Wednesday, August 20, 2008

വെളുത്തേടത്ത് ബാഹുലേയന്‍ ആരായിരുന്നു? -1

"വെളുത്തേടത്ത് ബാഹുലേയന്‍ ആരായിരുന്നു?" എന്ന ചോദ്യത്തിന് മാത്രമല്ല "ഇപ്പോള്‍ ആരാണ്?"എന്നതിനും "ഇനി ആരായിരിക്കും ?"എന്ന ആകുലതക്ക്യും പ്രസക്തി ഉണ്ട് കൂട്ടരേ...!!!! ഇതു നമ്മുടെ മൂട്ടോളിയിലെ "ഇമ്മടെ ബാഹൂന്റെ " മൂന്നു കാലഘട്ടത്തിലേക്കുള്ള ചോദ്യം കൂടെ ആണ്. അതില് ഇപ്പോള്‍ നടക്കുന്ന എപ്പിസോഡ് ആയ "ഇപ്പോള്‍ ആരാണില്‍" ഈയുള്ളവന് വലിയ റോള്‍ ഒന്നുമില്ല, ഒരു കാഴ്ചക്കാരന്‍ മാത്രം.!!? ടിയാന്റെ ഒന്നാം എപ്പിസോഡ് ആയ "ആരായിരുന്നു "വില്‍ ആണ് അടിയന്റെ സജീവ സാന്നിധ്യം ഉള്ളത്. അതായത് തൊണ്ണൂറുകളുടെ അവസാനകാലത്ത് എന്നൊക്കെ വേണമെന്കില്‍ ചരിത്ര ഭാഷയില്‍ പറയാം. അതായിരുന്നു ആശാന്റെ സംഭവ ബഹുലമായ സുവര്‍ണ കാലം. എന്തായാലും ടിയാന്റെ കറന്റ് എപ്പിസോഡിലെ "മൌനം വാചാല ഭാവം" കണ്ടു "കൊണ്ടു നടന്നതും നീ തന്നെ ചന്തൂ... ഇമ്മട്ടിലാക്കീതും നീ തന്നെ ചന്തൂ...." എന്നൊക്കെ ചില പരദൂഷണ ക്കാര് എന്നെ പറ്റി പറയുന്നതു ശുദ്ധ നുണ ആണെന്ന് ഞാന്‍ ആണ ഇടുകയാണ്.

ഞാന്‍ പറഞ്ഞല്ലോ തൊണ്ണൂറുകളുടെ അവസാനകാലം എന്ന്. അന്ന് ഈയുള്ളവന്‍ കോഴിക്കോട്ടെ ഒരു കണ്‍സ്ട്രക്ഷന്‍ കംബനീല് "എലി മൂത്ത് പെരുച്ചാഴി ആയി"എന്നൊക്ക പറയുന്ന പോലെ, മുതലാളി കഴിഞ്ഞാല് ബാക്കി മൊത്തം കൈകാര്യം ഒക്കെ ആയി വിലസി നില്ക്കുന്ന വേളയില്, തിന്ന ചോറ് എല്ലില്‍ കുത്തിയത് കൊണ്ടോ എന്തോ ? "ഇനി സ്വന്തായിട്ട്‌ ഒന്നു നോക്കികളയാം"എന്ന ഒരു ഉള്‍വിളി ഉണ്ടായി. അപ്പോഴാണ്‌ നമ്മടെ ഒരു വല്യച്ഛന്റെ മോന്‍ (മൂപ്പരാര മോന്‍ !!!?) സ്കൂടര്‍ മെക്കാനിസം, ഡീസല്‍ മെക്കാനിസം, വെല്‍ടിംഗ്, വയറിംഗ്, പ്ലംബിംഗ്, ...കളരി, മര്‍മ്മം, ഉഴിച്ചില്, തടവല്‍, തുടങ്ങി കവിത, നാടന്‍ പാട്ടു വരെ പല മേഖലകളിലും കൈ വെച്ചെങ്കിലും ഇതൊന്നും മുഴുവന്‍ പഠിക്കാത്തത് കൊണ്ടുണ്ടായ കഷ്ടനഷ്ടങ്ങള്‍ കാരണം ഗള്‍ഫില്‍ പോയി രക്ഷപ്പെടുകയും, പിന്നെ എനിക്ക് തോന്നിയത് പോലെ തിന്ന ചോറ് എല്ലികുത്തി ഹരിത കേരളം മാടി വിളിക്കുന്നു എന്ന ഒരു "ഉള്‍വിളി "ഉണ്ടായി നല്ല ജോലി പുല്ലു പോലെ വലിച്ചെറിഞ്ഞു പറന്നു വന്നത്. ഈ ഉള്‍വിളിയുടെ ഒരു കാര്യം!! ഞങ്ങള്ക്ക് രണ്ടാള്‍ക്കും അത് വന്നത് ഒരേ കാലത്തു ഒരുമിച്ചായിപോയി. അതായത് ഈ പറഞ്ഞ തൊണ്ണൂറുകളുടെ അവസാനകാലത്ത്.

ഒരു പെഗ് റമ്മിന്റെ ബലത്തില്‍ "വേദന തിന്നും സമൂഹത്തില്‍ നിന്നു ഞാന്‍ വേരോടെ മാന്തി പറച്ചതാണീ കഥ"എന്ന് പുള്ളി പാടിയ ആ ഞാറാഴ്ച വൈകുന്നേരം ഞങ്ങളുടെ ആശയങ്ങള്‍ കൂട്ടി മുട്ടി. ഒന്നിച്ചു നിന്നാല്‍ ഒരു പാടുണ്ട് നേടാന്‍ എന്ന് പരസ്പരം വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. ആശാനാനെന്കില്‍ ഗള്‍ഫ് വക ആകെ നീക്കിയിരുപ്പുള്ള കാശ് എങ്ങനെ ഒന്നു തീര്‍ക്കും എന്നറിയാതെ പലിശക്ക് കൊടുക്കണോ? വിളി ചിട്ടി നടത്തണോ? അതോ കടലില് കായം കലക്കണോ? എന്നൊക്കെ ആലോചിച്ചു ഉറുപ്പിക നാല്‍പതിനായിരം കൊടുത്ത് ഗള്‍ഫിന്റെ മേനി എങ്കിലും നിര്‍ത്താന്‍ വാങ്ങിയ മാരുതിയില്‍ തെക്കു വടക്കു പറക്കുകയാണ്. ("വെല നോക്കണ്ടാട്ടോ !!! അതൊരു അടിപൊളി സംഭവാണ്‌ കേട്ടോ !!, ഈ ഞാന്‍ പഠിച്ചു ഡ്രൈവിങ്ങ് !! പണിക്കാര് മുഴുവന്‍ പഠിച്ചു. എന്തിന് തമിഴന്‍ അര വട്ടു മുരുകന്‍ വരെ പഠിച്ചു. അല്ല പിന്നെ?!!! സിമന്റ്‌ കേറ്റി, പണിക്കാര്‍ക്ക് ചോറ് കൊണ്ടോയി ... പലക മോളില് വച്ചു കേറ്റി കൊണ്ടോയി ...വൈന്നേരം മൊബൈല്‍ ബാറാക്കി!! ന്താ മോശാ ?!!!)

അങ്ങനെ എന്റെ ബജാജ് ചെതക്കും പുള്ളിയുടെ കാറും ഒരുമിച്ചു നീങ്ങി. എനിക്ക് കൈമുതലായി ഉള്ളത് ഒരു ഇരുചക്രം, കൊച്ചു "ഇന്ജിനീര്‍"എന്ന 22 കാരറ്റ് വിശ്വാസ്യത. (18 ആണെന്കിലും പറയുമ്പോള്‍ ഇച്ചിരി മാറ്റ് വേണ്ടേ?) പിന്നെ പേരു കേട്ട കരാരുകാരനായിരുന്ന ഒരാളിന്റെ മകന്‍ എന്ന ഗുഡ് വില്‍. (അത് കൊണ്ടു കളയണ്ടാ എന്ന് വീട്ടു കാര് അന്നേ ഭീഷണി മുഴക്കി !!!) പിന്നെ എന്റെ ഒടുക്കത്തെ നാക്കും. എന്റെ കെയര്‍ ഓഫില്‍ രണ്ടും, പുള്ളിയുടെ പരിചയത്തില്‍ ഒന്നും പിന്നെ ചില്ലറ വര്‍ക്കുകളുമായി തേങ്ങ ഉടച്ചു സംഗതി ചാലു ആയി. എന്റെ പറമ്പിലെ എമണ്ടന്‍ മാവ് രണ്ടെണ്ണം വെട്ടി തട്ടടിക്കാന്‍, അങ്ങേരുടെ ഭാര്യവീട്ടിലെ ഇല്ലിമുള മുഴുവന്‍ വെട്ടി കുത്താക്കി ഞങ്ങള് ഒരുമിച്ചു തുഴഞ്ഞു ആ കപ്പല്‍. പിന്നെ ആ കപ്പലില്‍ വെള്ളം കയറിയതും, അത് മുങ്ങാന്‍ തുടങ്ങിയതും , അതിനിടെ ഈയുള്ളവന്‍ ചാടി നീന്തി വലിയ പരിക്കില്ലാതെ സൗദി തീത്തടിഞ്ഞതും ചരിത്രം. എന്റെ പാര്‍ട്ണര്‍ സഹോദരന്‍ പിന്നേം ഒരു കൊല്ലം കപ്പല് മുഴുവന്‍ മുങ്ങുന്നത് വരെ കാത്തു പെണ്ണും പിള്ളയുടെ കെട്ടുതാലി ഒഴികെ കാറടക്കം ജംഗമ വസ്തുക്കളൊക്കെ ദാനം ചെയ്ത ശേഷമാണ് ഗള്‍ഫിലേക്ക് രണ്ടാം പറക്കല്‍ നടത്തിയത്. സത്യം പറയാമല്ലോ!!! ഞങ്ങള്ക്ക് അതോര്‍ത്തു നഷ്ടബോധം അന്നും ഇന്നും ഇല്ല. ഓര്‍ക്കാന്‍ നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ആ കാലം ഇന്നും പരസ്പരം അയവിറക്കാറുണ്ട്. നമ്മുടെ ബാഹുലേയന്‍ ഇവിടെ കഥാ പാത്രമാകുന്നതും ആ ഓര്‍മകളുടെ ഭാഗമായാണ്.

സോമുവേട്ടന്റെ വീട് പണി നടക്കുന്ന സമയം. നമ്മുടെ എക്സ് ഗള്‍ഫ് പുതുതായി ഏര്‍പ്പെടുത്തിയ കാര്പെന്റെര്‍ മാര്‍ക്ക് എന്തോ സംശയം തീര്‍ത്ത്‌ കൊടുക്കുകയാണ് ഞാന്‍ ഒരു ഉച്ച നേരത്ത്. പെട്ടന്ന് പിന്നീന്ന് ഒരു ഞെട്ടിക്കല്.!!!

"എടാ കുടുക്ക് മിണുങ്ങി.. (വിഴുങ്ങി) ...ന്നെ.... ഓര്‍മ്മിണ്ടോ ?!!"

$%&!!!...?? ഇതാരാണപ്പാ !?... ഒന്നാമത് എന്നെ സൈറ്റ്ല് ആരും എടാ എന്നൊന്നും വിളിക്കാറില്ല. കമ്പനിയില് ആയിരുന്നപ്പോള്‍ സാറെന്നു ആയിരുന്നു വിളി.(ഈ സാര്‍ വിളിക്ക് സ്റ്റുപിഡ്...ഇടിയട്റ്റ്.... റാസ്കല്‍... എന്നൊരു അര്ത്ഥം കൂടി ഉണ്ടെന്നു കേട്ടിട്ടുണ്ട്. ) ഇവിടെ നാട്ടില് പണിക്കാര് "ഇങ്ങള് ...ഏട്ടാ" എന്നൊക്കെയാണ് വിളി. ഇതു പട്ടാപകല്?!!. എന്തായാലും പല്ലവിയിലെ രണ്ടാമത്തെ "സംഗതി" "കുടുക്ക് മിണുങ്ങി"എന്നെ നേരിട്ടു കക്കോടി ഗവണ്മെന്റ് എല്‍. പി സ്കൂള്‍ എന്ന ബോര്‍ഡ് സ്കൂള്‍ അങ്ങത്തട്ടിലെ മൂന്നാം ക്ലാസ്സിലേക്ക് കൂട്ടി കൊണ്ടു പോയി. അവിടെ ഷര്‍ട്ടിന്റെ കുടുക്ക് അഥവാ ബട്ടണ്‍ വച്ചു ഞാന്‍ നടത്തിയ ഒരു റോക്കറ്റ് ലോഞ്ഞിന്ഗ് പരീക്ഷണമാണ് എനിക്ക് മേല്‍ പറഞ്ഞ നാമധേയം സമ്മാനിച്ചത്‌. ടെക്നോളജി സിമ്പിള്‍, മൂത്രം ബെല്‍ അല്ലെങ്കില്‍ ഇന്റര്‍വെല്‍ എന്നും പറയാവുന്ന ഇടവേളയില്‍ അടിയന്‍ ഷര്‍ട്ടിന്റെ അഴിഞ്ഞു പോയ ഒരു കുടുക്ക് എടുക്കുന്നു അത് മൂക്കിന്റെ ഒരു ദ്വാരത്തില്‍ നിക്ഷേപിക്കുന്നു, പിന്നെ മൂക്കിന്റെ മറ്റേ ദ്വാരം അടച്ചു പിടിച്ചു ശ്വാസം ഉള്ളിലെക്കെടുത്തു ശക്തിയായി ചീറ്റി തെറിപ്പിക്കുന്നു. പല തവണ വിജയകരമായി വിക്ഷേപിക്കപ്പെട്ട ശേഷം വന്‍ കൈയ്യടിയുടെ പിന്‍ബലത്തില്‍ ദൂരപരിധി അല്പം കൂടി ഇമ്പ്രൂവ് ചെയ്യാന്‍ വേണ്ടി ഒരു ഹെവി ശ്വാസം എടുത്തു ചെസ്റ്റ് ഒന്നൂടി വീര്‍പ്പിച്ചു, ഒരായിരം കണ്ണുകള്‍ ലോഞ്ഞിന്ഗ് ഏറിയ യില്‍ നട്ടിരിക്കെ കൌണ്ട് ഡൌണ്‍.. ത്രീ...ടു....വണ്‍....!!%$**

ഒന്നു ചീറ്റി ...രണ്ടു ചീറ്റി... സംഗതി ചീറ്റി... ഒന്നും സംഭവിച്ചില്ല...ആ ഒടുക്കലത്തെ എയര്‍ പിടിക്കലില് കുടുക്ക് നേരെ ഉള്ലോട്ടു പോയി. ഞെട്ടിയ ഞാന്‍ ഉടനടി പതിവു ഹാര്‍മോണിയം പെട്ടി തുറന്നു. രാരിച്ചക്കുട്ടി മാഷും ശാന്ത ടീച്ചറും ഹാജരായി, ഉസ്മാന്റെ കാറ് വന്നു. പഞ്ചായത്ത് ആസ്പത്രി .., അവിടുന്ന് കുടുക്ക് സുരക്ഷിതമായി വയട്ടിലോട്ടു പോയി എന്ന് തീരുമാനിക്കപ്പെട്ടു അമ്മ പരിവാര സമതം വീട്ടിലേക്ക്. ആ പോക്കില്‍ അമ്മ വക പെട രണ്ട്. പക്ഷെ നാരങ്ങയും മിട്ടിയി യും വാങ്ങി തന്നു. പിറ്റേന്ന് രാവിലെ പുറം പറമ്പില്‍ വെളിക്കിരുത്തി ആ നീല കുടുക്ക് സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ്‌ ചെയ്തെന്നു അമ്മ കണ്ടു ബോതിച്ചു. സാക്ഷ്യപ്പെടുത്തി. പക്ഷെ അതോടെ മൂന്നാം തരത്തിലെ ക്ലാസ്സ് ലീഡര്‍ "കുടുക്ക് മിണുങ്ങി അക്കേട്ടന്‍"എന്നും അറിയപ്പെട്ടു തുടങ്ങി. അപ്പോള്‍ പറഞ്ഞു വന്നത് എന്താച്ചാല്, ഈ വിളിച്ചവന്‍ എന്തായാലും എന്റെ ഒരു ബാല്യ കാല സഖാവാണ്. ഞാന്‍ ഉറപ്പിച്ചു.

"ഞാന്‍ ബാഹു ആണെടാ വെളുത്തെടത്തെ ..!!"

തിളങ്ങുന്ന വയലെട്ട് നിറത്തില് മഞ്ഞ പുള്ളിയുള്ള കൈലി ഉടുത്തു അതിലും തിളങ്ങുന്ന ചോപ്പു ഷര്‍ട്ട്‌ കാരനെ ഞാന്‍ സൂക്ഷിച്ചു നോക്കി. കാരണമുണ്ട്, മൂന്നാം ക്ലാസ്സിലെ ടിയാന്റെ രണ്ടാം വര്ഷം തൊട്ടു എന്റെകൂടെയും പിന്നെ നാലിലോട്ടു പ്രമോഷന്‍ ആയി വന്നു, പിന്നീട് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ ചേരാന്‍ ടൌണില്‍ ഏട്ടന്റെ സ്കൂളിലേക്ക് പോയപ്പോള്‍ ഉപരി പടനാര്‍ത്ഥം നാലില്‍ തന്നെ തുടര്‍ന്ന ഒരു ബാഹുലേയന്‍, സണ്‍ ഓഫ് വാസു നായര്‍, കര്ര്യാതന്‍ മല, മൂട്ടോളി എന്ന കഥാ പാത്രത്തിന്റെ കാത് കുത്തിയിരുന്നു, എന്ന് മാത്രമല്ല ചുവന്ന കല്ലുള്ള കടുക്കനും ഇട്ടിരുന്നു. ഇയര്‍ റിങ്ങ് എന്ന് ആന്കലെയം . എന്റെ ഓര്‍മ്മയും അറിവും ശരിയാനെന്കില്‍ രണ്ടാം ക്ലാസ്സിലെ പാച്ചുകുട്ടി മാഷ്‌ ഒഴിച്ച് ഒരു പുരുഷ പ്രജയും കാതില്‍ കടുക്കനിട്ട് ആ കാലഘട്ടത്തിലോ അതിന് ശേഷമോ ബോര്‍ഡ് സ്കൂളില്‍ എന്നല്ല കോഴിക്കോടെ ജില്ലയില്‍ പഠിച്ചിട്ടില്ല. ബൈ ദ ബൈ ... കാതിലെ കടുക്കന്‍ കാല പ്രവാഹത്തില്‍ ഊരിമാറ്റി എങ്കിലും കുത്തിയ തുള തെളിഞ്ഞു കാണുന്നുണ്ട്. ഇതു നമ്മടെ ബാഹു തന്നെ... ഞാന്‍ ഉറപ്പിച്ചു.

"ഇന്റെ ബാഹൂ യി ഇപ്പൊ എബട്യാണ് ?"

"മ്മള് ബെട്യൊക്കെ ഇണ്ട് .. ങ്ങള് കാണാത്ത താണ് "

ശരിയാണ് ബോര്‍ഡ് സ്കൂള്‍ വിട്ടത് പിന്നെ അടിയന്‍ പഠിച്ചത് ടൌണില്‍, ജോലികള് എടുത്തത് ഈ ഉള്‍വിളി ഉണ്ടാവുന്നത് വരെ ടൌണില്‍. രാവിലെ എട്ടിന് മുമ്പ്‌ ചെതക്കും പറപ്പിച്ചു പോണു, വൈകിട്ട് ഏഴിന് മുമ്പു കൂടണയുന്നു. ശനിയാഴ്ചകളിലും, ശമ്പളം കിട്ടുന്ന ദിവസവും, പിന്നെ കോണ്‍ക്രീറ്റ്, ഹാന്‍ഡ് ഓവര്‍, കമ്പനി പാര്‍ടികള്‍ തുടങ്ങിയ കലാ പരിപാടി കം "സുര സേവ"കളില്‍ അത് ഒന്‍പതും പത്തും ആവുന്നു. വീട്ടിലെ മൂത്ത പുലി വക ആ ദിവസങ്ങളില്‍ ആവശ്യത്തിന് തെറി കേട്ടു കിടന്നുറങ്ങും. പിന്നെ പോത്ത് പോലെ വളര്ന്നു എന്ന കാരണത്താല്‍ ദേഹോപദ്രവം ഉണ്ടാവാറില്ല. മാത്രമല്ല പലപ്പോഴും ഞാന്‍ എന്ന ഇളയ പുലി ഫസ്റ്റ് റണ്ണര്‍ അപ് ആവുകയാണ് പതിവു. (വൈകി കൂടണയുക എന്ന സ്പോര്‍ട്സ് ഇനത്തില്‍. ) കാരണം കൂട്ടത്തില്‍ പുപ്പുലി ആയ രണ്ടാം പുലി ചിലപ്പോള്‍ പാതിരാവിലെ ഏഴാമത്തെ കാറ്റു വീശുന്നത് വരെ എല്ലാം കാത്തിരുന്നു കളയും കൂടണയാന്‍. അത് പിന്നെ മൂത്ത പുലിയും പുപ്പുലിയും തമ്മിലുള്ള തച്ചോളി അങ്കതിലേക്കും മാമാങ്ക വേലയും ഒക്കെ ആയി മാറും. സംഗതി മൂത്ത് വരുമ്പോള്‍ നമ്മള് ഉറക്കത്തില്‍ നിന്നു ചാടി എണീറ്റ്‌ യു എന്‍ സെക്രട്ടറി ആയി മാറി ഇന്ത്യയ്ക്കും പാക്കിനും ഇടയില്‍ ചാടി വീഴും. ഒടുവില്‍ അന്നത്തെ കലാപരിപാടി അവസാനിപ്പിച്ചു എല്ലാരും കെടക്കാന്‍ പോവും. അപ്പം ഞാനാരായി? വെടിക്കെട്ടിന് തീ കൊളിത്തി നമ്മള്‍ നേരം വൈകി വന്ന കുറ്റം മൊത്തം നിയമസഭയില്‍ മിനുട്സില്‍ നിന്നും പാടെ നീങ്ങും. അത് കൊണ്ടു തന്നെ തമ്മില്‍ ഭേതം തൊമ്മന്‍ അനിയന്‍ എന്ന ഒരു പരിഗണന മൂത്ത പുലി അന്ന് തന്നിരുന്നു. മാത്രമല്ല പുപ്പുലിയെ പോലെ നാട്ടില്‍ കവല നിരങ്ങുന്നു എന്ന ചീത്ത പേരു അടിയന്‍ കേള്‍പിച്ചില്ല. പ്രാദേശിക വാര്‍ത്തകളില്‍ നമ്മളില്ല !! നിറഞ്ഞു നില്ക്കുന്നത് പുപ്പുലി മാത്രം. "മ്മടെ സെറ്റ് അപ് ടൌണില്‍ അല്ലെ ?"

ഈ മൂത്ത പുലിയുടെ സെറ്റ് അപ് കമ്പ്ലീറ്റ്‌ സ്ട്രൈറ്റ്‌ ആണ്. ഒരു നേരെ വാ നേരെ പോ ലൈന്‍. കുടി, വലി, മുറുക്ക്, ചീട്ടു, ... ആനമയിലൊട്ടകം ...ഹേ ....ഹേ ... ഏഴയലത്തു പോവില്ല. സര്‍ക്കാര്‍ ഗുമസ്തനായി ചക്ക്രം വാങ്ങുന്നവന്‍ എങ്കിലും പഴയ അധാപകന്‍. (സമാന്തര വിദ്യാലയം നടത്തിയിരുന്നു. )അതുകൊണ്ടെന്താ !!! മൂട്ടോളിയിലെയും പരിസര പ്രദേശങ്ങളിലെയും ഏത് എമണ്ടന്‍ പോക്കിരി കണ്ടാലും മുണ്ട് താഴ്ത്തിയിട്ടു നോര്‍മലാകും. പഴയ ഗുരു ആയിരിക്കും മിക്കവാറും. ഇപ്പോഴും മാഷാണ് കേട്ടോ ?!! ( പ്രൈവറ്റ് ട്യൂഷന്‍....ഇച്ചിരി പോക്കറ്റ് മണി... ). അടുത്തത് രണ്ടാം പുലി... പുപ്പുലി.. മ്മടെ നീലാണ്ടന്‍!!!!( കൈയിലിരുപ്പ് കൊണ്ടു മംഗലശ്ശേരി നീലാണ്ടന്‍ എന്നൊരു ഓമനപ്പേര് പുള്ളി വീട്ടില്‍ സ്വന്തമാക്കിയിട്ടുണ്ട് ). അയ്യോ ... അതൊരു സംഭവമല്ലേ !!!? പ്രതിഭാസം എന്നൊക്കെ പറയാമെന്നല്ലാതെ അക്കാലത്തെ പ്രകടനങ്ങള്‍ക്ക് പറ്റിയ ഒരു നിര്‍വചനം നമ്മുടെ കൈയിലില്ല. പിന്നെ ഈയുള്ളവന്‍ എന്ന ചിന്ന പുലി. പൂച്ച മൂത്ത് പുലിയായതെന്നും മറ്റും ശത്രുക്കള് പറയുന്നതു നിങ്ങളൊന്നും വിശ്വസിക്കരുത്. ഇച്ചിരി വലത്തോട്ട്, പിന്നെ ലേശം ഇടത്തോട്ടു, കൊറച്ചൊക്കെ നേരെ. ഓ അങ്ങനെയൊക്കെ അങ്ങ് പോയി. പിന്നെ ഒരു പെണ്‍ പുലി ഉണ്ട് കേട്ടോ!!! പുലി എന്ന് വിളിച്ചു കൂടെന്കിലും പൂച്ച എന്നൊക്കെ ധൈര്യമായിട്ട് വിളിക്കാം. അങ്ങനെ ഞങ്ങള് നാല് പുലികളാണ്. പിന്നെ ഒരു അളിയന്‍ പുലി !!!%&$$ ഇക്കണ്ടതും കേട്ടതും ഒന്നും പുലിയെ അല്ല. അത് ഒരു ഒന്നൊന്നര പുലിയാണ്... വെല്ല്യ...പുള്ളി പുലി.

അപ്പൊ പറഞ്ഞു വന്നത്എന്താച്ച ...അടിയാണ് അത് കൊണ്ടൊക്കെ തന്നെ മൂട്ടോളി യിലെ പ്രാദേശിക വാര്‍ത്തകളെയും സമകാലീന പുലികളെയും പറ്റി ഒരു ലൈവ് അപ് ഡേറ്റ് അന്ന് ഇല്ലായിരുന്നു.

അപ്പോള്‍ ഇവിടെ മുരളി മെസ്ത്രിയുടെ അസിസ്റ്റന്റ് പോസ്റ്റില്‍ കാര്പെന്റെര്‍ ആണ് ബാഹു എന്ന് മനസ്സിലായി.

"ലേശം രണ്ട് ഇന്ജ് ആണി വേണം"

മുരളി മേസ്ത്രി അത് പറഞ്ഞപ്പോളാണ് ദീര്‍ഘകാല ഇടവേളയ്ക്കു ശേഷമുള്ള കൂടി കാഴ്ചാ സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടത്.

(തുടരണം എന്നാണ് മോഹം)