Thursday, February 5, 2009

ഒരു ആമുഖം: എന്‍റെ ഓര്‍മക്കുറിപ്പ്‌കളിലേക്ക്

പ്രിയമുള്ളവരേ ...

ഇതൊരു ചെറിയ ഇടവേള ആയിരുന്നു. ഞാന്‍ സകുടുംബം ഒന്നു നാട്ടില്‍ പോയി വന്നു. എനിക്കെന്നും നാട് എല്ലാവരെയും പോലെ തന്നെ ഒരു ഓര്‍മപ്പെടുത്തലായിരുന്നു, ഒരു തരം ഗൃഹാതുരത്വം , അങ്ങനെ എല്ലാം ചേര്‍ന്ന ഒരു വികാരം. സന്തോഷത്തിന്റെ ഒരു ഒഴിവുകാലം അതും ബഹറിനില്‍ നിന്നു ആദ്യത്തേത് , കൂട്ടുകാരന്റെ കല്ല്യാണം , പിന്നെ പുതുവര്‍ഷവും ക്രിസ്മസ് ഉം എല്ലാം കൂടി പക്ഷെ ഒരു സുന്ദര പുലര്‍കാല സ്വപ്നം പോലെ വേഗത്തില്‍ കടന്നു പോയതായി അനുഭവപ്പെട്ടു. ഒന്നിച്ചു പഠിച്ചവര്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം ഒത്തു ചേര്‍ന്നത്‌ ആവേശത്തിന് മാറ്റ് കൂട്ടി. ശരിക്കും ഞാനിപ്പോഴും മനസ്സു കൊണ്ടു നാട്ടിലാണ് എന്ന് തോന്നുന്നു. അത് കൊണ്ടു തന്നെ ബ്ലോഗ് ഒന്നും കാര്യമായി തുറന്നു നോക്കിയില്ല . എനിക്കിഷ്ട്ടപ്പെട്ട എന്റെ ബ്ലോഗന്‍ മാരെ വായിച്ചെങ്കിലും ഒന്നു കമന്‍റ് ഇടാന്‍ പോലും തോന്നിയില്ല . എന്തിന്, കുഞ്ഞന് ഒരു കമന്‍റ് ഇട്ടു തമാശക്ക് പുള്ളിയെ ഒന്നു ചൊറിഞ്ഞു പ്രോകൊപിപ്പിക്കുന്ന പതിവു വിക്രിയ പോലും നടത്തിയിട്ടില്ല!!!


ഇനി "ഒരു ആമുഖം: എന്‍റെ ഓര്‍മക്കുറിപ്പ്‌കളിലേക്ക്"എന്ന തലക്കെട്ടിലേക്കു വരാം. ഒരിക്കലും ഒരെഴുത്തുകാരന്‍ ആയിരുന്നില്ല ഞാന്‍ . ഇപ്പോഴും അല്ല എന്നത് അതിവിനയം അല്ല പച്ചയായ സത്യം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എന്നും ഓര്‍മ്മകള്‍ ആയിരുന്നു എന്‍റെ മനസ്സില്‍ . ജനിച്ച വീട് , ആ നാട് അന്നത്തെ ഒരു അന്തരീക്ഷത്തില്‍, ചില പഴയ ആളുകള്‍ , കെട്ടിടങ്ങള്‍, നാടിന്പുരത്തു നടന്ന കൊച്ചു സര്‍ക്കസ്സ് വരെ. എല്ലാര്‍ക്കും എല്ലാവരുടെ മനസ്സിലും ഇതൊക്കെ ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടാവണം. പക്ഷെ എനിക്കതൊക്കെ ഇച്ചിരി കൂടി പോയിരുന്നോ എന്ന് സംശയം. 2004 ഇല്‍ ഞാന്‍ സൌദിയില്‍ ഉള്ള സമയത്തു എനിക്ക് ബ്ലോഗ് ഒന്നും കേട്ടറിവ് പോലും ഇല്ലാത്ത കാലത്ത് എന്‍റെ സുഹൃത്തായ അന്ന് പ്രസ്സില്‍ ജോലി ചെയ്തിരുന്ന പണിക്കര് സമ്മാനിച്ച ഒരു വലിയ നോട്ടു പുസ്തകത്തില്‍ ആ ഏപ്രില്‍ മാസത്തില്‍ എന്‍റെ കുട്ടിക്കാലവും ബാല്യവും എല്ലാം ചേര്‍ത്ത് എന്തൊക്കെയോ പെറുക്കി കൂട്ടി വച്ചു തുടങ്ങി. ഇടക്കൊക്കെ മുറിഞ്ഞും ഇടയ്ക്ക് പെട്ടന്ന് കാലം മാറി മറഞ്ഞും അത് 2006 അവസാനം വരെ തുടര്‍ന്നു. ഇതു കേട്ടാല്‍ ഒരു വലിയ പുസ്തകം എന്ന് തെറ്റിദ്ധരിച്ചു ഭഗവാനെ !!! ഇതു ഇവന്‍ പോസ്റ്റ് ചെയ്‌താല്‍ അതും ഞങ്ങള്‍ വായിച്ചു സഹിക്കണമല്ലോ എന്ന് ചിന്തിച്ചു വിഷമിക്കല്ലേ, എന്‍റെ എഴുത്തുകള്‍ അഥവാ ചാപല്യങ്ങള്‍ വായിക്കാന്‍ നിര്‍ബന്തിതരാകപ്പെട്ട എന്‍റെ അടുത്ത കൂട്ടുകാരെന്കിലും. ഏതാനും ചില താളുകള്‍ മാത്രമെ ഉള്ളു ... പക്ഷെ അതില്‍ ഒട്ടൊക്കെ ഞാന്‍ ഉണ്ട് ...അത് എന്‍റെ മനസ്സാണ് ..എന്‍റെ താളപ്പിഴകളും ...എന്‍റെ നഷ്ടങ്ങളും അതില്‍ ഉണ്ട് . അതോടൊപ്പം എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങളും , മധുരസ്മരണകളും ഉണ്ട്. എവിടെയും തുടങ്ങാതെ എവിടെയും അവസാനിപ്പിക്കാതെ അടച്ചു വച്ച ആ പുസ്തകം ഒരിക്കല്‍ അടുത്തൊരു കൂട്ടുകാരനെ കാണിച്ചു. സുഹൃത്തായതു കൊണ്ടാവണം പുള്ളി നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഇംഗ്ലീഷില്‍ സാങ്കേതിക എഴുത്തുകള്‍ക്ക് അപ്പുറം സാഹിത്യം എഴുതാന്‍ അശക്തനാണ് എന്ന തിരിച്ചറിവ് അതെല്ലാം കമ്പ്യൂട്ടര്‍ കോപ്പി ആക്കി വയ്ക്കുന്നതില്‍ നിന്നും എന്നെ വിലക്കി. പതിയെ അത് മറന്നു. കല്ല്യാണശേഷം അവളെ കാണിച്ചു ഒരിക്കല്‍, മടിച്ച് മടിച്ചു ഒരു കൊച്ചു കുട്ടിയുടെ ജ്യാള്യതയോടെ. മുഴുവന്‍ ഇരുന്നു വായിച്ച അവളുടെ "ഇനിയും എഴുതണം" എന്ന സ്വാഭാവികമായും കണവന് കൊടുക്കുന്ന അഭിനന്ദനമല്ല മറിച്ച്, അത് വായിച്ചു കഴിഞ്ഞ അവളുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനാണ് എന്ന ചിന്തയാണ് എന്നെ സന്തോഷിപ്പിച്ചത്. പിന്നീട് വീണ്ടും കുറച്ചു താളുകള്‍ കൂടി എഴുതി. അതില്‍ പിന്നെടങ്ങോട്ടുള്ള എന്‍റെ ജീവിതത്തിലെ അവളും കടന്നു വന്നത് കൊണ്ട് അവളെ കാണിച്ചില്ല. എന്തോ ഒരു സഭാകമ്പം. സൌദിയില്‍ നിന്ന് കെട്ടു കെട്ടി പോയപ്പോള്‍ വലിയ പെട്ടിയുടെ ഒരു മൂലയ്ക്ക് ആ പുസ്തകവും പൊതിഞ്ഞു വച്ചു. ജോലിയും രാജ്യവും ജീവിതവും മാറുന്നതിനിടെ ആ എഴുത്തുകളെ തന്നെ മറന്നു. ഇത്തവണ നാട്ടില്‍ ചെന്ന് അലമാരിയില്‍ എന്തോ തപ്പുന്നതിനിടെ ചുവന്ന ചട്ടയുള്ള ആ പുസ്തകം കണ്ണില്‍ ഉടക്കി. ആ താളുകള്‍ ചീന്തിയെടുത്തു ഇങ്ങോട്ട് പോരുമ്പോള്‍ പെട്ടിയില്‍ വച്ചു. ഇന്നെനിക്കു ആ താളുകള്‍ ആ ഭാഷയില്‍ തന്നെ എന്‍റെ ബ്ലോഗിലെ കൊച്ചിടത്തില്‍ പകര്‍ത്താം. ഒരു വരി പോലും മാറ്റാതെ. അത് ആരും വായിച്ചില്ലെങ്കില്‍ പോലും ചിതലരിക്കാത്ത താളുകളായി അവശേഷിക്കുമല്ലോ എന്നും എപ്പോഴും എനിക്ക് ആ കാലയളവിലക്കുള്ള ചില്ലുജാലകമായി..........

4 comments:

Rejeesh Sanathanan said...

ഇത്തരം സ്മരണകളല്ലേ ഉള്ളൂ ഈ യാന്ത്രിക ജീവിതത്തില്‍ ആശ്വാസമായിട്ട്..........

ഓ.ടോ: പലര്‍ക്കും ഗൃഹാതുരത്വം എന്ന വാക്കിനോട് തന്നെ പുച്ഛമായി തുടങ്ങി മാഷേ........

saju john said...

മാഷേ......

ബ്ലോഗില്‍ ഗൌരവമായി ഇനി കാണാമെന്നറിഞ്ഞതില്‍ സന്തോഷം.

എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നു.

വെളിച്ചപ്പാട് said...

സ്വന്തത്തില്‍ വിശ്വാസം ഉണ്ടെങ്കില്‍ തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോകൂ..
എല്ലാ ആശംസകളും

അക്കേട്ടന്‍ said...

"മാറുന്ന മലയാളിയുടെ നാട്ടപ്പിരാന്തുകള്‍ക്കും വെളിച്ചപ്പാടിനും നന്ദി...." വൈകാതെ തുടങ്ങും നിങ്ങളെയൊക്കെ ഇനിയും ക്ഷമ പരീക്ഷിക്കാന്‍ ......