Thursday, September 18, 2008

ഗാംഗുലിക്ക് കൊടുത്ത അവസരം നമ്മുടെ മെഗാ'സ്റ്റാര്‍'കള്‍ക്ക് കൊടുക്കേണ്ടേ?!!



"സൌരവ് ഗാംഗുലിക്ക് മാന്യമായി വിരമിക്കാന്‍ ബി സി സി ഐ അവസരം ഒരുക്കുന്നു. ഓസ്ട്രേലിയക്ക് എതിരേ ടെസ്റ്റ് ടീമില്‍ ഇടം കൊടുത്തു കൊണ്ട്."
കഴിഞ്ഞ രണ്ടു ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ ഈ വിശേഷമാണ് മലയാള സിനിമയിലെ ചില വന്‍ "മരങ്ങള്‍ക്ക്‌"ഇങ്ങനെ ഒരു അവസരം കൊടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിപ്പിച്ചത്. കാരണം സംഗതികള്‍ അത്രയ്ക്ക് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. ഇന്നലെ അതിലെ ഒരു "മരത്തിന്റെ കുരുക്ഷേത്ര റിലീസ് ആയപ്പോള്‍ T V നിറഞ്ഞു കണ്ട പേക്കൂത്തുകള്‍ കണ്ടപ്പോള്‍ വേദന ആണ് തോന്നിയത്. രജനിക്കും കമലിനും വേണ്ടി തമിഴന്‍മാര്‍ റിലീസ് ദിവസങ്ങളില്‍ ഇത്തരം പൊറാട്ടു നാടകങ്ങള്‍ നടത്തിയത് കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഖുശ്ബുവിനു അമ്പലം പണിഞ്ഞവര്‍, എം ജി ആറിനെ സാക്ഷാല്‍ പഴനി ആണ്ടവനെക്കാളും വലിയ ദൈവം ആയി ആരാധിച്ചവര്‍, അവരതിന് അപ്പുറം ചെയ്താലും അതിശയമില്ല എന്ന് തോന്നിയിരുന്നു. പക്ഷെ അവരിലും ഇന്ന് മാറ്റം വന്നിരിക്കുന്നു . "പരുത്തിവീരനെയും" "വെയിലിനെയും" മറ്റും സൃഷ്ടിച്ചു നെഞ്ചില്‍ ചേര്‍ത്ത് ഉയര്‍ത്തി കാട്ടുന്ന തമിഴനെ നമ്മള്‍ മലയാളികള്‍ വണങ്ങണം ഇന്ന്. അസൂയ്യയുടെ നോക്കണം. കാരണം എന്നും നല്ല സിനിമയുടെ പൊന്‍കിരീടം ബംഗാളികള്‍ക്കൊപ്പം ചാര്‍ത്തികിട്ടിയവരായിരുന്നു നമ്മള്‍. ആ സുന്ദര ശോഭന മലയാള സിനിമാ പാരംബര്യത്തെയാണ് നമ്മള്‍ ഈയടുത്ത കാലം വരെ ഇതിഹാസ തുല്ല്യരെന്നു വിശേഷിപ്പിച്ച, നമ്മളറിയാതെ ഹൃദയത്തില്‍ ചേര്‍ത്ത് വച്ചിരുന്ന മെഗാ വിദ്വാന്‍ മാരും അവരുടെ എറാന്‍ മൂളികളായ ഫാന്‍ ഗ്രൂപ്പും ചേര്‍ന്ന്‍ അലക്കി ചാള മാര്‍കറ്റ്‌ ആക്കുന്നത്. ഈയിടെ ഇവരുടെതായി വന്ന രണ്ടു മഹാ സംഭവങ്ങളാണ് "മാടമ്പി"യും "പരുന്തും". ഇവയെ പറ്റി ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാദ്യമങ്ങളില്‍ വന്ന അവലോകനം ആണ് ഭയങ്കരം. ലോക ക്ലാസ്സിക്കുകള്‍ എന്ന രീതിയില്‍ ആണ് അവലോകനം. "ന്യൂസ് അവറില്‍" പോലും പരസ്യം കഴിച്ചു വാര്‍ത്ത‍ കേള്‍ക്കാന്‍ കിട്ടുന്ന ഏതാനും മിനുട്ടുകളില്‍ ഇതാണ് ചര്‍ച്ചാവിഷയം. എന്നാലോ ഈ മഹാന്‍ മാര്‍ ഇല്ലാതെ തന്നെ എടുത്ത നല്ല സിനിമകളെ പറ്റി ഓടിച്ചൊരു പറച്ചിലും. സാധാരണക്കാരായ നമ്മുടെ മനസ്സില്‍ നിന്ന് ഇവരെ പെട്ടന്നൊന്നും പറിച്ചു മാറ്റാന്‍ പറ്റുമായിരുന്നില്ല. കാരണം 'അക്ഷരങ്ങളും','അമരവും', ഭരതവും', 'കിലുക്കവും' കൊണ്ട് നമ്മുടെ ആസ്വാദനത്തിന് പാല്‍പായസം വിളമ്പിയവരാണ് ഇവര്‍, പൊന്തന്‍മാട' ആയി, "വിധേയനായി'' എന്നും നോവ്‌ ഉണര്‍ത്തുന്ന കഥ കളിക്കാരനുമായി അവതരിച്ചു നമ്മളെ അമ്പരപ്പിച്ചവരാണ്, 'കമ്പനി'എന്ന ഒരൊറ്റ സിനിമ മതിയാകും മലയാളത്തിലെ ഒരു മഹാരഥനെ വടക്കേ ഇന്ത്യക്കാരന്‍ എക്കാലവും ഓര്‍ക്കാന്‍. ഇടക്കൊരു ജോണി വാക്കറും "വാമനപുരം ബസ്റൂട്ടും"ഒന്നും നമുക്ക് കണ്ടില്ല എന്നും കരുതാം. കാരണം എപ്പോഴും നല്ല സിനിമ മാത്രം തരാമെന്നു ഇവര്‍ നമുക്ക് കരാര്‍ ഒന്നും എഴുതിതന്നിട്ടില്ല. പക്ഷെ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളായി "കാഴ്ചക്കും", "തന്മാത്രക്കും", പരദേശിക്കും ചുരുക്കം മറ്റു ചിലതിനും അപ്പുറം നടത്തിയ അഭിനയ ആഭാസങ്ങള്‍ ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ല. എല്ലാ കാലഘട്ടത്തിനും ഒരു അവസാനമുണ്ട്. അമ്പതു കഴിഞ്ഞാലും, മക്കളും മരുമക്കളും ആയാലും കോളേജ് കുമാരനായും മുപ്പതു കാരനായ കാമുകനായും വന്നു പേരക്കുട്ടികളായ നായികമാര്‍ക്കൊപ്പം മരം ചുറ്റുന്നത്‌ കാണാനുള്ള ത്രാണി എന്തായാലും മലയാളികള്‍ക്ക് അധിക നാള്‍ ഉണ്ടാവില്ല. മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ എന്ന പട്ടം കിട്ടിയിരുന്ന നസീര്‍ പ്രായം കൂടി വന്നപ്പോള്‍ ഒരിക്കല്‍ ശ്രീകുമാരന്‍തമ്പിയോട് ചോദിച്ചു, "ഇനി ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും?" എന്ന്. ഒരു വലിയ കലാകാരനോടുള്ള എല്ലാ വിനയത്തോടെയും തമ്പി പറഞ്ഞു. "സര്‍ താങ്കള്‍ ഒരു പത്തു നില കെട്ടിടത്തിന്റെ എല്ലാ നിലയും കയറി, ഇപ്പോള്‍ ടെറസില്‍ ആണ് നില്‍ക്കുന്നത്. ഇനിയും കയറാന്‍ പടികളില്ല. ഇനി തിരിച്ചു ഇറങ്ങിയേ പറ്റു". ചുറ്റിലും ഉള്ളത് അഞ്ചും ആറും നില വരെ എത്തിയവരാണ്". നൂറു ശതമാനം സത്യവും പ്രസക്തവും ആണ് ഇന്ന് ആ വാക്കുകള്‍ ഈ വന്‍ വൃക്ഷങ്ങള്‍ക്ക്. "മാടമ്പി" കാണാന്‍ പോയത് ആശങ്കയോടെ ആണ്. കാരണം നായക "വടവൃക്ഷം" പേരക്കുട്ടിയോടോത്തു മരം ചുറ്റുമോ എന്ന പേടി തന്നെ. "ചിന്താവിഷയത്തിലെ" സര്‍വഗുണ സമ്പന്നനായ നായകന്‍ ( യേശുവും നബിയും നമ്മുടെ ഗാന്ധിയും കഴിഞ്ഞാല്‍ പിന്നെ ഈ കഥാപാത്രത്തോളം നന്മ ഉള്ള ഒരാളെ കാണാന്‍ പ്രയാസം. ചരമ ശേഷം അല്ഫോന്സാമ്മക്ക് സമം വിശുദ്ധനായി പ്രഖ്യാപിക്കണം) തുമ്പിയെ പോലെ പറക്കുന്ന "പേരക്കുട്ടി" പെണ്ണിന്റെ കൂടെ കൊച്ചു കുപ്പായവുമിട്ട് വയറും കുലുക്കി ഓടി കിതക്കുന്നത് കണ്ടു കരയണോ ചിരിക്കണോ എന്നറിയാതെ ഇരുന്നു പോയി. അതിനും ഫാന്‍ ഗ്രൂപ്പിന്റെ ആര്‍പ്പുവിളി ഉണ്ടായിരുന്നു. പണ്ട് രാവിലെ തുടങ്ങിയാല്‍ വൈകീട്ട് വരെ നീളുന്ന ഡയലോഗ് കാച്ചി പോലീസ് ഏമാന്മാരെ നടുറോഡിലിട്ടു ഇണ്ടാസ് അടിക്കുന്ന നായകനായി വന്നപ്പോള്‍ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു തുടങ്ങിയിരുന്നു. ( നമ്മുടെ നാട്ടില്‍ ഒരു സാദാ പോലീസു കാരനെ ഇടവഴിയില്‍ വച്ചെങ്കിലും ഒന്ന് ഞോണ്ടി നോക്കണം!!! ഏതു കൊലക്കൊംബനായാലും വിവരമറിയും.) അങ്ങനെ "മെഗ" കളുടെ പടങ്ങള്‍ കുത്തനെ പൊട്ടാന്‍ തുടങ്ങിയപ്പോള്‍ ആണ് ഫാന്‍ ഗ്രൂപ്പും പരിവാരങ്ങളും ആയി ഇപ്പോള്‍ പുതിയ റിലീസിംഗ് വിദ്യ തുടങ്ങിയത്. ചെണ്ട മേളം, പുലിക്കളി, റെക്കോര്‍ഡ് ഡാന്‍സ്, അങ്ങനെ ഏതു നമ്പരും പയറ്റാം. ഒരു നൂറു കൊട്ടകകളില്‍ എ ബി വ്യത്യാസമില്ലാതെ ഒറ്റയടിക്ക് റിലീസ്. ആഘോഷം കണ്ടു ഭ്രമിച്ചു കഥ അറിയാതെ ആട്ടം കാണുന്ന കുറെ പേരെങ്കിലും എല്ലായിടത്തും കാണും ടിക്കറ്റ് എടുത്തു കയറാന്‍. ഒരാഴ്ച ഇങ്ങനെ ഓടിയാല്‍ മതി സംഗതി ലാഭം. അല്ലാതെ ഇവരുടെ ഇന്നത്തെ സിനിമകള്‍ ആരവങ്ങളില്ലാതെ എ ക്ലാസ്സില്‍ റിലീസ് ആയി പിന്നെ പിന്നെ ബി ഇയില്‍ വരുമ്പോള്‍ കൂലിക്ക് ആളെ കൊണ്ട് വരേണ്ടി വരും കാണാന്‍. ശ്രീനിവാസന്‍ ഇവരെയൊക്കെ വച്ച് പടമെടുത്തു ഇവരെ തന്നെ വരച്ചു കാട്ടി കൊടുത്തിട്ടും മനസ്സിലായില്ല നമ്മുടെ "മെഗ"കള്‍ക്ക്. നായകന്‍ എന്ന് വച്ചാല്‍ മുപ്പതുകാരന്‍ കാമുകന്‍ മാത്രമല്ല എന്ന് സിനിമയെപറ്റി ഒരു ആധികാരിക പുസ്തകം എഴുതാന്‍ വരെ കഴിവുള്ള ഇവര്‍ക്കറിയില്ലേ? അമിതാബും നസറുദ്ദീന്‍ ഷായും ഇന്നും സജീവ താരങ്ങള്‍ ആണെന്നത് ഇവര്‍ കാണണം. ചുരുങ്ങിയ പക്ഷം സായികുമാറിനെ എങ്കിലും കണ്ടു പഠിക്കട്ടെ. പ്രിയപ്പെട്ട മെഗാ സ്റ്റാര്‍ താരങ്ങളെ.... നിങ്ങളുടെ കഴിവുകളെ കുറച്ചു കാണുകയല്ല. അതുല്ല്യ കഴിവിന് ഉടമകളാണ് നിങ്ങള്‍ എന്ന് പലവട്ടം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഞങ്ങളെ പോലുള്ള ആസ്വാദകരുടെ നോട്ടു പുസ്തകങ്ങളില്‍..... മനസ്സിന്റെ താളുകളില്‍, നിങ്ങളുടെ വര്‍ണചിത്രങ്ങള്‍ എന്നും മായാതെ കിടപ്പുണ്ട്. അതിനു മുകളില്‍ നിങ്ങള്‍ തന്നെ ചാണകം വാരി എറിയരുത്. ഇനിയും ഇങ്ങനെ തരം താഴ്ന്നു നാളെ മിമിക്രിക്കാര്‍ക്ക് കഞ്ഞി കുടിക്കാന്‍ മറ്റൊരു ജയനായി മാറരുത്. ഇതൊരു അപേക്ഷയാണ്. നിങ്ങളെ ഇന്നും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാണ്. മറ്റൊരു പരദേശി ആയി, ഒരു പുതിയ പൊന്തന്‍ മാട ആയി നിങ്ങള്‍ വരൂ... ആവേശത്തോടെ വാരി പുണരാന്‍ മലയാളി പ്രേക്ഷകരുണ്ടാവും....

വെളുത്തേടത്ത് ബാഹുലേയന്‍ ആരായിരുന്നു ?-2

സമയം ഉച്ച ആവാറായി. ഇപ്പോള്‍ ആണി വാങ്ങി കൊടുത്തില്ലെങ്കില്‍ ഇന്നത്തെ ബാക്കി പണി കാര്യമായൊന്നും നടക്കില്ല എന്ന് എനിക്ക് തോന്നി. അല്ലെങ്കില്‍ തന്നെ ഒരാളുടെ പണി നാലു ദിവസം കൊണ്ടെല്ലാം എടുത്തു കളയും മുരളി മേസ്തിരി എന്ന് നമ്മുടെ പാര്‍ട്ണര്‍ മുന്നറിയിപ്പ് തന്നിരുന്നു. ആശാന്‍ ഒരു പരമ്പരാഗത മേസ്തിരി ആണ്. സമയം എടുത്താലും പണി "പണി"ആയിരിക്കും എന്നാണ് വെപ്പ്!!. സാധാരണ മീറ്ററും സെന്റി മീറ്ററും ഒന്നും പുള്ളിയുടെ അളവ് കണക്കില്‍ ഇല്ല. പകരം ഇന്ജ്ജ്, കോല്, വിരല്‍, നൂല് , തുടങ്ങിയ പഴയ തച്ചു കണക്കുകളാണ്. അളക്കാന്‍ മീറ്റെറിനു പകരം ഇടതു ചെവിയില്‍ തിരുകി വച്ച 'തോത് "എന്ന ഒരു ഈര്‍ക്കിലി കഷ്ണം ആണ്. ചുരുക്കി പറഞ്ഞാല്‍ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരിനത്തിലെ അവസാന കണ്ണി എന്നൊക്ക പറയാം .

"കയറു ബാഹുവേ... ഇപ്പം മേടിച്ചു തന്നേക്കാം "എന്ന് പറഞ്ഞു ഞാന്‍ വണ്ടിയുടെ അടുത്തേക്ക് നടന്നു.


"ഞാന്‍ വരണോ?"എന്ന് ചോദിച്ച് മേസ്തിരി അടക്കമുള്ളവരുടെ മുന്‍പില്‍ ആദ്യം ഒന്നു വെയിറ്റ് പിടിച്ച് "എന്നാ ശരി " എന്നും പറഞ്ഞു കെട്ടിന്‍ പുറത്തു നിന്നു ചാടി ഇറങ്ങി ഷര്‍ട്ടിന്റെ കൈ രണ്ടും മേലോട്ട് തിരച്ച് കേറ്റി ബാഹു വണ്ടിക്കടുത്തെത്തി. വലതു കാല് ആദ്യം തൊണ്ണൂറു ഡിഗ്രീ പൊക്കി പിന്നെ തൊണ്ണൂറു ഡിഗ്രീ തിരിച്ച് ആശാന്‍ എന്‍റെ സ്കൂട്ടറിന്റെ പിന്‍ സീറ്റില്‍ ലാന്‍ഡ്‌ ചെയ്തു .

"വിട്ടോ"!!! ബാഹു കമാന്‍ഡ് .!!!!!

കക്കോടി ബസാറിലേക്ക് വണ്ടി വിടുന്നതിനിടെ പിന്നില്‍ വളഞ്ഞു കുത്തി ഇരുന്നു തല മുന്നോട്ടു ആഞ്ഞു ബാഹു നാട്ടിന്‍ പുറത്തെ കണ്‍സ്ട്രക്ഷന്‍ രംഗത്തെ പുത്തന്‍ പ്രവണതകള്‍ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് വഴിയേ പോവുന്ന പലരെയും കൈ വീശി വിഷ് ചെയ്യുന്നുണ്ട്. ചില വീടുകളും കട മുറികളും എല്ലാം ചൂണ്ടി കാണിച്ചു "ഇതു രാമേട്ടന്റെ വീട് , ഇതിന്റെ സ്ലാബ് ചെയ്തത് ഞാന്‍ ആണ് ", അത് നമ്മടെ ചാലിലെ ബാലന്നായരെ ബില്‍ഡിംഗ്‌, ഫുള്‍ പണി ഞങ്ങള് ചെയ്തതാ" എന്നൊക്കെ വീര പ്രസ്താവനകളും നടത്തുന്നുണ്ട്. ഞാന്‍ ആണെങ്കില്‍ ആകെ അമ്പരന്നു ഇരിക്കുകയാണ്. ഇവന്‍ ഇത്ര വലിയ സംഭവമായി പടര്‍ന്നു പന്തലിച്ച വിവരം നമ്മള്‍ അറിഞ്ഞോ??!!.

കോട്ടക്കല്‍ ഹാര്‍ഡ് വെയര്‍ എനിക്ക് പരിചയം ഉണ്ടായിരുന്നിട്ടും ബാഹു അവിടെ എന്നെ ഒന്നു പൊക്കി പരിചയപ്പെടുത്തി. ഒരാണി എടുത്തു ചരിച്ചും തിരിച്ചും ഒക്കെ നോക്കി ഏതാണ്ടൊക്കെ മനസ്സിലായ പോലെ ആശാന്‍ ഓര്‍ഡര്‍ കൊടുത്തു. തിരിച്ചു വരുന്ന വഴി സുകുവിന്റെ കട എത്തിയപ്പോള്‍ ബാഹു സ്റ്റോപ്പ് പറഞ്ഞു, ഞാന്‍ വണ്ടി ഒതുക്കി. കാല് വീശി താഴെ ഇറങ്ങി ചുറ്റുമുള്ളവരെ ഒന്നു നോക്കി മുണ്ട് ഉയര്ത്തി മാടി കുത്തി നേരെ ചെന്നു കടയില്‍ മാല പോലെ തൂങ്ങി കിടക്കുന്ന തമ്ബാക്ക് (മുറുക്കുന്ന പൊടി, ഹാന്‍സ് എന്നൊക്കെ എഴുതിയ തിളങ്ങുന്ന പാക്കറ്റ് ) പാക്കറ്റ് ഒന്നു പൊട്ടിച്ചു എടുത്തു. വളരെ കലാപരമായി അത് പൊട്ടിച്ചു സ്വല്പം ഇടതു കൈവെള്ളയില്‍ ഇട്ടു ഞെരടി പിന്നെ വലത്തേ കൈയിലേക്ക്‌ മാറ്റി കീഴ്ചുണ്ട് വലിച്ചു പിടിച്ച് പല്ലിനടിയില്‍ നിക്ഷേപിച്ചു. കാഴ്ച കണ്ടു ഞാന്‍ വണ്ടിയില്‍ തന്നെ ഇരുന്നു.

അപ്പോഴാണ്‌ സുകു വക ഒരു കാച്ച് ....

"ബാഹുവെ.. ഇപ്പൊ അക്കേട്ടന്റെ ഫോര്‍മാന്‍ ആയോ" ?


"ആയെങ്കില്" ?......


"അല്ല അപ്പൊ നീ പണി എല്ലാം പഠിച്ചോ?...

"ഡാ ... രാവിലെ ചൊറിഞ്ഞത് പോരെ ..ഇനീം വേണോ ?"

നീ വാ എന്നും പറഞ്ഞു ബാഹു എന്നേം കൂട്ടി സര്‍ബത്ത് കടയിലേക്ക് നടന്നു. ദാണ്ടെ പിന്നീന്ന് പിന്നേം സുകു ...

"ഇപ്പൊ അച്ചന് കത്തൊന്നും അയക്കലില്ലേ ബാഹുവെ...??!!


ബാഹു തിരിഞ്ഞു നിന്നു ... സംസ്കൃതം പുസ്തകം നിവര്‍ത്തി...
ഡാ... @#&%@...!!!!, നീയൊക്കെ ..%&*@.. കാലത്ത് വെളുത്തേടത്ത് കാര് ഇവടെ വെലസുന്നുണ്ട്... അത് കഴിഞ്ഞു ബാഹു അവന്റെ അച്ഛന്റെ വിശേഷവും പിന്‍ തലമുറ ആളുകളുടെയും ക്ഷേമം അന്യേഷിച്ചു തുടങ്ങി.


സുകുവിന്റെ തമാശ ചിരി ആസ്വദിച്ചുകൊണ്ട്‌ ഞാന്‍ കുട്ടന്റെ സര്‍ബത്ത് കടയിലേക്ക് കയറി . കുട്ടന്‍ എന്റെ വകയില്‍ ഒരു അനിയനും കൂടി ആണ്.

"ഇതെന്താ മോനേ സംഭവം?" ഞാന്‍ കുട്ടനോട് ചോദിച്ചു . "അത് അക്കേട്ടന്‍ ഇവിടെ അധികം ഇല്ലാത്തത് കൊണ്ടാ .. ഇവന്‍ ആര് കത്തിച്ചാലും കത്താന്‍ നിക്കും".
ഈ അച്ചന് കത്തയച്ചത്
??? എന്റെ സംശയം അങ്ങോട്ട് തീര്‍ന്നില്ല....


അതോ ... അത് പണ്ടു ഇവന്‍ എട്ടാം ക്ലാസ്സില് ഞങ്ങളുടെ കൂടെയൊക്കെ പഠിക്കുന്ന കാലം.....
നിര്‍ത്ത്‌
!!!!!... ഞാന്‍ ഇടപെട്ടു...
എട്ടാം ക്ലാസ്സില് ബാഹു നിന്റെ കൂടെ? ...!!!!!
ഈ കുട്ടന്‍ എന്നേക്കാള്‍ ഒരു അഞ്ചു വയസ്സിനെന്കിലും ഇളയതാണ് .
"
അത് ശരി .. നമ്മടെ സുമെചീടെ മോന്‍ ഒന്‍പതിലേക്ക് ചേര്‍ന്നപ്പോ ആണ് ബാഹു എട്ടില് നിര്‍ത്തി സ്കൂളിനോട് സലാം പറഞ്ഞത്"
എന്നാലും എന്റെ ബാഹുവെ ... അറിയാതെ ഞാന്‍ മനസ്സില്‍ മുത്തപ്പനെ വിളിച്ചു പോയി.
എന്നിട്ട് ? നീ കാര്യം പറ കുട്ടാ? .. എന്റെ ക്ഷമ നശിച്ചു?
"
അന്ന്സ്കൂളില്‍ പോവാണ്ടേ കര്യാത്തന്‍ മലയില് ചീട്ടു കളിക്കുമ്പോ അച്ചന്‍ വാസു നായര് ഇവനെ കൈയോടെ പിടിച്ചു വീടെത്തും വരെ പൂശി."

ന്നിട്ട് ?.....!!!!!

മാമന്റെ മോള് എല്ലാം കാണെ ഓടിച്ചിട്ട്‌ തല്ലിയത് ആശാന് തീരെ സഹിച്ചില്ല ... അന്ന് നാടു വിട്ടു ...വെങ്ങേരിക്ക് !!
വെങ്ങേരിക്കോ ??? അതിവടെ അടുത്തല്ലേ ??$!!!&%
...(നാല് കിലോമീറ്റര്‍ മാത്രം)
"അതെ .. അവിടെ അവന്‍റെ ഒരു കുഞ്ഞമ്മ ഉണ്ട് .. അവിടുന്നാ ... വീട്ടിലേക്ക് കത്തയച്ചത് .
"എന്ത് കത്ത് ?"

കത്ത് ഞാന്‍ കണ്ടീല്ല .... പക്ഷേന്കില് ...എഴുതിയതിതാണ് ....


" അമ്മേ ... അച്ഛന്റെ എന്നോടുള്ള സമീപനം മാറാത്തിടത്തോളം കാലം ഞാന്‍ കേരളത്തിലേക്കില്ല . അമ്മ ഈ മകനോട്‌ പൊറുക്കുക..."

അത് ശരി വെറുതെ അല്ല സുകു ചൊറിഞ്ഞത് കേട്ടുബാഹൂനു മൂത്തത് . ഞാന്‍ മനസ്സില്‍ പറഞ്ഞു . കുട്ടന്‍ ആവേശത്തോടെ തുടരുകയാണ് .......
"വാസു നായര്‍ക്കു അവനെ പൂശിയതിനെക്കാള്‍ സങ്കടായത് പത്തു പതിനഞ്ചു കൊല്ലം ഇവനെ സ്കൂളില്‍ പഠിപ്പിച്ചിട്ടു എഴുതിയ കത്ത് കണ്ടിട്ടാണ്. "അതാണ് ഇടയ്ക്ക് രണ്ടെണ്ണം വിട്ടു വീട്ടില് കല്യാണിഅമ്മയോട് പറഞ്ഞത് " ആ നേരത്ത് നാല് വാഴ .....

കുട്ടന്‍ പറഞ്ഞു തീര്‍ക്കുന്നതിനു മുന്പേ ബാഹു കുനിഞ്ഞു സര്‍ബത്ത് കടക്കുള്ളിലെത്തി.
"എന്താ മോനേ കുട്ടാ മ്മളെ ജാതകം എഴുത്‌ാണോ ???"....ബാഹു
അയ്യോ ന്‍റെ.. ബാഹു വേട്ടോ.. ഞങ്ങള് കൊറച്ചു കുടുംബകാര്യം പറഞ്ഞതാ ....
ഒന്നമര്‍ത്തി മൂളി ബാഹു ........