Thursday, September 18, 2008

ഗാംഗുലിക്ക് കൊടുത്ത അവസരം നമ്മുടെ മെഗാ'സ്റ്റാര്‍'കള്‍ക്ക് കൊടുക്കേണ്ടേ?!!



"സൌരവ് ഗാംഗുലിക്ക് മാന്യമായി വിരമിക്കാന്‍ ബി സി സി ഐ അവസരം ഒരുക്കുന്നു. ഓസ്ട്രേലിയക്ക് എതിരേ ടെസ്റ്റ് ടീമില്‍ ഇടം കൊടുത്തു കൊണ്ട്."
കഴിഞ്ഞ രണ്ടു ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ ഈ വിശേഷമാണ് മലയാള സിനിമയിലെ ചില വന്‍ "മരങ്ങള്‍ക്ക്‌"ഇങ്ങനെ ഒരു അവസരം കൊടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിപ്പിച്ചത്. കാരണം സംഗതികള്‍ അത്രയ്ക്ക് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. ഇന്നലെ അതിലെ ഒരു "മരത്തിന്റെ കുരുക്ഷേത്ര റിലീസ് ആയപ്പോള്‍ T V നിറഞ്ഞു കണ്ട പേക്കൂത്തുകള്‍ കണ്ടപ്പോള്‍ വേദന ആണ് തോന്നിയത്. രജനിക്കും കമലിനും വേണ്ടി തമിഴന്‍മാര്‍ റിലീസ് ദിവസങ്ങളില്‍ ഇത്തരം പൊറാട്ടു നാടകങ്ങള്‍ നടത്തിയത് കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഖുശ്ബുവിനു അമ്പലം പണിഞ്ഞവര്‍, എം ജി ആറിനെ സാക്ഷാല്‍ പഴനി ആണ്ടവനെക്കാളും വലിയ ദൈവം ആയി ആരാധിച്ചവര്‍, അവരതിന് അപ്പുറം ചെയ്താലും അതിശയമില്ല എന്ന് തോന്നിയിരുന്നു. പക്ഷെ അവരിലും ഇന്ന് മാറ്റം വന്നിരിക്കുന്നു . "പരുത്തിവീരനെയും" "വെയിലിനെയും" മറ്റും സൃഷ്ടിച്ചു നെഞ്ചില്‍ ചേര്‍ത്ത് ഉയര്‍ത്തി കാട്ടുന്ന തമിഴനെ നമ്മള്‍ മലയാളികള്‍ വണങ്ങണം ഇന്ന്. അസൂയ്യയുടെ നോക്കണം. കാരണം എന്നും നല്ല സിനിമയുടെ പൊന്‍കിരീടം ബംഗാളികള്‍ക്കൊപ്പം ചാര്‍ത്തികിട്ടിയവരായിരുന്നു നമ്മള്‍. ആ സുന്ദര ശോഭന മലയാള സിനിമാ പാരംബര്യത്തെയാണ് നമ്മള്‍ ഈയടുത്ത കാലം വരെ ഇതിഹാസ തുല്ല്യരെന്നു വിശേഷിപ്പിച്ച, നമ്മളറിയാതെ ഹൃദയത്തില്‍ ചേര്‍ത്ത് വച്ചിരുന്ന മെഗാ വിദ്വാന്‍ മാരും അവരുടെ എറാന്‍ മൂളികളായ ഫാന്‍ ഗ്രൂപ്പും ചേര്‍ന്ന്‍ അലക്കി ചാള മാര്‍കറ്റ്‌ ആക്കുന്നത്. ഈയിടെ ഇവരുടെതായി വന്ന രണ്ടു മഹാ സംഭവങ്ങളാണ് "മാടമ്പി"യും "പരുന്തും". ഇവയെ പറ്റി ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാദ്യമങ്ങളില്‍ വന്ന അവലോകനം ആണ് ഭയങ്കരം. ലോക ക്ലാസ്സിക്കുകള്‍ എന്ന രീതിയില്‍ ആണ് അവലോകനം. "ന്യൂസ് അവറില്‍" പോലും പരസ്യം കഴിച്ചു വാര്‍ത്ത‍ കേള്‍ക്കാന്‍ കിട്ടുന്ന ഏതാനും മിനുട്ടുകളില്‍ ഇതാണ് ചര്‍ച്ചാവിഷയം. എന്നാലോ ഈ മഹാന്‍ മാര്‍ ഇല്ലാതെ തന്നെ എടുത്ത നല്ല സിനിമകളെ പറ്റി ഓടിച്ചൊരു പറച്ചിലും. സാധാരണക്കാരായ നമ്മുടെ മനസ്സില്‍ നിന്ന് ഇവരെ പെട്ടന്നൊന്നും പറിച്ചു മാറ്റാന്‍ പറ്റുമായിരുന്നില്ല. കാരണം 'അക്ഷരങ്ങളും','അമരവും', ഭരതവും', 'കിലുക്കവും' കൊണ്ട് നമ്മുടെ ആസ്വാദനത്തിന് പാല്‍പായസം വിളമ്പിയവരാണ് ഇവര്‍, പൊന്തന്‍മാട' ആയി, "വിധേയനായി'' എന്നും നോവ്‌ ഉണര്‍ത്തുന്ന കഥ കളിക്കാരനുമായി അവതരിച്ചു നമ്മളെ അമ്പരപ്പിച്ചവരാണ്, 'കമ്പനി'എന്ന ഒരൊറ്റ സിനിമ മതിയാകും മലയാളത്തിലെ ഒരു മഹാരഥനെ വടക്കേ ഇന്ത്യക്കാരന്‍ എക്കാലവും ഓര്‍ക്കാന്‍. ഇടക്കൊരു ജോണി വാക്കറും "വാമനപുരം ബസ്റൂട്ടും"ഒന്നും നമുക്ക് കണ്ടില്ല എന്നും കരുതാം. കാരണം എപ്പോഴും നല്ല സിനിമ മാത്രം തരാമെന്നു ഇവര്‍ നമുക്ക് കരാര്‍ ഒന്നും എഴുതിതന്നിട്ടില്ല. പക്ഷെ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളായി "കാഴ്ചക്കും", "തന്മാത്രക്കും", പരദേശിക്കും ചുരുക്കം മറ്റു ചിലതിനും അപ്പുറം നടത്തിയ അഭിനയ ആഭാസങ്ങള്‍ ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ല. എല്ലാ കാലഘട്ടത്തിനും ഒരു അവസാനമുണ്ട്. അമ്പതു കഴിഞ്ഞാലും, മക്കളും മരുമക്കളും ആയാലും കോളേജ് കുമാരനായും മുപ്പതു കാരനായ കാമുകനായും വന്നു പേരക്കുട്ടികളായ നായികമാര്‍ക്കൊപ്പം മരം ചുറ്റുന്നത്‌ കാണാനുള്ള ത്രാണി എന്തായാലും മലയാളികള്‍ക്ക് അധിക നാള്‍ ഉണ്ടാവില്ല. മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ എന്ന പട്ടം കിട്ടിയിരുന്ന നസീര്‍ പ്രായം കൂടി വന്നപ്പോള്‍ ഒരിക്കല്‍ ശ്രീകുമാരന്‍തമ്പിയോട് ചോദിച്ചു, "ഇനി ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും?" എന്ന്. ഒരു വലിയ കലാകാരനോടുള്ള എല്ലാ വിനയത്തോടെയും തമ്പി പറഞ്ഞു. "സര്‍ താങ്കള്‍ ഒരു പത്തു നില കെട്ടിടത്തിന്റെ എല്ലാ നിലയും കയറി, ഇപ്പോള്‍ ടെറസില്‍ ആണ് നില്‍ക്കുന്നത്. ഇനിയും കയറാന്‍ പടികളില്ല. ഇനി തിരിച്ചു ഇറങ്ങിയേ പറ്റു". ചുറ്റിലും ഉള്ളത് അഞ്ചും ആറും നില വരെ എത്തിയവരാണ്". നൂറു ശതമാനം സത്യവും പ്രസക്തവും ആണ് ഇന്ന് ആ വാക്കുകള്‍ ഈ വന്‍ വൃക്ഷങ്ങള്‍ക്ക്. "മാടമ്പി" കാണാന്‍ പോയത് ആശങ്കയോടെ ആണ്. കാരണം നായക "വടവൃക്ഷം" പേരക്കുട്ടിയോടോത്തു മരം ചുറ്റുമോ എന്ന പേടി തന്നെ. "ചിന്താവിഷയത്തിലെ" സര്‍വഗുണ സമ്പന്നനായ നായകന്‍ ( യേശുവും നബിയും നമ്മുടെ ഗാന്ധിയും കഴിഞ്ഞാല്‍ പിന്നെ ഈ കഥാപാത്രത്തോളം നന്മ ഉള്ള ഒരാളെ കാണാന്‍ പ്രയാസം. ചരമ ശേഷം അല്ഫോന്സാമ്മക്ക് സമം വിശുദ്ധനായി പ്രഖ്യാപിക്കണം) തുമ്പിയെ പോലെ പറക്കുന്ന "പേരക്കുട്ടി" പെണ്ണിന്റെ കൂടെ കൊച്ചു കുപ്പായവുമിട്ട് വയറും കുലുക്കി ഓടി കിതക്കുന്നത് കണ്ടു കരയണോ ചിരിക്കണോ എന്നറിയാതെ ഇരുന്നു പോയി. അതിനും ഫാന്‍ ഗ്രൂപ്പിന്റെ ആര്‍പ്പുവിളി ഉണ്ടായിരുന്നു. പണ്ട് രാവിലെ തുടങ്ങിയാല്‍ വൈകീട്ട് വരെ നീളുന്ന ഡയലോഗ് കാച്ചി പോലീസ് ഏമാന്മാരെ നടുറോഡിലിട്ടു ഇണ്ടാസ് അടിക്കുന്ന നായകനായി വന്നപ്പോള്‍ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു തുടങ്ങിയിരുന്നു. ( നമ്മുടെ നാട്ടില്‍ ഒരു സാദാ പോലീസു കാരനെ ഇടവഴിയില്‍ വച്ചെങ്കിലും ഒന്ന് ഞോണ്ടി നോക്കണം!!! ഏതു കൊലക്കൊംബനായാലും വിവരമറിയും.) അങ്ങനെ "മെഗ" കളുടെ പടങ്ങള്‍ കുത്തനെ പൊട്ടാന്‍ തുടങ്ങിയപ്പോള്‍ ആണ് ഫാന്‍ ഗ്രൂപ്പും പരിവാരങ്ങളും ആയി ഇപ്പോള്‍ പുതിയ റിലീസിംഗ് വിദ്യ തുടങ്ങിയത്. ചെണ്ട മേളം, പുലിക്കളി, റെക്കോര്‍ഡ് ഡാന്‍സ്, അങ്ങനെ ഏതു നമ്പരും പയറ്റാം. ഒരു നൂറു കൊട്ടകകളില്‍ എ ബി വ്യത്യാസമില്ലാതെ ഒറ്റയടിക്ക് റിലീസ്. ആഘോഷം കണ്ടു ഭ്രമിച്ചു കഥ അറിയാതെ ആട്ടം കാണുന്ന കുറെ പേരെങ്കിലും എല്ലായിടത്തും കാണും ടിക്കറ്റ് എടുത്തു കയറാന്‍. ഒരാഴ്ച ഇങ്ങനെ ഓടിയാല്‍ മതി സംഗതി ലാഭം. അല്ലാതെ ഇവരുടെ ഇന്നത്തെ സിനിമകള്‍ ആരവങ്ങളില്ലാതെ എ ക്ലാസ്സില്‍ റിലീസ് ആയി പിന്നെ പിന്നെ ബി ഇയില്‍ വരുമ്പോള്‍ കൂലിക്ക് ആളെ കൊണ്ട് വരേണ്ടി വരും കാണാന്‍. ശ്രീനിവാസന്‍ ഇവരെയൊക്കെ വച്ച് പടമെടുത്തു ഇവരെ തന്നെ വരച്ചു കാട്ടി കൊടുത്തിട്ടും മനസ്സിലായില്ല നമ്മുടെ "മെഗ"കള്‍ക്ക്. നായകന്‍ എന്ന് വച്ചാല്‍ മുപ്പതുകാരന്‍ കാമുകന്‍ മാത്രമല്ല എന്ന് സിനിമയെപറ്റി ഒരു ആധികാരിക പുസ്തകം എഴുതാന്‍ വരെ കഴിവുള്ള ഇവര്‍ക്കറിയില്ലേ? അമിതാബും നസറുദ്ദീന്‍ ഷായും ഇന്നും സജീവ താരങ്ങള്‍ ആണെന്നത് ഇവര്‍ കാണണം. ചുരുങ്ങിയ പക്ഷം സായികുമാറിനെ എങ്കിലും കണ്ടു പഠിക്കട്ടെ. പ്രിയപ്പെട്ട മെഗാ സ്റ്റാര്‍ താരങ്ങളെ.... നിങ്ങളുടെ കഴിവുകളെ കുറച്ചു കാണുകയല്ല. അതുല്ല്യ കഴിവിന് ഉടമകളാണ് നിങ്ങള്‍ എന്ന് പലവട്ടം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഞങ്ങളെ പോലുള്ള ആസ്വാദകരുടെ നോട്ടു പുസ്തകങ്ങളില്‍..... മനസ്സിന്റെ താളുകളില്‍, നിങ്ങളുടെ വര്‍ണചിത്രങ്ങള്‍ എന്നും മായാതെ കിടപ്പുണ്ട്. അതിനു മുകളില്‍ നിങ്ങള്‍ തന്നെ ചാണകം വാരി എറിയരുത്. ഇനിയും ഇങ്ങനെ തരം താഴ്ന്നു നാളെ മിമിക്രിക്കാര്‍ക്ക് കഞ്ഞി കുടിക്കാന്‍ മറ്റൊരു ജയനായി മാറരുത്. ഇതൊരു അപേക്ഷയാണ്. നിങ്ങളെ ഇന്നും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാണ്. മറ്റൊരു പരദേശി ആയി, ഒരു പുതിയ പൊന്തന്‍ മാട ആയി നിങ്ങള്‍ വരൂ... ആവേശത്തോടെ വാരി പുണരാന്‍ മലയാളി പ്രേക്ഷകരുണ്ടാവും....

9 comments:

അക്കേട്ടന്‍ said...

ഒട്ടും സഹിക്കാന്‍ പറ്റാതായപ്പോള്‍ എഴുതിപ്പോയതാണ് സുഹൃത്തുക്കളെ.. നിങ്ങള്‍ക്ക് ചിലര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. വിമര്‍ശനങ്ങള്‍ക്ക് ഈ വാതില്‍ തുറന്നിരിക്കും എപ്പോഴും.

saju john said...

ഭൂരിപക്ഷവും, ഈ അഭിപ്രാ‍യക്കാരാണു മാഷേ....

krish | കൃഷ് said...

ആര്‍ കൊടുക്കും അവര്‍ക്ക് ‘അവസരം’??

വിശകലനം നന്നായിട്ടുണ്ട്.

സജീവ് കടവനാട് said...

എന്നാപിന്നെ ഒന്നങ്ങ് വിമര്‍ശിച്ചുകളയാം.

കുഴങ്ങിപ്പോയല്ലോ, ഇപ്പറഞ്ഞതൊക്കെ എനിക്കും പറയാനുള്ളതായിരുന്നോന്നൊരു...

അക്കേട്ടന്‍, നന്നായി എഴുതിയിരിക്കുന്നു. സലാം!

അക്കേട്ടന്‍ said...

സമാന അഭിപ്രായക്കാര്‍ ഉണ്ടെന്നു അറിയുന്നത് സന്തോഷം തന്നെ. പ്രതികരിച്ചതിന് നാട്ടപിരാന്തനും, കൃഷിനും, കിനാവിനും അനൂപിനും നന്ദി.

ശ്രീ said...

പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിയ്ക്കാന്‍ ഇവര്‍ ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

Sajan said...

നന്നായി എഴുതിയിരിക്കുന്നു..:) ആശംസകള്‍!!

കായംകുളം കുഞ്ഞാട് said...
This comment has been removed by the author.
കായംകുളം കുഞ്ഞാട് said...

ഇനിയിപ്പോ അവര്‍ തന്നെ കയ്യില്‍ നിന്നും കാശുമുടക്കി പടം പിടിച്ചു retire ചെയ്യേണ്ടി വരും!
പോസ്റ്റ് കൊള്ളാം...