അവ്യക്തമായ ഓര്‍മ. അന്ന് ശരിക്കും എനിക്ക് സങ്കടം വന്നിരുന്നോ ? ഞാന്‍ കരഞ്ഞിരുന്നോ? എനിക്കറിയില്ല. വീട് നിറച്ചും ആളുകളുണ്ടായിരുന്നു. ഒരു പാടു കാറുകള്‍. അതൊക്കെ കണ്ടതോര്‍ക്കുന്നു എന്റെ അന്നത്തെ കൊച്ചു മനസ്സ്. അതിന് മുന്പ് മൂത്തമ്മയോടൊപ്പം മെഡിക്കല്‍ കോളേജില്‍ അച്ഛനെ കാണാന്‍ പോയതോര്‍മയുണ്ട്. അച്ഛന്റെ മൂക്കിലൂടെ പ്ലാസ്റ്റിക് പൈപ്പ് പോലുള്ള ഒരു സാധനം ഇട്ടതു കണ്ടു. വേറെയും കുറെ പൈപ്പുകള്‍. മൂത്തമ്മയുടെ മടിയില്‍ ഇരുന്നു തിരിച്ചു പോവുമ്പോള്‍ അച്ഛന്‍ എങ്ങനെ ശ്വാസം കഴിക്കും എന്നതായിരുന്നു എന്റെ ചിന്ത. എല്ലാം കഴിഞ്ഞു എല്ലാവരും തിരിച്ചു പോയപ്പോള്‍ ഇനിയും മടങ്ങി വരാനാവാത്ത അച്ഛന്റെ പുതപ്പും തോര്‍ത്തും എടുത്തു മുഖത്തോട് ചേര്ത്തു വച്ചു ആ സ്പര്‍ശനത്തിന്റെ മണവും സ്നേഹവും സാമിപ്യവും അറിഞ്ഞിരുന്നു ഞാന്‍. പതുക്കെ പതുക്കെ ആ മണവും ഇല്ല്ലതായി. ആ മുഖവും എന്റെ കൊച്ചു ഭാവനയില്‍ അവ്യക്തമായി തുടങ്ങി. ബാക്കിയായത് ജിലെബിയുടെ മധുരമുള്ള ഓര്‍മകളും വെളുത്ത സാരിയുടുത്ത എന്റെ അമ്മയും.
ഒരല്പം പണവും അതിലേറെ മതിപ്പും സമൂഹത്തില്‍ നേടിയ അച്ഛന്റെ ഇന്നും മരിക്കാത്ത പ്രശസ്തി ഏറെ ആസ്വദിക്കുന്നുണ്ട് ഞാന്‍ .നാല്പത്തിനാല് വയസ്സ് കൊണ്ട് ഒരു മുഴുജന്മത്തിന്റെ പേരും പ്രശസ്തിയും ഞങ്ങളുടെ കൊച്ചു നാട്ടില്‍ നേടിയ ആ അച്ഛന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞത് തന്നെയാണ് എന്റെ ഏറ്റവും വലിയ പുണ്യം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
നന്മയാണ് ഏറ്റവും വലിയ മതം. ഏറ്റവും നല്ല വിശ്വാസവും നന്മ ചെയ്യുന്നതാണ്. അസൂയ്യ കൊണ്ട് ശത്രുക്കള്‍ ആയി മാറിയവരുടെ ഇടയില്‍ പോലും അച്ഛനോട് ആദരവ്‌ ഉണ്ടാക്കിയത് അതാണ്‌. ഒരു നൂറു പേരുടെ പ്രശ്നങ്ങള്‍ക്ക്, വിഷമങ്ങള്‍ക്ക്, ഒരേ സമയം സ്വാന്തനമായിരുന്ന ആ മനസ്സിന് സ്വന്തം മനസ്സിന്റെ താങ്ങും തണലുമാകാന്‍ കഴിയാതെ പോയത് എന്തേ? പഴമക്കാരും പുതു തലമുറയും ഒടുവില്‍ ഉത്തരം കിട്ടാതെ വരുമ്പോള്‍ വിധി എന്ന് പറഞ്ഞു ആശ്വസിക്കുന്നത് ശരി തന്നെ. എല്ലാ ജീവിതങ്ങളും നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. എന്റെതും നിങ്ങളുടെതും എല്ലാം. നമുക്ക് മുകളിലും ചുറ്റിലും നമുക്കതീതമായി എന്തെല്ലാമോ ഉണ്ട്. നമുക്കൊരിക്കലും നിര്‍വചിക്കാനാവാത്ത, ന്യായീകരിക്കാനാവാത്ത ഒരു പാട് സമസ്യകളുണ്ട് നമ്മുടെയൊക്കെ കഴിഞ്ഞ കാലത്തിലും ഇന്നിന്റെ പകലുകളിലും നാളെയുടെ പിറവിയിലും. ജീവിതത്തിലെ വിജയങ്ങള്‍ തന്നെ ആപേക്ഷികമാണ്. ആത്യന്തികമായി ആരും ജയിക്കുന്നില്ല. ഉള്ളത് ചില താരതമ്യങ്ങള്‍ മാത്രമാണ്.
ഓര്‍മകളുടെ ആദ്യത്തെ ചിതറിയ ഏടുകള്‍ തല്ക്കാലം ഇവിടെ നിര്‍ത്തട്ടെ.
നന്ദി.....

Thursday, February 5, 2009

ഒരു ആമുഖം: എന്‍റെ ഓര്‍മക്കുറിപ്പ്‌കളിലേക്ക്

പ്രിയമുള്ളവരേ ...

ഇതൊരു ചെറിയ ഇടവേള ആയിരുന്നു. ഞാന്‍ സകുടുംബം ഒന്നു നാട്ടില്‍ പോയി വന്നു. എനിക്കെന്നും നാട് എല്ലാവരെയും പോലെ തന്നെ ഒരു ഓര്‍മപ്പെടുത്തലായിരുന്നു, ഒരു തരം ഗൃഹാതുരത്വം , അങ്ങനെ എല്ലാം ചേര്‍ന്ന ഒരു വികാരം. സന്തോഷത്തിന്റെ ഒരു ഒഴിവുകാലം അതും ബഹറിനില്‍ നിന്നു ആദ്യത്തേത് , കൂട്ടുകാരന്റെ കല്ല്യാണം , പിന്നെ പുതുവര്‍ഷവും ക്രിസ്മസ് ഉം എല്ലാം കൂടി പക്ഷെ ഒരു സുന്ദര പുലര്‍കാല സ്വപ്നം പോലെ വേഗത്തില്‍ കടന്നു പോയതായി അനുഭവപ്പെട്ടു. ഒന്നിച്ചു പഠിച്ചവര്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം ഒത്തു ചേര്‍ന്നത്‌ ആവേശത്തിന് മാറ്റ് കൂട്ടി. ശരിക്കും ഞാനിപ്പോഴും മനസ്സു കൊണ്ടു നാട്ടിലാണ് എന്ന് തോന്നുന്നു. അത് കൊണ്ടു തന്നെ ബ്ലോഗ് ഒന്നും കാര്യമായി തുറന്നു നോക്കിയില്ല . എനിക്കിഷ്ട്ടപ്പെട്ട എന്റെ ബ്ലോഗന്‍ മാരെ വായിച്ചെങ്കിലും ഒന്നു കമന്‍റ് ഇടാന്‍ പോലും തോന്നിയില്ല . എന്തിന്, കുഞ്ഞന് ഒരു കമന്‍റ് ഇട്ടു തമാശക്ക് പുള്ളിയെ ഒന്നു ചൊറിഞ്ഞു പ്രോകൊപിപ്പിക്കുന്ന പതിവു വിക്രിയ പോലും നടത്തിയിട്ടില്ല!!!


ഇനി "ഒരു ആമുഖം: എന്‍റെ ഓര്‍മക്കുറിപ്പ്‌കളിലേക്ക്"എന്ന തലക്കെട്ടിലേക്കു വരാം. ഒരിക്കലും ഒരെഴുത്തുകാരന്‍ ആയിരുന്നില്ല ഞാന്‍ . ഇപ്പോഴും അല്ല എന്നത് അതിവിനയം അല്ല പച്ചയായ സത്യം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എന്നും ഓര്‍മ്മകള്‍ ആയിരുന്നു എന്‍റെ മനസ്സില്‍ . ജനിച്ച വീട് , ആ നാട് അന്നത്തെ ഒരു അന്തരീക്ഷത്തില്‍, ചില പഴയ ആളുകള്‍ , കെട്ടിടങ്ങള്‍, നാടിന്പുരത്തു നടന്ന കൊച്ചു സര്‍ക്കസ്സ് വരെ. എല്ലാര്‍ക്കും എല്ലാവരുടെ മനസ്സിലും ഇതൊക്കെ ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടാവണം. പക്ഷെ എനിക്കതൊക്കെ ഇച്ചിരി കൂടി പോയിരുന്നോ എന്ന് സംശയം. 2004 ഇല്‍ ഞാന്‍ സൌദിയില്‍ ഉള്ള സമയത്തു എനിക്ക് ബ്ലോഗ് ഒന്നും കേട്ടറിവ് പോലും ഇല്ലാത്ത കാലത്ത് എന്‍റെ സുഹൃത്തായ അന്ന് പ്രസ്സില്‍ ജോലി ചെയ്തിരുന്ന പണിക്കര് സമ്മാനിച്ച ഒരു വലിയ നോട്ടു പുസ്തകത്തില്‍ ആ ഏപ്രില്‍ മാസത്തില്‍ എന്‍റെ കുട്ടിക്കാലവും ബാല്യവും എല്ലാം ചേര്‍ത്ത് എന്തൊക്കെയോ പെറുക്കി കൂട്ടി വച്ചു തുടങ്ങി. ഇടക്കൊക്കെ മുറിഞ്ഞും ഇടയ്ക്ക് പെട്ടന്ന് കാലം മാറി മറഞ്ഞും അത് 2006 അവസാനം വരെ തുടര്‍ന്നു. ഇതു കേട്ടാല്‍ ഒരു വലിയ പുസ്തകം എന്ന് തെറ്റിദ്ധരിച്ചു ഭഗവാനെ !!! ഇതു ഇവന്‍ പോസ്റ്റ് ചെയ്‌താല്‍ അതും ഞങ്ങള്‍ വായിച്ചു സഹിക്കണമല്ലോ എന്ന് ചിന്തിച്ചു വിഷമിക്കല്ലേ, എന്‍റെ എഴുത്തുകള്‍ അഥവാ ചാപല്യങ്ങള്‍ വായിക്കാന്‍ നിര്‍ബന്തിതരാകപ്പെട്ട എന്‍റെ അടുത്ത കൂട്ടുകാരെന്കിലും. ഏതാനും ചില താളുകള്‍ മാത്രമെ ഉള്ളു ... പക്ഷെ അതില്‍ ഒട്ടൊക്കെ ഞാന്‍ ഉണ്ട് ...അത് എന്‍റെ മനസ്സാണ് ..എന്‍റെ താളപ്പിഴകളും ...എന്‍റെ നഷ്ടങ്ങളും അതില്‍ ഉണ്ട് . അതോടൊപ്പം എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങളും , മധുരസ്മരണകളും ഉണ്ട്. എവിടെയും തുടങ്ങാതെ എവിടെയും അവസാനിപ്പിക്കാതെ അടച്ചു വച്ച ആ പുസ്തകം ഒരിക്കല്‍ അടുത്തൊരു കൂട്ടുകാരനെ കാണിച്ചു. സുഹൃത്തായതു കൊണ്ടാവണം പുള്ളി നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഇംഗ്ലീഷില്‍ സാങ്കേതിക എഴുത്തുകള്‍ക്ക് അപ്പുറം സാഹിത്യം എഴുതാന്‍ അശക്തനാണ് എന്ന തിരിച്ചറിവ് അതെല്ലാം കമ്പ്യൂട്ടര്‍ കോപ്പി ആക്കി വയ്ക്കുന്നതില്‍ നിന്നും എന്നെ വിലക്കി. പതിയെ അത് മറന്നു. കല്ല്യാണശേഷം അവളെ കാണിച്ചു ഒരിക്കല്‍, മടിച്ച് മടിച്ചു ഒരു കൊച്ചു കുട്ടിയുടെ ജ്യാള്യതയോടെ. മുഴുവന്‍ ഇരുന്നു വായിച്ച അവളുടെ "ഇനിയും എഴുതണം" എന്ന സ്വാഭാവികമായും കണവന് കൊടുക്കുന്ന അഭിനന്ദനമല്ല മറിച്ച്, അത് വായിച്ചു കഴിഞ്ഞ അവളുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനാണ് എന്ന ചിന്തയാണ് എന്നെ സന്തോഷിപ്പിച്ചത്. പിന്നീട് വീണ്ടും കുറച്ചു താളുകള്‍ കൂടി എഴുതി. അതില്‍ പിന്നെടങ്ങോട്ടുള്ള എന്‍റെ ജീവിതത്തിലെ അവളും കടന്നു വന്നത് കൊണ്ട് അവളെ കാണിച്ചില്ല. എന്തോ ഒരു സഭാകമ്പം. സൌദിയില്‍ നിന്ന് കെട്ടു കെട്ടി പോയപ്പോള്‍ വലിയ പെട്ടിയുടെ ഒരു മൂലയ്ക്ക് ആ പുസ്തകവും പൊതിഞ്ഞു വച്ചു. ജോലിയും രാജ്യവും ജീവിതവും മാറുന്നതിനിടെ ആ എഴുത്തുകളെ തന്നെ മറന്നു. ഇത്തവണ നാട്ടില്‍ ചെന്ന് അലമാരിയില്‍ എന്തോ തപ്പുന്നതിനിടെ ചുവന്ന ചട്ടയുള്ള ആ പുസ്തകം കണ്ണില്‍ ഉടക്കി. ആ താളുകള്‍ ചീന്തിയെടുത്തു ഇങ്ങോട്ട് പോരുമ്പോള്‍ പെട്ടിയില്‍ വച്ചു. ഇന്നെനിക്കു ആ താളുകള്‍ ആ ഭാഷയില്‍ തന്നെ എന്‍റെ ബ്ലോഗിലെ കൊച്ചിടത്തില്‍ പകര്‍ത്താം. ഒരു വരി പോലും മാറ്റാതെ. അത് ആരും വായിച്ചില്ലെങ്കില്‍ പോലും ചിതലരിക്കാത്ത താളുകളായി അവശേഷിക്കുമല്ലോ എന്നും എപ്പോഴും എനിക്ക് ആ കാലയളവിലക്കുള്ള ചില്ലുജാലകമായി..........

Thursday, September 18, 2008

ഗാംഗുലിക്ക് കൊടുത്ത അവസരം നമ്മുടെ മെഗാ'സ്റ്റാര്‍'കള്‍ക്ക് കൊടുക്കേണ്ടേ?!!"സൌരവ് ഗാംഗുലിക്ക് മാന്യമായി വിരമിക്കാന്‍ ബി സി സി ഐ അവസരം ഒരുക്കുന്നു. ഓസ്ട്രേലിയക്ക് എതിരേ ടെസ്റ്റ് ടീമില്‍ ഇടം കൊടുത്തു കൊണ്ട്."
കഴിഞ്ഞ രണ്ടു ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ ഈ വിശേഷമാണ് മലയാള സിനിമയിലെ ചില വന്‍ "മരങ്ങള്‍ക്ക്‌"ഇങ്ങനെ ഒരു അവസരം കൊടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിപ്പിച്ചത്. കാരണം സംഗതികള്‍ അത്രയ്ക്ക് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. ഇന്നലെ അതിലെ ഒരു "മരത്തിന്റെ കുരുക്ഷേത്ര റിലീസ് ആയപ്പോള്‍ T V നിറഞ്ഞു കണ്ട പേക്കൂത്തുകള്‍ കണ്ടപ്പോള്‍ വേദന ആണ് തോന്നിയത്. രജനിക്കും കമലിനും വേണ്ടി തമിഴന്‍മാര്‍ റിലീസ് ദിവസങ്ങളില്‍ ഇത്തരം പൊറാട്ടു നാടകങ്ങള്‍ നടത്തിയത് കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഖുശ്ബുവിനു അമ്പലം പണിഞ്ഞവര്‍, എം ജി ആറിനെ സാക്ഷാല്‍ പഴനി ആണ്ടവനെക്കാളും വലിയ ദൈവം ആയി ആരാധിച്ചവര്‍, അവരതിന് അപ്പുറം ചെയ്താലും അതിശയമില്ല എന്ന് തോന്നിയിരുന്നു. പക്ഷെ അവരിലും ഇന്ന് മാറ്റം വന്നിരിക്കുന്നു . "പരുത്തിവീരനെയും" "വെയിലിനെയും" മറ്റും സൃഷ്ടിച്ചു നെഞ്ചില്‍ ചേര്‍ത്ത് ഉയര്‍ത്തി കാട്ടുന്ന തമിഴനെ നമ്മള്‍ മലയാളികള്‍ വണങ്ങണം ഇന്ന്. അസൂയ്യയുടെ നോക്കണം. കാരണം എന്നും നല്ല സിനിമയുടെ പൊന്‍കിരീടം ബംഗാളികള്‍ക്കൊപ്പം ചാര്‍ത്തികിട്ടിയവരായിരുന്നു നമ്മള്‍. ആ സുന്ദര ശോഭന മലയാള സിനിമാ പാരംബര്യത്തെയാണ് നമ്മള്‍ ഈയടുത്ത കാലം വരെ ഇതിഹാസ തുല്ല്യരെന്നു വിശേഷിപ്പിച്ച, നമ്മളറിയാതെ ഹൃദയത്തില്‍ ചേര്‍ത്ത് വച്ചിരുന്ന മെഗാ വിദ്വാന്‍ മാരും അവരുടെ എറാന്‍ മൂളികളായ ഫാന്‍ ഗ്രൂപ്പും ചേര്‍ന്ന്‍ അലക്കി ചാള മാര്‍കറ്റ്‌ ആക്കുന്നത്. ഈയിടെ ഇവരുടെതായി വന്ന രണ്ടു മഹാ സംഭവങ്ങളാണ് "മാടമ്പി"യും "പരുന്തും". ഇവയെ പറ്റി ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാദ്യമങ്ങളില്‍ വന്ന അവലോകനം ആണ് ഭയങ്കരം. ലോക ക്ലാസ്സിക്കുകള്‍ എന്ന രീതിയില്‍ ആണ് അവലോകനം. "ന്യൂസ് അവറില്‍" പോലും പരസ്യം കഴിച്ചു വാര്‍ത്ത‍ കേള്‍ക്കാന്‍ കിട്ടുന്ന ഏതാനും മിനുട്ടുകളില്‍ ഇതാണ് ചര്‍ച്ചാവിഷയം. എന്നാലോ ഈ മഹാന്‍ മാര്‍ ഇല്ലാതെ തന്നെ എടുത്ത നല്ല സിനിമകളെ പറ്റി ഓടിച്ചൊരു പറച്ചിലും. സാധാരണക്കാരായ നമ്മുടെ മനസ്സില്‍ നിന്ന് ഇവരെ പെട്ടന്നൊന്നും പറിച്ചു മാറ്റാന്‍ പറ്റുമായിരുന്നില്ല. കാരണം 'അക്ഷരങ്ങളും','അമരവും', ഭരതവും', 'കിലുക്കവും' കൊണ്ട് നമ്മുടെ ആസ്വാദനത്തിന് പാല്‍പായസം വിളമ്പിയവരാണ് ഇവര്‍, പൊന്തന്‍മാട' ആയി, "വിധേയനായി'' എന്നും നോവ്‌ ഉണര്‍ത്തുന്ന കഥ കളിക്കാരനുമായി അവതരിച്ചു നമ്മളെ അമ്പരപ്പിച്ചവരാണ്, 'കമ്പനി'എന്ന ഒരൊറ്റ സിനിമ മതിയാകും മലയാളത്തിലെ ഒരു മഹാരഥനെ വടക്കേ ഇന്ത്യക്കാരന്‍ എക്കാലവും ഓര്‍ക്കാന്‍. ഇടക്കൊരു ജോണി വാക്കറും "വാമനപുരം ബസ്റൂട്ടും"ഒന്നും നമുക്ക് കണ്ടില്ല എന്നും കരുതാം. കാരണം എപ്പോഴും നല്ല സിനിമ മാത്രം തരാമെന്നു ഇവര്‍ നമുക്ക് കരാര്‍ ഒന്നും എഴുതിതന്നിട്ടില്ല. പക്ഷെ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളായി "കാഴ്ചക്കും", "തന്മാത്രക്കും", പരദേശിക്കും ചുരുക്കം മറ്റു ചിലതിനും അപ്പുറം നടത്തിയ അഭിനയ ആഭാസങ്ങള്‍ ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ല. എല്ലാ കാലഘട്ടത്തിനും ഒരു അവസാനമുണ്ട്. അമ്പതു കഴിഞ്ഞാലും, മക്കളും മരുമക്കളും ആയാലും കോളേജ് കുമാരനായും മുപ്പതു കാരനായ കാമുകനായും വന്നു പേരക്കുട്ടികളായ നായികമാര്‍ക്കൊപ്പം മരം ചുറ്റുന്നത്‌ കാണാനുള്ള ത്രാണി എന്തായാലും മലയാളികള്‍ക്ക് അധിക നാള്‍ ഉണ്ടാവില്ല. മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ എന്ന പട്ടം കിട്ടിയിരുന്ന നസീര്‍ പ്രായം കൂടി വന്നപ്പോള്‍ ഒരിക്കല്‍ ശ്രീകുമാരന്‍തമ്പിയോട് ചോദിച്ചു, "ഇനി ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും?" എന്ന്. ഒരു വലിയ കലാകാരനോടുള്ള എല്ലാ വിനയത്തോടെയും തമ്പി പറഞ്ഞു. "സര്‍ താങ്കള്‍ ഒരു പത്തു നില കെട്ടിടത്തിന്റെ എല്ലാ നിലയും കയറി, ഇപ്പോള്‍ ടെറസില്‍ ആണ് നില്‍ക്കുന്നത്. ഇനിയും കയറാന്‍ പടികളില്ല. ഇനി തിരിച്ചു ഇറങ്ങിയേ പറ്റു". ചുറ്റിലും ഉള്ളത് അഞ്ചും ആറും നില വരെ എത്തിയവരാണ്". നൂറു ശതമാനം സത്യവും പ്രസക്തവും ആണ് ഇന്ന് ആ വാക്കുകള്‍ ഈ വന്‍ വൃക്ഷങ്ങള്‍ക്ക്. "മാടമ്പി" കാണാന്‍ പോയത് ആശങ്കയോടെ ആണ്. കാരണം നായക "വടവൃക്ഷം" പേരക്കുട്ടിയോടോത്തു മരം ചുറ്റുമോ എന്ന പേടി തന്നെ. "ചിന്താവിഷയത്തിലെ" സര്‍വഗുണ സമ്പന്നനായ നായകന്‍ ( യേശുവും നബിയും നമ്മുടെ ഗാന്ധിയും കഴിഞ്ഞാല്‍ പിന്നെ ഈ കഥാപാത്രത്തോളം നന്മ ഉള്ള ഒരാളെ കാണാന്‍ പ്രയാസം. ചരമ ശേഷം അല്ഫോന്സാമ്മക്ക് സമം വിശുദ്ധനായി പ്രഖ്യാപിക്കണം) തുമ്പിയെ പോലെ പറക്കുന്ന "പേരക്കുട്ടി" പെണ്ണിന്റെ കൂടെ കൊച്ചു കുപ്പായവുമിട്ട് വയറും കുലുക്കി ഓടി കിതക്കുന്നത് കണ്ടു കരയണോ ചിരിക്കണോ എന്നറിയാതെ ഇരുന്നു പോയി. അതിനും ഫാന്‍ ഗ്രൂപ്പിന്റെ ആര്‍പ്പുവിളി ഉണ്ടായിരുന്നു. പണ്ട് രാവിലെ തുടങ്ങിയാല്‍ വൈകീട്ട് വരെ നീളുന്ന ഡയലോഗ് കാച്ചി പോലീസ് ഏമാന്മാരെ നടുറോഡിലിട്ടു ഇണ്ടാസ് അടിക്കുന്ന നായകനായി വന്നപ്പോള്‍ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു തുടങ്ങിയിരുന്നു. ( നമ്മുടെ നാട്ടില്‍ ഒരു സാദാ പോലീസു കാരനെ ഇടവഴിയില്‍ വച്ചെങ്കിലും ഒന്ന് ഞോണ്ടി നോക്കണം!!! ഏതു കൊലക്കൊംബനായാലും വിവരമറിയും.) അങ്ങനെ "മെഗ" കളുടെ പടങ്ങള്‍ കുത്തനെ പൊട്ടാന്‍ തുടങ്ങിയപ്പോള്‍ ആണ് ഫാന്‍ ഗ്രൂപ്പും പരിവാരങ്ങളും ആയി ഇപ്പോള്‍ പുതിയ റിലീസിംഗ് വിദ്യ തുടങ്ങിയത്. ചെണ്ട മേളം, പുലിക്കളി, റെക്കോര്‍ഡ് ഡാന്‍സ്, അങ്ങനെ ഏതു നമ്പരും പയറ്റാം. ഒരു നൂറു കൊട്ടകകളില്‍ എ ബി വ്യത്യാസമില്ലാതെ ഒറ്റയടിക്ക് റിലീസ്. ആഘോഷം കണ്ടു ഭ്രമിച്ചു കഥ അറിയാതെ ആട്ടം കാണുന്ന കുറെ പേരെങ്കിലും എല്ലായിടത്തും കാണും ടിക്കറ്റ് എടുത്തു കയറാന്‍. ഒരാഴ്ച ഇങ്ങനെ ഓടിയാല്‍ മതി സംഗതി ലാഭം. അല്ലാതെ ഇവരുടെ ഇന്നത്തെ സിനിമകള്‍ ആരവങ്ങളില്ലാതെ എ ക്ലാസ്സില്‍ റിലീസ് ആയി പിന്നെ പിന്നെ ബി ഇയില്‍ വരുമ്പോള്‍ കൂലിക്ക് ആളെ കൊണ്ട് വരേണ്ടി വരും കാണാന്‍. ശ്രീനിവാസന്‍ ഇവരെയൊക്കെ വച്ച് പടമെടുത്തു ഇവരെ തന്നെ വരച്ചു കാട്ടി കൊടുത്തിട്ടും മനസ്സിലായില്ല നമ്മുടെ "മെഗ"കള്‍ക്ക്. നായകന്‍ എന്ന് വച്ചാല്‍ മുപ്പതുകാരന്‍ കാമുകന്‍ മാത്രമല്ല എന്ന് സിനിമയെപറ്റി ഒരു ആധികാരിക പുസ്തകം എഴുതാന്‍ വരെ കഴിവുള്ള ഇവര്‍ക്കറിയില്ലേ? അമിതാബും നസറുദ്ദീന്‍ ഷായും ഇന്നും സജീവ താരങ്ങള്‍ ആണെന്നത് ഇവര്‍ കാണണം. ചുരുങ്ങിയ പക്ഷം സായികുമാറിനെ എങ്കിലും കണ്ടു പഠിക്കട്ടെ. പ്രിയപ്പെട്ട മെഗാ സ്റ്റാര്‍ താരങ്ങളെ.... നിങ്ങളുടെ കഴിവുകളെ കുറച്ചു കാണുകയല്ല. അതുല്ല്യ കഴിവിന് ഉടമകളാണ് നിങ്ങള്‍ എന്ന് പലവട്ടം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഞങ്ങളെ പോലുള്ള ആസ്വാദകരുടെ നോട്ടു പുസ്തകങ്ങളില്‍..... മനസ്സിന്റെ താളുകളില്‍, നിങ്ങളുടെ വര്‍ണചിത്രങ്ങള്‍ എന്നും മായാതെ കിടപ്പുണ്ട്. അതിനു മുകളില്‍ നിങ്ങള്‍ തന്നെ ചാണകം വാരി എറിയരുത്. ഇനിയും ഇങ്ങനെ തരം താഴ്ന്നു നാളെ മിമിക്രിക്കാര്‍ക്ക് കഞ്ഞി കുടിക്കാന്‍ മറ്റൊരു ജയനായി മാറരുത്. ഇതൊരു അപേക്ഷയാണ്. നിങ്ങളെ ഇന്നും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാണ്. മറ്റൊരു പരദേശി ആയി, ഒരു പുതിയ പൊന്തന്‍ മാട ആയി നിങ്ങള്‍ വരൂ... ആവേശത്തോടെ വാരി പുണരാന്‍ മലയാളി പ്രേക്ഷകരുണ്ടാവും....